Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. ഉന്മേഷ് ഗോവിന്ദച്ചാമിയെ തുണച്ചില്ല; സര്‍ക്കാര്‍ തിരുത്തി, ഏഴാംവര്‍ഷം

dr-unmesh ഡോ.എ.കെ.ഉന്മേഷ്

തിരുവനന്തപുരം ∙ ട്രെയിന്‍യാത്രക്കിടെ പീഡനമേറ്റ് ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം കണ്ടെത്തലിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഫൊറന്‍സിക് സര്‍ജന്‍ ഡോ. എ.കെ.ഉന്മേഷ് കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കി ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്.

2011 ല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രോസിക്യുഷന്‍ നിലപാട് എടുത്തത് വന്‍വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടില്‍ വിവാദം വളര്‍ന്നതോടെ ഉന്മേഷ് സസ്പന്‍ഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനല്‍ കേസും റജിസ്റ്റര്‍ ചെയ്തു.

എല്ലാത്തിനുമൊടുവില്‍ ഏഴുവര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ നിരപരാധിയെന്ന് കണ്ടെത്തുന്നത്. നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ട്. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിതനേട്ടമുണ്ടാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും ദ്രുതപരിശോധനാ റിപ്പോർട്ടിൽ വിജിലൻസ് കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

പോസ്റ്റുമോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൗമ്യക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണ് അത് ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോക്ടർ ഷെർളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി. ഡോക്ടർ ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഉന്മേഷ് സസ്പെൻഷനിലുമായി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്കും ഉത്തരവിട്ടു. 

2016 മേയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജ് ജോസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ റിപ്പോർട്ടിലാണ് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. അത്തരം തെളിവൊന്നും ഹാജരാക്കാന്‍ പരാതിക്കാരനും കഴിഞ്ഞില്ല. സാക്ഷികളെയും എതിർകക്ഷികളെയും വിസ്തരിക്കുകയും 22 രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു കോടതി വിധി. കൂടുതൽ നടപടി ആവശ്യമില്ലെന്നും ശുപാർശ ചെയ്തുളള റിപ്പോർട്ട് കോ‍ടതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും കോടതി വിളിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കൂടി തൃശൂർ വിജിലന്‍സ് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.