Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാക്കർമാർ ഇപിഎഫ് വെബ്സൈറ്റിലും; പിഎഫ് അംഗങ്ങളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

epf-representational-image Representational image

ന്യൂ‍ഡൽഹി∙ പ്രൊവിഡന്റ് ഫണ്ട് അംഗങ്ങളുടെ സ്വകാര്യ, പ്രഫഷനൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ചോർച്ച വ്യക്തമാക്കി എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനെഴുതിയ കത്തിൽ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആധാറുമായി ബന്ധിപ്പിക്കുന്ന ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽനിന്നാണു ഹാക്കർമാർ ഇവ ചോർത്തിയതെന്നാണു വാദം.

അതിനിടെ, aadhaar.epfoservices.com എന്ന ഈ വെബ്സൈറ്റ് ഇപ്പോൾ താൽക്കാലികമായി അടച്ചുപൂട്ടി. ഈ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും ആക്രമിക്കപ്പെടാനുള്ള സ്ഥിതിവിശേഷങ്ങളും മന്ത്രാലയത്തിന്റെ സാങ്കേതികവിഭാഗം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, ‘രഹസ്യം’ എന്ന കുറിപ്പോടെയാണ് കമ്മിഷണർ ഈ കത്ത് എഴുതിയിരിക്കുന്നത്. രഹസ്യാന്വേഷണ ബ്യൂറോയാണ് ചോർച്ചയെക്കുറിച്ചുള്ള വിവരം നൽകിയതെന്നും കത്തിലുണ്ട്.

എന്നാൽ, വിവരങ്ങൾ ചോർന്നെന്ന വാർത്ത ഇപിഎഫ്ഒ നിഷേധിച്ചു. പരിശോധനകൾക്കായാണു വെബ്സൈറ്റ് നിർത്തിവച്ചിരിക്കുന്നതെന്നാണു വാർത്താക്കുറിപ്പിലൂടെ ഇപിഎഫ്ഒ നൽകുന്ന വിശദീകരണം.

VP Joy Letter | EPFO സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ എഴുതിയ കത്തിന്റെ പകർപ്പ് (ദേശീയമാധ്യമം പുറത്തുവിട്ടത്).

ഇപിഎഫ്ഒയിൽ 2.7 കോടി അംഗങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എത്രപേരുടെ വിവരങ്ങൾ പുറത്തുപോയിട്ടുണ്ടെന്നും ചോർച്ചയുടെ വ്യാപ്തി എത്രമാത്രമാണെന്നും വ്യക്തമായിട്ടില്ല. അംഗങ്ങളുടെ ജോലിയുടെ വിവരങ്ങൾ കൂടാതെ, പേരും വിലാസവും ഉൾപ്പെടെയുള്ളവയും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു.

ശമ്പളത്തിൽനിന്ന് 12% ആണ് ഒരാൾ പിഎഫ് നൽകുന്നത്, അതിനാൽ ശമ്പള വിവരങ്ങൾ അടക്കമുള്ളവയും ചോർന്നിട്ടുണ്ടാകാമെന്നു സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. മാത്രമല്ല, പിഎഫിലെ പണമെടുക്കാൻ ബാങ്ക് അക്കൗണ്ട് നമ്പരുകളും നൽകാറുണ്ട്. ഇതും ചോർന്നിട്ടുണ്ടെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സർക്കാർ വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നതു വലിയ പ്രശ്നമാണെന്നാണ് ഇവർ പറയുന്നു.

10 മാസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 114 സർക്കാർ വെബ്സൈറ്റുകൾ

2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെ 114 സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം മാർച്ചിൽ ലോക്സഭയെ അറിയിച്ചിരുന്നു. പ്രതിരോധം, ആഭ്യന്തരം, നിയമം തുടങ്ങി മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടന്ന വാർത്തയ്ക്കു പിന്നാലെ അവയെല്ലാം ഹാർ‍ഡ്‌വെയർ പ്രശ്നങ്ങളാണെന്നു സർക്കാർ വിശദീകരിച്ചിരുന്നു.