Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവിൽ പോരാടാൻ ‘സാറി’ന്റെ പടയാളികൾ; പുടിൻ 4.0 കൊണ്ടുവരിക യുദ്ധമോ സമാധാനമോ?

RUSSIA-PUTIN റഷ്യയിൽ നടന്ന പ്രതിപക്ഷ സമരത്തിൽ സാറിന്റെ വേഷത്തിലുള്ള പുടിന്റെ ചിത്രവുമായി പ്രതിഷേധക്കാർ. ചിത്രം: എഎഫ്പി

മോസ്കോ∙ ചൈനയുടെ തലപ്പത്ത് ആജീവനാന്ത അധികാരം  ഉറപ്പിച്ച് പ്രസിഡന്റ് ഷി ചിൻപിങ് ഭരണഘടന ഭേദഗതി ചെയ്തപ്പോൾ റഷ്യയിൽ വ്ലാഡിമിർ പുടിനു നേരെയും ഒരു ചോദ്യം വന്നു: ‘അധികാരത്തിൽ തുടരാൻ താങ്കളും ഇത്തരം ഭേഗതി കൊണ്ടുവരുമാ?’ ആ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോടുള്ള പുടിന്റെ മറുപടി ഇങ്ങനെ: ‘ഇല്ല, ചിൻപിങ് ആകാൻ ഞാനില്ല...’

റഷ്യൻ പ്രസിഡന്റ് സ്ഥാനത്തേക്കു നാലാം തവണയുമെത്തിയ പുടിൻസർക്കാരിന്റെ അധികാരമേറ്റെടുക്കൽ ചടങ്ങിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരുടെ മനസ്സിലും ഇപ്പോൾ ആ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം തന്നെയാണ്. ആറു വർഷത്തിനു ശേഷം 2024ൽ അധികാരമൊഴിയുമ്പോൾ വീണ്ടും തുടരാൻ പുടിൻ ഭരണഘടനാ ഭേദഗതി കൊണ്ടു വരുമോ? അടുപ്പിച്ച് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ.

2000ൽ ആദ്യം പ്രസിഡന്റായ പുടിൻ 2004ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ പ്രധാനമന്ത്രിയായി. 2012ലും 2018ലും വീണ്ടും പ്രസിഡന്റായി. അങ്ങനെ ഇതുവരെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചതു നാലു തവണ (കരുത്തുറ്റ പദവിയെ സൂചിപ്പിക്കാൻ പുടിൻ 4.0 എന്നാണ് ഇത്തവണത്തെ വിശേഷണം). ഇടയ്ക്കു പ്രധാനമന്ത്രി സ്ഥാനത്തേക്കു കളംമാറ്റിയതിനാൽ തുടർച്ചയായി രണ്ടുതവണയിലേറെ പ്രസിഡന്റ് സ്ഥാനത്തേക്കു പാടില്ല എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടുമില്ല. 2024ൽ പക്ഷേ മത്സരിക്കാന്‍ ഭരണഘടന തടസ്സമാകും. ഈ സാഹചര്യത്തിലാണ് ഭേദഗതിക്കു പുടിൻ ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. 

ക്രൈമിയ ഉപദ്വീപിനെ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നു വാശിപിടിച്ചിരുന്ന യുക്രെയ്ന്റെ കയ്യിൽ നിന്നു പുഷ്പം പോലെ അതു ‘തട്ടിയെടുത്ത’ പുടിനെ ഇക്കാര്യത്തിൽ രാഷ്ട്രീയ നയതന്ത്രം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നതാണു യാഥാർഥ്യം. ചെയ്യേണ്ടത്, ചെയ്യേണ്ട സമയത്ത് കൃത്യമായി ചെയ്യുമെന്നു നാലു വർഷം മുൻപ് ക്രൈമിയയിൽ പുടിൻ തെളിയിച്ചതാണ്. അതിപ്പോൾ പാശ്ചാത്യരാജ്യങ്ങള്‍ കൂട്ടമായി ഉപരോധമേർപ്പെടുത്തിയാലും അങ്ങനെത്തന്നെ.

‘സാറി’നെ ഞങ്ങൾക്ക് വേണ്ട!

ഒരിക്കൽ ‘ഭായി ഭായി’ ആയിരുന്ന ട്രംപ് ഭരണകൂടം തിരിച്ചടിച്ചതാണ് ഇപ്പോൾ പുടിൻ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. പുടിന്റെ അടുത്ത സുഹൃത്തുക്കളായ വ്യവസായ പ്രമുഖരുടെ കമ്പനിക്കു വരെ യുഎസ് ഉപരോധം ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യുഎസ് തിരഞ്ഞെടുപ്പിലെ സൈബർ ആക്രമണത്തിന്റെ പേരിലും ഏറെ പഴികേൾക്കുന്നുണ്ട്. 

നാലാം തവണയും അധികാരത്തിലെത്തിയതിനെ പാശ്ചാത്യലോകം മാത്രമല്ല രാജ്യത്തു പ്രതിപക്ഷവും കടന്നാക്രമിക്കുകയാണ്. പ്രധാനമന്ത്രിയായതിനു ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനൊരുങ്ങിയപ്പോൾ 2012ൽ റഷ്യയിൽ പുടിനെതിരെയുണ്ടായ പ്രതിഷേധ പരമ്പരകളുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ‘പുടിൻ ഞങ്ങളുടെ ‘സാർ’ ചക്രവർത്തിയല്ലെന്ന്’ ആക്രോശിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അലെക്സി നവൽനി ഉൾപ്പെടെ 1600ലേറെപ്പേർ ഇപ്പോൾ ജയിലിലാണ്. കൂട്ട അറസ്റ്റിനെയും പൊലീസിന്റെ ‘അടിച്ചമർത്തലിനെയും’ യൂറോപ്യൻ യൂണിയൻ അപലപിക്കുകയും ചെയ്തു. രാജ്യമെമ്പാടും പുടിൻ വിരുദ്ധ റാലിക്കാണ് നവൽനി ആഹ്വാനം ചെയ്തിരിക്കുന്നത്.

Read: പുടിൻ 4.0: ജയിംസ് ബോണ്ടിനെക്കാൾ കരുത്തൻ!

എന്നാൽ പുടിനു പിന്തുയർപ്പിച്ച് എത്തിയവരാണു പ്രതിഷേധക്കാരെ ഞെട്ടിച്ചുകളഞ്ഞത്. സാർ ചക്രവർത്തിമാരുടെ കാവൽപ്പട്ടാളമായിരുന്ന ‘കൊസ്സാക്കു’കളുടെ വേഷം ധരിച്ചായിരുന്നു പുടിൻ അനുകൂലികൾ രംഗത്തെത്തിയത്. പലയിടത്തും പ്രതിഷേധക്കാരെ തടയാൻ പൊലീസിനെ സഹായിച്ചതും ഇവർ തന്നെ! പൊലീസ് നോക്കിനിൽക്കെ പ്രതിഷേധക്കാരെ ‘കൊസ്സാക്ക്’ വേഷധാരികൾ  മർദിക്കുന്നതു കണ്ടതായി ആംനസ്റ്റി ഇന്റര്‍നാഷനലും റിപ്പോർട്ട് ചെയ്തു. ഇതു സൂചിപ്പിക്കുന്നതും മറ്റൊന്നുമല്ല, പുടിന്റെ വരുതിയിലായിരിക്കും വരുംനാളുകളിലും റഷ്യ എന്നതു തന്നെ!

പുടിൻ വരയ്ക്കുന്ന ‘ചുവപ്പുവര’യ്ക്കപ്പുറം ആരെയും കടക്കാൻ അനുവദിക്കില്ലെന്ന് അണികളും വ്യക്തമാക്കുന്നു. സമരപശ്ചാത്തലത്തില്‍ ഇന്റർനെറ്റ് ഉപയോഗത്തിനു പോലും ഇപ്പോൾ രാജ്യത്തു പലയിടത്തും വിലക്കേർപ്പെടുത്താൻ നീക്കമുണ്ട്. അടുത്തിടെ ടെലഗ്രാം മെസേജിങ് ആപ്പിനു നിരോധനമേർപ്പെടുത്താൻ റഷ്യ തീരുമാനിച്ചിരുന്നു. അടുത്തത് ‘ഫെയ്സ്ബുക്’ ആണെന്നും മുന്നറിയിപ്പുണ്ട്. 

രാജ്യാന്തര ‘പ്രശ്നക്കാരൻ’

RUSSIA-POLITICS റഷ്യയിൽ പുടിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന്. ചിത്രം: എഎഫ്പി

2012 മുതൽ പ്രസിഡന്റായിരിക്കെ രാജ്യാന്തര തലത്തിൽ പുടിനെ ശ്രദ്ധേയനാക്കിയത് ക്രൈമിയയെ റഷ്യയോടു ചേർക്കലും സിറിയൻ ഭരണാധികാരി ബഷർ അൽ–അസദിനു പിന്തുണ നൽകിയതുമാണ്. സിറിയൻ രാസായുധ കേന്ദ്രങ്ങൾക്കെതിരെ അടുത്തിടെ യുഎസും ജർമനിയും ഫ്രാൻസും സംയുക്ത വ്യോമാക്രമണം നടത്തിയതിന്റെ ചൂടാറിയിട്ടുമില്ല. രാജ്യാന്തര തലത്തിൽ തന്നെ സമ്മർദ്ദമുണ്ടായിട്ടും സിറിയയ്ക്കുള്ള പിന്തുണയില്‍ നിന്നു റഷ്യ പിന്മാറിയിട്ടില്ല. യുഎൻ പോലും ഇക്കാര്യത്തിൽ റഷ്യയ്ക്കൊപ്പമില്ല. ഇരട്ടച്ചാരനും മകൾക്കും നേരെ മാരക വിഷപ്രയോഗം നടത്തിയതിന്റെ പേരിൽ യുകെയും റഷ്യയും ഇടഞ്ഞു നിൽക്കുകയുമാണ്.

ഈ വിഷയങ്ങളിലൊന്നും  ഇനിയും മാറ്റമുണ്ടാകാനിടയില്ലെന്നാണു രാജ്യാന്തര നിരീക്ഷകർ വ്യക്തമാക്കുന്നത്. ‘വിദേശനയത്തിലുണ്ടാകുന്ന ചെറിയ ഇളവു പോലും തന്റെ ദൗർബല്യമായാണു പുടിൻ കണക്കാക്കുന്നത്. അതിനാൽത്തന്നെ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. മാത്രവുമല്ല പുടിനു രാജ്യത്തുള്ള ശക്തമായ ‘ആരാധകവൃന്ദ’ത്തിന്റെ കാരണങ്ങളിലൊന്നും അദ്ദേഹത്തിന്റെ വിദേശ നയങ്ങളാണ്. ദേശീയ ഐക്യം ഉറപ്പുവരുത്തേണ്ടത് പുടിന്റെ ആവശ്യമാണ്, അതിനു വേണ്ടി അദ്ദേഹത്തിന് ഒരു ശത്രുവിനെയും അത്യാവശ്യമാണ്...’ മോസ്കോ ആസ്ഥാനമായുള്ള ‘പൊളിറ്റിക്കൽ എക്സ്പേർട് ഗ്രൂപ്പ്’  തലവൻ കോൺസ്റ്റന്റൈൻ കലഷെവ് വ്യക്തമാക്കുന്നു. 

എന്നാൽ രാജ്യാന്തര തലത്തിൽ പുടിന്റെ നയംമാറ്റമാണ് ഇനി കാണാനിരിക്കുന്നതെന്നു വിശ്വസിക്കുന്നവരുമുണ്ട്. ‘അഫ്ഗാനിലെ സോവിയറ്റ് ഇടപെടലിനു ശേഷം(1979-1989) റഷ്യ ഇത്രത്തോളം ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ടിട്ടില്ല. ഇനി ഏതെങ്കിലും പുതിയ ‘രാജ്യത്തെ’ റഷ്യയോടു കൂട്ടിച്ചേർക്കുകയായിരിക്കില്ല പുടിന്റെ ലക്ഷ്യം. മറിച്ചു റഷ്യയുടെ താത്പര്യങ്ങളും പൂർവകാല വിജയങ്ങളും അംഗീകരിക്കണമെന്നു  ലോകത്തോട് ആവശ്യപ്പെടുകയായിരിക്കും– സ്വതന്ത്ര രാഷ്ട്രീയ വിശകല വിദഗ്ധനായ ദിമിത്രി ഒറെഷ്കിന്‍ പറയുന്നു. 

സമാധാനദൂതുമായി റഷ്യ?

രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിന്റെ പാതയിൽ നിന്നു പുടിൻ വ്യതിചലിക്കുകയാണോയെന്ന സംശയവും ഉയരുന്നുണ്ട്. മുൻ ധനമന്ത്രിയായിരുന്ന അലക്സി കുർദിനെ വീണ്ടും മന്ത്രിസഭയിലേക്കു കൊണ്ടുവരാനുള്ള നീക്കം അത്തരത്തിലൊന്നാണ്. രാജ്യാന്തര തലത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയാണ് ഇതിനു പുടിനെ പ്രേരിപ്പിക്കുന്നത്. രാജ്യാന്തര വിഷയങ്ങളേക്കാൾ ഇത്തവണ റഷ്യൻ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്ന വികസന പ്രവർത്തനങ്ങളിലായിരിക്കും തന്റെ ശ്രദ്ധയെന്നും പുടിൻ പ്രഖ്യാപിച്ചിട്ടുണ്ട്. 

2014ൽ ക്രൈമിയ സംഭവത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. അതിപ്പോഴും തുടരുകയാണ്.  2016ൽ രാജ്യാന്തര തലത്തിൽ എണ്ണവിലയും ഇടിഞ്ഞു. ഇതോടെ തകിടം മറിഞ്ഞ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണു പുടിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ.

അടുത്ത ആറു വർഷം പുടിൻ തുടരുമെന്നും അതല്ല പാതിവഴിയിൽ നിർത്തുമെന്നും വാദിക്കുന്നവരുണ്ട്. അധികാരത്തിൽ നിന്നൊഴിഞ്ഞാലും പുറമെ നിന്നു ഭരണം നിയന്ത്രിക്കുക എന്ന രീതിയായിരിക്കും പുടിൻ സ്വീകരിക്കുക എന്നും പറയപ്പെടുന്നു. അത്തരത്തിൽ ഒരു ‘സർപ്രൈസ്’ പുടിന്റെ ഭാഗത്തു നിന്നുണ്ടായാൽ അതു തികച്ചും സ്വാഭാവികം മാത്രമായിരിക്കുമെന്നും നിരീക്ഷകർ പറയുന്നു.

related stories