Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ നാലു മലയാളികൾക്കു ജയം

ടോമി വട്ടവനാൽ
മഞ്ജു ഷാഹുൽ ഹമീദ്, ഓമന ഗംഗാധരൻ. മഞ്ജു ഷാഹുൽ ഹമീദ്, ഓമന ഗംഗാധരൻ.

ലണ്ടൻ∙ ലണ്ടൻ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റൻ ബറോകളിലേക്കും  ഡിസ്ട്രിക്ട്- കൗണ്ടി കൗൺസിലിലേക്കും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മൽസരിച്ച ആറു മലയാളികളിൽ നാലുപേർക്കും ജയം. ലേബർ ടിക്കറ്റിൽ മൽസരിച്ചവരാണ് ജയിച്ച നാലുപേരും. 

ക്രോയിഡണിലെ മുൻ മേയർകൂടിയായ മഞ്ജു ഷാഹുൽ ഹമീദ്, ന്യൂഹാമിലെ മുൻ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരൻ, ഇടതുപക്ഷ സഹയാത്രികനായ സുഗതൻ തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗൺസിലേക്ക് മൽസരിച്ച അഡ്വ. ബൈജു വർക്കി തിട്ടാല എന്നിവരാണ് ജയിച്ച മലയാളികൾ. സ്വിൻഡൻ ടൌൺ കൗൺസിലിൽനിന്നും ടോറി ടിക്കറ്റിൽ മൽസരിച്ച കിടങ്ങൂർ സ്വദേശി റോയി സ്റ്റീഫൻ, ബേസിങ് സ്റ്റോക്ക് സിറ്റി കൗൺസിലിലേക്ക് ലേബർ ടിക്കറ്റിൽ മൽസരിച്ച വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം എന്നിവരാണ് തോറ്റത്. ഇരുവരും ശക്തമായ മൽസരത്തിനൊടുവിലാണ് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടത്. 

അഡ്വ. ബൈജു വർക്കി തിട്ടാല, സുഗതൻ തെക്കേപ്പുര. അഡ്വ. ബൈജു വർക്കി തിട്ടാല, സുഗതൻ തെക്കേപ്പുര.

ലണ്ടനിലെ ന്യൂഹാമിൽ വോൾ എൻഡ് വർഡിൽനിന്നാണ് ലേബർ പാർട്ടിയുടെ മുതിർന്ന നേതാവായ ചങ്ങനാശേരി സ്വദേശി ഓമന ഗംഗാധരൻ വിജയിച്ചത്. നോവലിസ്റ്റും കഥാകൃത്തും സാമൂഹ്യ പ്രവർത്തകയുമായ ഓമന ഗംഗാധരൻ 2002 മുതൽ ബ്രിട്ടനിലെ സാമൂഹ്യ- രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമാണ്. നിരവധി തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓമന ന്യൂഹാം കൗൺസിലിന്റെ സിവിക് അംബാസിഡറായും (സ്പീക്കർ) സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈ സ്ഥാനത്തെത്തിയ ബ്രിട്ടനിലെ ആദ്യ ഇന്ത്യക്കാരിയാണ് അവർ. 

ക്രോയിഡണിലെ ബ്രോഡ് ഗ്രീൻ വാർഡിൽ ലേബർ സ്ഥാനാർഥിയായ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ് തുടർച്ചയായ നാലാം തവണയാണ് കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.  2014-15 കാലയളവിൽ ലേബറിനുവേണ്ടി ഇവിടെ അട്ടിമറി വിജയം നേടിയ മഞ്ജുവിന് മേയർ സ്ഥാനം നൽകിയാണ് പാർട്ടി അംഗീകരിച്ചത്. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയാണ്. വിവാഹശേഷം വീട്ടമ്മയായി ലണ്ടനിലെത്തിയ മഞ്ജു തുടർപഠനകാലത്താണ് ലേബർ പാർട്ടിയിൽ അംഗത്വമെടുക്കുകയും രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തത്. ഗ്രീനിച്ച് യൂണിവേഴ്സിറ്റിയിൽനിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ മഞ്ജു ഇപ്പോൾ ക്രോയിഡൺ നഗരസഭയിലെ ഇക്കോണമി ആൻഡ് ജോബ്സ് സ്റ്റാൻഡിങ് കമ്മിറ്റി കാബിനറ്റ് ചെയറാണ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മഞ്ജു ‘പീപ്പിൾസ് മേയർ’ എന്നാണ് ക്രോയിഡണിൽ അറിയപ്പെട്ടിരുന്നത്. 

ന്യൂഹാം ബറോയിലെ ഈസ്റ്റ്ഹാം വാർഡിൽനിന്നാണ്  ഇടതുപക്ഷ സഹയാത്രികനായ സുഗതൻ തെക്കേപ്പുര ലേബർ ടക്കറ്റിൽ മൽസരിച്ച് ജയിച്ചത്. വൈക്കം പോളശേരി തെക്കേപ്പുര കരുണാകരൻ സരോജനി ദമ്പതികളുടെ മകനാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയശേഷം ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലിനോക്കിയ സുഗതൻ ബ്രിട്ടനിൽ എത്തിയതു മുതൽ സാമൂഹികരംഗത്ത് സജീവമാണ്. 

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ് കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ ലേബർ ടിക്കറ്റിൽ മൽസരിച്ചു ജയിച്ച ബൈജു വർക്കി തിട്ടാല. എംപ്ലോയ്മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദം നേടി പ്രാക്ടീസ് തുടരുന്ന ബൈജു ബാരിസ്റ്റർ പദവി നേടിയെടുക്കാനുള്ള യജ്ഞത്തിലാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഗവേഷണവും തുടരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ കൗൺസിലേക്ക് മൽസിച്ച് ജയിച്ചത്. 

മലയാളികളായ ഈ നാലുപേർക്കൊപ്പം നൂറോളം ഇന്ത്യ.ൻ വംശജരാണ് ഇംഗ്ലണ്ടിലെ വിവിധ കൗൺസിലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഏറെയും പഞ്ചാബികളും.

മുന്നേറ്റം ലഭിക്കാതെ ലേബർ പാർട്ടി, നേട്ടമുണ്ടാക്കി ലിബറൽ ഡമോക്രാറ്റുകൾ, തകർന്നടിഞ്ഞ് യുകെഐപി

ലണ്ടൻ നഗരത്തിലെ പ്രാദേശിക കൗൺസിലുകളിലേക്കും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റൻ- ഡിസ്ട്രിക്ട് കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷകക്ഷിയായ ലേബറിന് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാനായില്ല. ലണ്ടനിലും മറ്റ് വൻ നഗരങ്ങളിലും വൻ മുന്നേറ്റം പ്രവചിക്കപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്ത ലേബറിന് കഷ്ടിച്ച് പിടിച്ചു നിൽക്കാനേ ആയുള്ളൂ. കൈവശമുള്ള കൗൺസിലുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനായെങ്കിലും ടോറി സ്വാധീന മേഖലയിൽ കടന്നുകയറി വിജയിക്കാനായില്ല. പ്രവചനങ്ങൾ കാറ്റിൽ പറത്തി സ്വന്തം തട്ടകങ്ങളിൽ പിടിച്ചു നിന്നതിന്റെ ആശ്വാസത്തിലാണ് കൺസർവേറ്റീവ് പാർട്ടി. അപ്രതീക്ഷിതമായി മുന്നേറ്റമുണ്ടാക്കിയത് ലിബറൽ ഡമോക്രാറ്റിക് പാർട്ടിയാണ്. ലണ്ടൻ നഗരത്തിൽ നാല് കൗൺസിലുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അവർ അധികാരത്തിലേക്ക് തിരിച്ചെത്തി. 

തീവ്ര വലതുപക്ഷ പാർട്ടിയായ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടി ഒരിടത്തും പച്ചതൊടാതെ നിലംപരിശായി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിൽ പ്രാദേശിക തിരഞ്ഞെടുപ്പ് തെരേസ മേയ് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും മുഖ്യ പ്രതിപക്ഷമായ ലേബർ ലണ്ടനിലും മറ്റും വൻ വിജയം നേടുമെന്നുമായിരുന്നു സർവേകൾ പ്രവചിച്ചിരുന്നത്.  എന്നാൽ ലേബറിന് പരമ്പരാഗത ശക്തികേന്ദ്രങ്ങളില്ലാതെ മറ്റൊരിടത്തും കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ന്യൂഹാം പോലുള്ള ശക്തികേന്ദ്രങ്ങളിൽ മുഴുവൻ സീറ്റും നേടാനായതു മാത്രമാണ് ആശ്വാസഘടകം. ജൂയിഷ് ശക്തികേന്ദ്രങ്ങളിൽ ലേബറിനുണ്ടായ തിരിച്ചടി പാർട്ടി നേതാവ് ജെറമി കോർബിന്റെ ആന്റി സെമിറ്റിക് നയങ്ങളോടുള്ള ശക്തമായ പ്രതികരണമായി. 

ഇംഗ്ലണ്ടിൽ ആകെ 150 പ്രാദേശിക കൗൺസിലുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. എല്ലായിടത്തുമായി 4371 പ്രാദേശിക കൗൺസിൽ പ്രതിനിധികളെ വോട്ടർമാർ തിരഞ്ഞെടുത്തു. ഇതിൽ 2310 പേർ ലേബർ പ്രതിനിധികളാണ്. കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പിനേക്കാൾ കേവലം 59 സീറ്റുകൾ മാത്രമാണ് അവർക്ക് കൂടുതൽ നേടാനായത്. കൺസർവേറ്റീവ് പാർട്ടിക്ക് ആകെ ലഭിച്ചത് 1330 സീറ്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 31 സീറ്റ് കുറവ്. വൻ തിരിടച്ചടി നേരിടുമെന്ന പ്രവചനങ്ങൾ കാറ്റിൽ പറത്തിയാണ് ടോറികൾ എല്ലായിടത്തുംതന്നെ പിടിച്ചുനിന്നത്. 

ലിബറൽ ഡെമോക്രാറ്റുകൾക്ക് 536 സീറ്റുകൾ ലഭിച്ചു. കഴിഞ്ഞതവണത്തേക്കാൾ 75 സീറ്റ് കൂടുതൽ. 39 സീറ്റുനേടി ഗ്രീൻ പാർട്ടിയും പലേടത്തും ശക്തിതെളിയിച്ചു. ജയിച്ച 143 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്.ലണ്ടൻ നഗരത്തിൽ നാല് കൗൺസിലുകളിൽ ലിബറൽ ഡമോക്രാറ്റുകൾ ഭരണം പിടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞതവണ 126 സീറ്റുകളിൽ വിജയിച്ച യു.കെ.ഇൻഡിപ്പെൻഡൻസ് പാർട്ടി ഇക്കുറി ജയിച്ചത് കേവലം മൂന്നു സീറ്റിൽ മാത്രം. ഇതോടെ ഈ പാർട്ടിയുടെ നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.  

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലെ കെന്റിലും  പ്രാദേശിക തിരഞ്ഞെടുപ്പ് പിന്നീടാണ്.