Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ സുരക്ഷ, 300 കോടി ചെലവ്; പത്മനാഭസ്വാമി ക്ഷേത്രനിധി ലോകത്തിനു മുന്നിലേക്ക്!

മഹേഷ് ഗുപ്തൻ
Padmanabha-swami ശ്രീപത്മനാഭസ്വാമി ക്ഷേത്രം.

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധിയുടെ കാഴ്ചവിരുന്നിനു വഴിതെളിയുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. 

Read More: അനന്തം അദ്ഭുതം ശ്രീപത്മനാഭ ക്ഷേത്രം!

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനൽകിയത്. നിധിപ്രദർശനം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം നിധിശേഖരത്തിനുണ്ട്. 

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദർശനശാലയൊരുക്കാമെന്ന നിർദേശമാണു മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു. 

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി സംഘടനാഭാരവാഹികൾ നടത്തിയ ചർച്ചയിൽ സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചു. തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. മറ്റ് അനുമതികൾ ലഭിച്ചാൽ, സംസ്ഥാന സർക്കാരിന്റെ പൂർണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കൾ ചർച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര,സംസ്ഥാന സർക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം. 

അമൂല്യം, ഈ നിധി 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കൾ. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിർണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അതോടെ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് വൻതോതിൽ വർധിച്ചു.