Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: പൊലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി, വിശദവാദം ജൂലൈ 10ന്

Shuhaib ഷുഹൈബ്

കണ്ണൂർ∙ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനെതിരെയുള്ള ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ചിന്റെ സ്റ്റേ നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ പൊലീസിന് അന്വേഷണം തുടരാം. കുറ്റപത്രം സമർപ്പിക്കുന്നതിനോ അന്തിമ റിപ്പോർട്ട് നൽകുന്നതിനോ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. മലബാർ പ്രവിശ്യയില്‍ നടക്കുന്ന ക്രിമിനിൽ കേസുകളിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ പരിഗണിക്കാനാകില്ലെന്ന മലബാർ പ്രസിഡന്‍സി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷുഹൈബിന്റെ പിതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ വാദം കേൾക്കാമെന്നു വ്യക്തമാക്കിയ കോടതി, കേസ് ജൂലൈ പത്തിലേക്കു മാറ്റി.

അതേസമയം പിതാവിന്റെ ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി പറഞ്ഞു. ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ കണ്ടതിനു ശേഷമായിരുന്നു പരാമർശം. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹർജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി. ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഎം പ്രവർത്തകരിൽ രണ്ടു പേർ ജാമ്യം നേടി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നു മട്ടന്നൂർ പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം.

related stories