Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം തട്ടകത്തിൽ ‘സമനില’ വിടാതെ റയൽ; ബയണിനെ വീഴ്ത്തി ഫൈനലിൽ

Real-Madrid-vs-Bayern-Munich റയൽ മഡ്രിഡും ബയൺ മ്യൂണിക്കും തമ്മിലുള്ള മൽസരത്തിൽനിന്ന്

മഡ്രിഡ്∙ ആരാധകരെ മുൾമുനയിൽ നിർത്തിയ മൽസരത്തിനൊടുവിൽ ജർമൻ‌ ചാംപ്യൻമാരായ ബയൺ‌ മ്യൂണിക്കിനെ പിന്തള്ളി റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യുവിൽ നടന്ന രണ്ടാം പാദം സമനിലയിൽ അവസാനിച്ചതോടെയാണ് റയലിന്റെ മുന്നേറ്റം. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. റയലിനായി കരിം ബെൻസേമ (11, 46) ഇരട്ടഗോൾ നേടി. ജോഷ്വ കിമ്മിച്ച് (3), ഹാമിഷ് റോഡ്രിഗസ് (62) എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകൾ.

ഇതോടെ, ബയണിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ നേടിയ വിജയം റയലിന്റെ മുന്നേറ്റത്തിൽ നിർണായകമായി. ആദ്യപാദത്തിൽ 2–1ന്റെ ലീഡ് നേടിയ റയൽ, ഇരുപാദങ്ങളിലുമായി 4–3ന് വിജയിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ലിവർപൂൾ–എ.എസ്. റോമ മൽസര വിജയികളുമായിട്ടാകും റയലിന്റെ കലാശപ്പോരാട്ടം. ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടി ചരിത്രം കുറിക്കാനാണ് റയലിന്റെ ശ്രമം.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിലൂടെ ബയൺ ലീഡ് നേടിയിരുന്നു. എന്നാൽ 11–ാം മിനിറ്റിൽ കരിം ബെൻസേമ റയലിനുവേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 46–ാം മിനിറ്റിൽ ബെൻസേമയുടെ രണ്ടാം ഗോളിലൂടെ റയൽ മുന്നിലെത്തി. ബെൻസേമയു‍ടെ 55–ാം ചാംപ്യൻസ് ലീഗ് ഗോളായിരുന്നു അത്.

ലീഡു നേടിയതോടെ പ്രതിരോധത്തിലേക്കു മാറിയ റയലിനെ ഞെട്ടിച്ച് വായ്പ അടിസ്ഥാനത്തിൽ ബയണിലെത്തിയ ഹാമിഷ് റോഡ്രിഗസ് 62–ാം മിനിറ്റിൽ സമനില ഗോൾ നേടി. അവസാന മിനിറ്റുകളിൽ മൂന്നാം ഗോളിനായി ബയൺ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും റയൽ ചെറുത്തുനിന്നു. ഇതോടെ സ്കോർ 2 – 2 എന്ന നിലയിൽ കളി അവസാനിച്ചു. ഇരുപാദങ്ങളിലുമായി 4–3ന് മുന്നിലെത്തിയ റയൽ ഫൈനലിലും പ്രവേശിച്ചു.

related stories