Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക ജോലിയിൽനിന്ന് സ്പീക്കർ സ്വയം വിരമിക്കുന്നു; സർക്കാർ തടസ്സം നീക്കി

P. Sreeramakrishnan

തിരുവനന്തപുരം∙ അധ്യാപക ജോലിയിൽനിന്നു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) അനുസരിച്ചു വിരമിക്കുന്നതിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുന്നിലുണ്ടായിരുന്ന തടസ്സം മന്ത്രിസഭ നീക്കി. ഇതോടെ മേലാറ്റൂർ ആർഎം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ അദ്ദേഹത്തിന് ഇനി സ്വയം വിരമിക്കാം.

സ്വയംവിരമിക്കലിന് 20 വർഷത്തെ സർവീസ് വേണമെങ്കിലും 2011 മേയിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ ശ്രീരാമകൃഷ്ണന്റെ സർവീസ് 19 വർഷവും 11 മാസവുമായിരുന്നു. ഈ സാഹചര്യത്തിലാണു വ്യവസ്ഥകളിൽ ഇളവു വരുത്തി സ്വയംവിരമിക്കലിന്റെ തടസ്സം നീക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതോടെ, സ്വയം വിരമിക്കൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ സ്പീക്കർക്ക് അർഹതയുണ്ടാകും.

ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ശമ്പളമില്ലാത്ത അവധിയിലാണു ശ്രീരാമകൃഷ്ണൻ. 1991 ജൂണിലാണ് ഇദ്ദേഹം മേലാറ്റൂർ ആർഎം ഹൈസ്കൂളിൽ അദ്ധ്യാപകനായത്. എംഎൽഎ എന്ന നിലയിൽ ഒരു മാസത്തെ ശമ്പളം ഒഴിവാക്കി അതു സർവീസ് കാലയളവായി കണക്കാക്കി 20 വർഷം തികയ്ക്കുന്നതിനെ കുറിച്ച് ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. അങ്ങനെ തീരുമാനിച്ചാലും മന്ത്രിസഭാ യോഗം അംഗീകരിക്കാതെ സാങ്കേതിക തടസ്സം നീങ്ങില്ലെന്ന നിയമോപദേശമാണ് അന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വർഷങ്ങൾക്കു ശേഷം അദ്ദേഹം സർക്കാരിന് അപേക്ഷ നൽകിയത്.