Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് വംശജനായ സാജിദ് ജാവിദ് ബ്രിട്ടന്റെ പുതിയ ഹോം സെക്രട്ടറി

Sajid-Javid സാജിദ് ജാവിദ്

ലണ്ടൻ∙ ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി (ആഭ്യന്തരമന്ത്രി) പാക് വംശജനും കൺസർവേറ്റീവ് പാർട്ടിയിലെ യുവ നേതാവുമായ സാജിദ് ജാവിദ് നിയമിതനായി. ആഭ്യന്തര സുരക്ഷയും ക്രമസമാധാനവും എമിഗ്രേഷനും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഭരിക്കുന്ന ഹോം സെക്രട്ടറിയുടെ പദവിയിൽ എത്തുന്ന ആദ്യത്തെ വിദേശ വംശജനാണ് ന്യൂനപക്ഷ സമൂദാംയാംഗം കൂടിയായ സാജിദ് ജാവിദ്. പാർലമെന്റിനെ തെറ്റിധരിപ്പിച്ചെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് മുൻ ഹോം സെക്രട്ടറി അംബർ റൂഡ് രാജിവച്ച ഒഴിവിലാണ് നിയമനം. ഞായറാഴ്ച രാത്രിയാണ് റൂഡ് രാജിവച്ചത്. മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രധാനമന്ത്രി തെരേസ മേയ് പുതിയ സെക്രട്ടറിയായി സാജിദിനെ നിയമിച്ചു.

പാക്കിസ്ഥാനിൽനിന്നും ബ്രിട്ടനിലെത്തിയ മുസ്‌ലിം കുടുംബത്തിലെ രണ്ടാം തലമുറക്കാരനാണ് 48 വയസുള്ള സാജിദ് ജാവിദ്. പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിൽനിന്നും പതിനേഴാം വയസിൽ ബ്രിട്ടനിൽ ജോലി തേടിയെത്തിയതാണ് സാജിദിന്റെ പിതാവ്. കോട്ടൻ മിൽ തൊഴിലാളിയായും ബസ് ഡ്രൈവറായും തുണി വ്യാപാരിയായും ജോലിചെയ്ത് മക്കളെ വളർത്തി. രാപകലില്ലാതെ ജോലി ചെയ്തിരുന്നതിനാൽ ‘മിസ്റ്റർ നൈറ്റ് ആൻഡ് ഡേ’ എന്നാണ് സാജിദിന്റെ പിതാവ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

പാക്കിസ്ഥാനിൽനിന്നും ബ്രിട്ടനിലെത്തി ബസ് ഡ്രൈവറായി ജോലി നോക്കി കുടുംബം പുലർത്തിയ മറ്റൊരാളുടെ മകനാണ് ഇപ്പോഴത്തെ ലണ്ടൻ മേയറും ലേബർ പാർട്ടി നേതാവുമായ സാദിഖ് ഖാൻ. ഇപ്പോൾ സാദിഖിനേക്കാൾ ഉന്നത പദവിയിലെത്തിയിരിക്കുകയാണ് രാഷ്ട്രീയത്തിൽ വലതുപക്ഷം തിരഞ്ഞെടുത്ത സാജിദ് ജാവിദ്.

മുസ്‌ലിമാണെങ്കിലും മതാനുഷ്ഠാനങ്ങളിൽ വലിയ താൽപര്യമില്ലാത്തയാളാണു താനെന്നാണു സാജിദ് തന്നെ വെളിപ്പെടുത്തുന്നത്. ചെറുപ്പത്തിൽതന്നെ മാർഗരറ്റ് താച്ചറോടുള്ള ആരാധനമൂലം കൺസർവേറ്റീവ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായി കരിയർ തുടങ്ങി. സിംഗപ്പൂർ ആസ്ഥാനമായുള്ള ബാങ്കിന്റെ മാനേജിങ് ഡയറക്ടറായിരിക്കെയാണ് ജോലി ഉപേക്ഷിച്ച് 2009ൽ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 2010ൽ ആദ്യമായി ബ്രോംസ് ഗ്രോവിൽനിന്നു പാർലമെന്റംഗമായി. 2014ൽ ഏഷ്യൻ വംശജനായ ആദ്യ കാബിനറ്റ് മന്ത്രിയായി. കൾച്ചർ- മീഡിയ- സ്പോട്സ് സെക്രട്ടറിയായാണ് നിയമനം ലഭിച്ചത്. പിന്നീട് ബിസിനസ് സെക്രട്ടറിയായും കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റ് സെക്രട്ടറിയായും കഴിവു തെളിയിച്ചു.

ബ്രിട്ടനിൽ നിലവിലുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതു സംബന്ധിച്ച വിവരങ്ങളിൽ പാർലമെന്റിനെ തെറ്റിധരിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നാണ് അംബർ റൂഡിന് ഹോം സെക്രട്ടറിസ്ഥാനം ഒഴിയേണ്ടി വന്നത്. വിൻഡ് റഷ് കുടിയേറ്റക്കാരുടെ രേഖകൾ ഹോം ഓഫിസിൽ നശിപ്പിക്കപ്പെട്ടെന്നും ഇവരെ നാടകടത്താനുള്ള നടപടികൾ തെരേസ മേയ് സർക്കാർ ത്വരിതപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളും ഹോം സെക്രട്ടറിക്ക് വിനയായി. ഈ സാഹചര്യത്തിലാണ് ഒരു കുടിയേറ്റക്കാരന്റെ മകനെത്തന്നെ ഹോം സെക്രട്ടറിയാക്കി തെരേസ മേയ് രാഷ്ട്രീയ നേട്ടം കൊയ്യാനൊരുങ്ങുന്നത്.

വിൻഡ്റഷ് കുടിയേറ്റക്കാരുടെ രേഖകൾ നഷ്ടമായതിന്റെ പേരിൽ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിൽ തെരേസ മേയ്ക്ക് മാപ്പുപറയേണ്ട സ്ഥിതിയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിവിധ കോമൺവെൽത്ത് രാഷ്ട്രങ്ങളിൽനിന്നും (പ്രധാനമായും കരീബിയൻ ദ്വീപുകളിൽനിന്ന്) സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനായി ക്ഷണിച്ചുവരിത്തിയവരും അവരുടെ പിന്മുറക്കാരുമാണ് വിൻഡ് റഷ് ജനറേഷൻ കുടിയേറ്റക്കാർ. ഇവരുടെ പൗരത്വവിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുമ്പോഴാണ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ഒരാൾതന്നെ ഈ വകുപ്പിന്റെ മേധാവിയായി എത്തുന്നത്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന സൂചന ആദ്യദിനം തന്നെ മന്ത്രി നൽകിക്കഴിഞ്ഞു. കരീബിയനിൽനിന്നല്ലെങ്കിലും വിൻഡ് റഷ് ജനറേഷനിൽ പെട്ട ഒരാളാണ് താനെന്നായിരുന്നു ഇതെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. വിൻഡ് റഷ് ജനതയുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ തനിക്ക് ഒർമ വരുന്നത് അമ്മയെയാണെന്ന വാക്കുകൾതന്നെ ഇക്കാര്യത്തിൽ അനുഭാവപൂർണമായ നടപടിയുണ്ടാകുമെന്ന ഉറപ്പാണ്.