Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശവനിതയുടെ മരണം ടൂറിസം മേഖലയ്ക്കു അപമാനമായി: മന്ത്രി കടകംപളളി

kadakampally-surendran മന്ത്രി കടകംപളളി സുരേന്ദ്രൻ

വണ്ടിപ്പെരിയാർ(ഇടുക്കി) ∙ വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അനധികൃത ഇടപെടലുകളും ദുരുപയോഗവും തടയുവാനുമായി സംസ്ഥാനത്ത് ടൂറിസം റഗുലേറ്ററി അതോറിറ്റി  രൂപീകരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കി ജില്ലയിൽ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം വ്യവസായത്തിന് അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കുന്നതിനാണു റഗുലേറ്ററി കമ്മിഷൻ രൂപീകരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും.  ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലകളിലും കാര്യക്ഷമമാക്കും.

 നമ്മുടെ നാട്ടിലെത്തുന്ന  വിദേശ–തദ്ദേശീയ അതിഥികളോട് മാന്യതയോടെ പെരുമാറണം.  ഹൃദയവിശാലതയോടെ അതിഥികളെ സ്വീകരിക്കണം. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വിനോദസഞ്ചാര മേഖലയിൽ ആർക്കും എന്തും ആകാം എന്നുള്ള സ്ഥിതിക്കു നിയന്ത്രണം ഏർപ്പെടുത്തും. 

റൂറൽ ടൂറിസവും ഉത്തരവാദിത്ത ടൂറിസവും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള സർവേകൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 

related stories