Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ്, ശ്രീജിത്ത് കേസുകളിൽ യുഡിഎഫ് സമരങ്ങളുടെ പ്രതിഫലനം: പി.പി.തങ്കച്ചൻ

PP Thankachan പി.പി.തങ്കച്ചൻ

തിരുവനന്തപുരം ∙ ഷുഹൈബ് വധക്കേസിലെ സുപ്രീംകോടതി ഇടപെടലും പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്കു ജോലിയും നഷ്ടപരിഹാരവും കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനവും യുഡിഎഫ് സമരങ്ങളുടെ നേട്ടമാണെന്നു കൺവീനർ പി.പി.തങ്കച്ചൻ. മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ സുപ്രീംകോടതി ഇടപെട്ടു പ്രാരംഭവാദം കേട്ടതിനുശേഷമാണു വിശദവാദം കേൾക്കാൻ മാറ്റിവെച്ചത്. ഇതു യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന സമരപരിപാടികളുടെ വിജയമായിട്ടാണു കാണേണ്ടതെന്നും തങ്കച്ചൻ പറഞ്ഞു.

വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ വൈകിയിട്ടാണെങ്കിലും സർക്കാർ ഇടപെടാനും കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനും ഭാര്യയ്ക്കു ജോലി നൽകുന്നതിനും സാധിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്തു നടത്തിയ നിരാഹാര സമരത്തിന്റെ ഫലമായിട്ടാണ്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷന്റെയും സാമൂഹ്യ–സാംസ്‌കാരിക നായകർ എന്നിവർ എടുത്ത സഹായകരമായ നിലപാടുകളും ഗുണകരമായി.

ഒട്ടും വൈകാതെ അന്വേഷണം സിബിഐയ്ക്കു വിടാനും അന്നത്തെ റൂറൽ എസ്പിയുടെ പേരിൽ കർശനമായ നടപടികൾ എടുക്കാനും നഷ്ടപരിഹാര തുക 25 ലക്ഷമായി ഉയർത്തുന്നതിനും തയാറായാൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാരിന്റെ ആത്മാർഥത ബോധ്യപ്പെടൂ. വൈകിയെങ്കിലും മുഖ്യമന്ത്രി ആ കുടുംബത്തിൽ പോയി അവരെ ആശ്വസിപ്പിക്കാൻ തയാറാകണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.