Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാന നീക്കങ്ങൾ യുഎസിനെ ഭയന്നല്ല; തീരുമാനം ദൗര്‍ബല്യമായി കാണരുതെന്നും കിം

Kim Jong Un with Moon Jae-in during visit to South Korea ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം)

സിയോള്‍∙ അണ്വായുധ പരീക്ഷണങ്ങളുൾപ്പെടെ നിർത്തിവച്ചെങ്കിലും യുഎസിനോടുള്ള ഉത്തരകൊറിയയുടെ കടുംപിടിത്തത്തിൽ മാറ്റമില്ല. ഉപരോധങ്ങളോ സമ്മർദ്ദങ്ങളോ കണ്ടു ഭയന്നല്ല അണ്വായുധ പരീക്ഷണങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കെന്ന് ഉത്തരകൊറിയ അറിയിച്ചു. ഇക്കാര്യത്തിൽ മറ്റുള്ളവരെ യുഎസ് തെറ്റിദ്ധരിപ്പിക്കരുതെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു. ഉത്തര–ദക്ഷിണ കൊറിയന്‍ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായിട്ടായിരുന്നു അണ്വായുധ പരീക്ഷണങ്ങൾ നിർത്തി കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്നു ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചത്.

ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങളെത്തുടർന്നു നിരവധി ഉപരോധങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പ്രതികരിച്ചു. മനുഷ്യാവകാശ പ്രശ്നങ്ങളും ദക്ഷിണകൊറിയയിലെ സൈനിക വിന്യാസങ്ങളും കാട്ടി ഉത്തരകൊറിയയെ യുഎസ് പ്രകോപിപ്പിച്ചിട്ടില്ല. സമാധാനം ആഗ്രഹിക്കുന്ന ഉത്തരകൊറിയുടെ നീക്കത്തെ അവരുടെ ദൗർബല്യമായി കാണരുത്– വിദേശ്യകാര്യ വക്താവിനെ ഉദ്ധരിച്ച് കെസിഎൻഎ വ്യക്തമാക്കി.

ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായുള്ള ചരിത്ര സന്ദർശനത്തിനു ശേഷം ആഴ്ചകള്‍ക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കിം ഒരുങ്ങുകയാണ്. അതിനിടെയാണ് യുഎസിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. തെറ്റുകൾ ആവർത്തിക്കാതിരിക്കാന്‍ ഉത്തരകൊറിയയ്ക്കു മേല്‍ ഏർപ്പെടുത്തിയ ഉപരോധങ്ങൾ തുടരാനാണു ട്രംപിന്റെ തീരുമാനം. ഉത്തരകൊറിയയുമായുള്ള സമാധാന നീക്കങ്ങളുടെ പേരിൽ ഡോണൾഡ് ട്രംപിനു നൊബേൽ സമ്മാനം നല്‍കണമെന്ന് മൂൺ ജെ ഇന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോള്‍ട്ടൻ വെള്ളിയാഴ്ച ദക്ഷിണകൊറിയൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ നയത്തിൽ മാറ്റങ്ങൾ വരുത്താൻ തൽക്കാലം ആലോചിക്കേണ്ടതില്ലെന്നാണു തീരുമാനം. 1950–53ലെ കൊറിയൻ യുദ്ധം താത്കാലിക യുദ്ധവിരാമക്കരാർ ഉപയോഗിച്ച് അവസാനിച്ചെങ്കിലും സാങ്കേതികമായി ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിൽ ഇപ്പോഴും യുദ്ധത്തിലാണ്. സമാധാന കരാർ ഒപ്പിടുകയാണെങ്കില്‍ പോലും യുഎസ് സൈനിക സാന്നിധ്യം രാജ്യത്തു വേണമെന്നാണു ദക്ഷിണകൊറിയയുടെ നിലപാട്. 28,500 ട്രൂപ്പ് സൈനികരെയാണ‌ു ദക്ഷിണകൊറിയയിൽ യുഎസ് വിന്യസിച്ചിട്ടുള്ളത്.