Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി; പുതിയ പ്രോട്ടോക്കോൾ പരിഗണനയിൽ

PTI7_16_2017_000202B റാം നാഥ് കോവിന്ദും നരേന്ദ്ര മോദിയും

ന്യൂഡൽഹി∙ വിവാദങ്ങൾ നിറം കെടുത്തിയ ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിക്കുന്നില്ല. പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതാണ് പുതിയ സംഭവവികാസം. ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നു നേരത്തെ അറിയിച്ചിട്ടും ഇതേച്ചൊല്ലി വിവാദമുയർന്നതാണ് രാഷ്ട്രപതിയുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയും ചെയ്തു.

ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതിഭവന്‍ നേരത്തെതന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ത്തന്നെ ചടങ്ങിനായുള്ള ചര്‍ച്ചകളും തയാറെടുപ്പുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാൽ, പുരസ്കാരങ്ങളുടെ വിശദാംശങ്ങൾ സര്‍ക്കാര്‍ നല്‍കിയത് മേയ് ഒന്നിനു മാത്രമാണ്. രാഷ്ട്രപതി 11 പേർക്കു മാത്രമേ പുരസ്കാരം സമ്മാനിക്കൂ എന്ന് ജേതാക്കളെ അറിയിച്ചതാകട്ടെ, പുരസ്കാര സമർപ്പണത്തിന്റെ തലേന്നും. ഇതോടെയാണ് വിവാദങ്ങളിൽ രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫിസിനെ അതൃപ്തി അറിയിച്ചത്.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ തയാറാക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുന്ന രീതിയിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തി തീരുമാനിക്കാനാണു നീക്കം.

നേരത്തേ, രാജ്യം നല്‍കുന്ന പുരസ്കാരം രാഷ്ട്രപതി തന്നെ നല്‍കണം എന്ന നിലപാടില്‍ 68 പുരസ്കാര ജേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് പുരസ്കാര സമർപ്പണം വിവാദത്തിൽ മുങ്ങിയത്. എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യില്ല എന്ന അറിയിപ്പ് വന്നതോടെ പുരസ്കാര ജേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ ഇവർ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

എന്നാല്‍ പുരസ്കാര ജേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി ഗായകന്‍ കെ.ജെ. യേശുദാസും സംവിധായകന്‍ ജയരാജും പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ടെന്നായിരുന്നു ഇതിനോടുള്ള പ്രതിഷേധക്കാരുടെ പ്രതികരണം. പുരസ്കാര ജേതാക്കള്‍ക്കായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുക്കിയ അത്താഴവിരുന്നും പ്രതിഷേധമുയര്‍ത്തിയ ജേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു.

അതേസമയം, പുരസ്കാര ദാനചടങ്ങ് ബഹിഷ്കരിച്ചെങ്കിലും അവാര്‍ഡുതുക ഇതിനൊടകം തന്നെ മിക്കവരുടെയും അക്കൗണ്ടില്‍ എത്തിയിരുന്നു. ചടങ്ങ് ബഹിഷ്കരിച്ചവര്‍ ഈ തുക തിരിച്ച നല്‍കാന്‍ തയ്യാറാകണം എന്നായിരുന്നു പുരസ്കാരം സ്വീകരിച്ച ശേഷം സംവിധായകന്‍ ജയരാജിന്റെ പ്രതികരണം.