Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരദമുനി ഗൂഗിളിനെ പോലെ: ബിപ്ലവിനു പിന്നാലെ ‘പുരാണം പറഞ്ഞ്’ ഗുജറാത്ത് മുഖ്യമന്ത്രി

vijay-rupani വിജയ് രൂപാണി

ന്യൂഡൽഹി∙ പുരാണങ്ങളിൽ ദൈവങ്ങളുടെ സന്ദേശവാഹകനായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നാരദമുനി പുതിയകാല സേർച്ച് എൻജിനായ ഗൂഗിളിനു സമാനമായിരുന്നെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലോകത്തിലെ എല്ലാറ്റിനെയും കുറിച്ചുള്ള വിവരം നാരദമുനിക്ക് അറിയാമായിരുന്നു. മനുഷ്യനന്മയ്ക്കായി ഈ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം. നാരദമുനിയെപ്പോലെ ലോകത്തുനടക്കുന്ന എല്ലാ വിവരങ്ങളും ഇന്ന് അറിയാവുന്നത് ഗൂഗിളിനാണ് – വിജയ് രൂപാണി പറഞ്ഞു. ആർഎസ്എസ് അനുഭാവ സംഘടനയായ വിശ്വസംവാദ് കേന്ദ്ര സംഘടിപ്പിച്ച ‘ദേവർഷി നാരദ് ജയന്തി’യിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം.

ബിപ്ലബിനു പിന്നാലെ റൂപാണിയും

തുടർച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു വിളിപ്പിച്ചതിനു പിന്നാലെയാണു രൂപാണിയുടെ പ്രസ്താവനയുമെന്നതാണു ശ്രദ്ധേയം. സിവിൽ സർവീസിൽ സിവിൽ എൻജിനീയർമാരെയാണു വേണ്ടതെന്നും മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തിടെ ബിപ്ലവ് അഭിപ്രായപ്പെട്ടിരുന്നു.

ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നൽകിയതിനെ വിമർശിച്ച ബിപ്ലവ് പിന്നീടു ക്ഷമ ചോദിക്കുകയും ചെയ്തു. അതിനുപിന്നാലെ യുവാക്കൾ വൈറ്റ് കോളർ ജോലി അന്വേഷിക്കാതെ പശുവിനെ വാങ്ങി പാൽ വിൽക്കണമെന്ന പ്രസ്താവനയുമായി ബിപ്ലവ് വീണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു. കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രസ്താവനകൾ പാർട്ടിക്കു ദോഷകരമാകും എന്ന ചില പാര്‍ട്ടി  നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്നാണു ബിപ്ലവിനെ മോദി ഡൽഹിക്കു വിളിപ്പിച്ചതെന്നാണു സൂചന. ബുധനാഴ്ച എത്തണമെന്നാണു നിർദേശം.