Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് മഴയും പൊടിക്കാറ്റും; 48 മണിക്കൂർ ജാഗ്രതാ നിർദേശം

India Storm ആഗ്രയിൽ കാറ്റത്തു പിഴുതെറിയപ്പെട്ട മരത്തിനു സമീപംനിൽക്കുന്ന കുട്ടി.

ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും; മരണസംഖ്യ 109 ആയി. ഇരുന്നൂറിലധികം ആളുകൾക്കു പരുക്കേറ്റു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതൽ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു. മരണസംഖ്യ കൂടിയേക്കുമെന്നാണു റിപ്പോർട്ടുകൾ.

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നാലു ജില്ലകളിലായി 73 പേർ മരിച്ചെന്നാണു വിവരം. ആഗ്ര, സഹരൻപുർ, ബറേലി എന്നിവിടങ്ങളിലാണ് കൂടുതൽ അപകടവും മരണവും. രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേർക്കു പരുക്കേറ്റു. സംസ്ഥാനത്തിന്റെ കിഴക്കൻ പ്രദേശത്താണു കാറ്റ് ദുരിതം വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ പിഴുതെറിയപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. അടുത്ത 48 മണിക്കൂർ സമാനമായ സാഹചര്യം നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

രാജസ്ഥാനിലെ അല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴി‍ഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽപ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണു മരണങ്ങളേറെയും. മിക്ക ജില്ലകളിലും ബുധനാഴ്ച രാത്രി മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോടു നിർദേശിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം ഒഴിവാക്കി. കനത്ത കാറ്റും മഴയും ഡൽഹിയെയും ബാധിച്ചു. രണ്ട് ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ ഡൽഹിയിൽനിന്നുള്ള 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ 45.4 ഡിഗ്രി സെൽഷ്യസ് വരെയാണു ചൂട് ഉയർന്നത്. പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.

ഉത്തർപ്രദേശിൽ ബുധനാഴ്ച രാത്രിയിൽ വലിയ തോതിൽ ഇടിയും മിന്നലും കൊടുങ്കാറ്റുമുണ്ടായതായി സർക്കാർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. മണ്ണും കല്ലും മറ്റും അടിഞ്ഞുകൂടിയതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.