Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലുൾപ്പെടെ കനത്ത മഴയും മിന്നലും വരുന്നു; ഹരിയാനയിൽ സ്കൂളുകൾ അടച്ചു

Rain Thunderstorm Lightning ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നൽ. ചിത്രം: എഎഫ്പി

ന്യൂഡൽഹി∙ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നു ഹരിയാനയിലെ സ്കൂളുകൾക്ക് അടുത്ത രണ്ടു ദിവസത്തേക്ക് അവധി നൽകി. മേയ് ഏഴ്, എട്ട് തീയതികളിൽ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് അവധി നല്‍കാൻ ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മയാണു നിർദേശം നല്‍കിയത്. അഞ്ചു സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 124 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ മുന്നറിയിപ്പ്. 

അതേസമയം ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലും ഇടിമിന്നലിനു സാധ്യതയുള്ളതായി നിർദേശമുണ്ട്. തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ താലൂക്കുകളിലാണു ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയത്. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നല്‍കി. ഇതിനുപുറമേ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങള്‍, ബിഹാർ, ബംഗാൾ, സിക്കിം, ഒഡിഷ, ത്രിപുര, കര്‍ണാടക, കേരളം എന്നിവിടങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും പ്രവചിച്ചിട്ടുണ്ട്.

കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.