Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി സങ്കേതത്തിൽ ആശയക്കുഴപ്പം; വീണ്ടും മന്ത്രിസഭയ്ക്കു വിട്ടേക്കും

Neelakurinji

തിരുവനന്തപുരം∙ മൂന്നാർ നീലക്കുറിഞ്ഞി സങ്കേതത്തിലെ പട്ടയ പ്രശ്നം പരിഹരിക്കാനും വിസ്തൃതി 3200 ഹെക്ടറായി നിലനിർത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീർന്നിട്ടില്ല, ഉത്തരവുമിറങ്ങിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാനാണു സാധ്യത. സെറ്റിൽമെന്റ്് ഓഫിസറായി നിയമിക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കുന്നതിനു നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം വന്ന ശേഷം റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ട്് സർക്കാർ തിരികെ നൽകി. ഇതു സംബന്ധിച്ചു നിവേദിത പി.ഹരൻ നേരത്തേ ഇറക്കിയ ഉത്തരവിലെയും ഇപ്പോൾ ഇറക്കാൻ പോകുന്ന ഉത്തരവിലെയും വ്യവസ്ഥകൾ തമ്മിൽ കാര്യമായ വൈരുധ്യവും ആശയക്കുഴപ്പവുമുണ്ട്. ഈ സാഹചര്യത്തിൽ കൃത്യമായി വിവരം ശേഖരിച്ചു റിപ്പോർട്ട് നൽകണമെന്നു റവന്യു മന്ത്രി നിർദേശിച്ചു.

കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. സങ്കേതത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐഎഎസ് ഉദ്യോഗസ്ഥനെ സെറ്റിൽമെന്റ് ഓഫിസറായി നിയമിക്കാനും തീരുമാനിച്ചിരുന്നു. അവിടെ പട്ടയ ഭൂമി ഒഴിവാക്കുമ്പോൾ സങ്കേതത്തിലേക്കു കൂട്ടിച്ചേർക്കാൻ റവന്യൂ ഭൂമി ലഭ്യമല്ല. വിസ്തൃതി 3200 ഹെക്ടറായി നിലനിർത്തണമെങ്കിൽ വനഭൂമി കൂട്ടിച്ചേർക്കേണ്ടി വരും. എന്നാൽ, വനഭൂമി കൂട്ടിച്ചേർത്തു വിസ്തൃതി പുനർനിർണയിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും കേന്ദ്ര സർക്കാരിനു മാത്രമേ അധികാരമുള്ളുവെന്നുമാണു വാദം.

ഇതിന്റെ നിയമസാധുത സർക്കാർ പരിശോധിക്കുന്നുണ്ട്. സെറ്റിൽമെന്റ് ഓഫിസറായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതും സർക്കാർ ചർച്ച ചെയ്യും. നീലക്കുറിഞ്ഞി മേഖലയിൽ അക്കേഷ്യ, യൂക്കാലിപ്സ്, ഗ്രാൻഡിസ് എന്നിവ നട്ടുവളർത്തുന്നതു നിരോധിക്കാൻ കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയാസ് നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. റവന്യൂ ഭൂമിയിൽ വനം വകുപ്പു നേരിട്ടു മരം നട്ടുപിടിപ്പിക്കുന്നതിനു കമ്പനികൾക്കും ഏജൻസികൾക്കും പാട്ടം നൽകുന്ന രീതിയും അവസാനിപ്പിക്കും.