Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ ട്രംപിനെ ‘മലർത്തിയടിച്ച്’ മോദി; ഇരട്ടിയിലധികം ആരാധകർ

Donald Trump, Narendra Modi, Melania Trump യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. (ഫയൽ ചിത്രം)

ജനീവ ∙ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ‍ഡോണൾ‍ഡ് ട്രംപിനെ ഫെയ്സ്ബുക്കിൽ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്സ്ബുക്കിൽ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നു ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 43.2 ദശലക്ഷം പേരാണു ഫെയ്സ്ബുക്കിൽ‌ മോദിയെ പിന്തുടരുന്നത്. എന്നാൽ ട്രംപിനെ പിന്തുടരുന്നവർ 23.1 ദശലക്ഷം പേര്‍ മാത്രമാണെന്നു ബർസൺ–മാർട്സ്റ്റെല്ലാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ട്വിറ്ററിനേക്കാളും ഏഷ്യക്കാർ കൂടുതൽ ഉപയോഗിക്കുന്നതു ഫെയ്സ്ബുക്കാണ്. അതുകൊണ്ടുതന്നെ ഏഷ്യൻ നേതാക്കള്‍ക്കു കൂടുതൽ പിന്തുണ ലഭിക്കുന്നതു സ്വാഭാവികമാണെന്നു റിപ്പോർട്ട് പറയുന്നു. 2017 ജനുവരി ഒന്നു മുതൽ വിവിധ സർക്കാരുകളുടെ തലപ്പത്തുള്ളവരുടെയും വിദേശകാര്യ മന്ത്രിമാരുടേതുമായി വ്യക്തിപരവും ഔദ്യോഗികവുമായി 650 പേജുകള്‍ ഫെയ്സ്ബുക്കിലുണ്ട്. ഇടപെടലിന്റെ കാര്യത്തിൽ മോദിയെക്കാള്‍ മുൻപിലാണു‌ ട്രംപ്. 204.9 മില്യൻ കമന്റ്, ലൈക്ക്, ഷെയർ എന്നിങ്ങനെയാണ് ട്രംപിന് ഫെയ്സ്ബുക്കിൽ ലഭിക്കുന്നത്; മോദിക്ക് 113.6 മില്യൻ.

മോദിയേക്കാൾ ഫെയ്സ്ബുക്കിൽ ദിവസേന പോസ്റ്റുകൾ ഇടുന്നതും ട്രംപാണ്. ഒരു ദിവസം ശരാശരി അഞ്ച് പോസ്റ്റുകളെങ്കിലും ട്രംപ് ഇടുന്നുണ്ടത്രേ. മോദിയുടെ പോസ്റ്റുകള്‍ ഇതിലും കുറവാണ്. 16 ദശലക്ഷം ആരാധകരുള്ള ജോർദാനിലെ ക്വീൻ റാണിയ ആണ് നേതാക്കളിൽ മൂന്നാമത്.

ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതല്‍ പേർ ഇഷ്ടപ്പെടുന്ന നേതാവ് ന്യുസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ്. ഇവർ സ്ഥിരമായി ഫെയ്സ്ബുക്കിൽ ലൈവ് വരാറുമുണ്ട്. വീട്ടിൽനിന്നും കാറിൽനിന്നും ന്യുസീലൻഡ് പ്രധാനമന്ത്രിയുടെ ലൈവ് വിഡിയോ വരും. ആരാധകരിൽനിന്ന് ഇവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ 14 ശതമാനവും 'ലവ് ഹാർട്ട്' ആണ്. 9.6 ദശലക്ഷം പേരുടെ പിന്തുണയുമായി കംബോഡിയ പ്രധാനമന്ത്രി ഹുൻ സെന്നാണു പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.

related stories