Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ സിപിഎം–ബിജെപി ധാരണ യാഥാർഥ്യം; അംഗീകരിച്ച് പ്രാദേശിക നേതാക്കൾ

bjp-cpm

കൊൽക്കത്ത∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മൽസരിക്കുന്നുണ്ടെന്ന് ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം സമ്മതിച്ചു. നാദിയ– കരിംപുർ മേഖലയിൽ പലയിടത്തും സീറ്റുധാരണയുണ്ടെന്ന് സിപിഎം നാദിയ ജില്ലാസെക്രട്ടറിയും ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത് ദേ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

ഔപചാരിക സഖ്യമല്ലെങ്കിലും ചില സീറ്റുകളിൽ ധാരണയുണ്ടെന്നു സിപിഎം സമ്മതിക്കുമ്പോൾ ബിജെപിയും ഇതു നിഷേധിക്കുന്നില്ല. തങ്ങൾക്കു സ്ഥാനാർഥികളെ നിർത്താൻ കഴിയാത്ത ചിലയിടങ്ങളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ടെന്നും ഈ സ്വതന്ത്രരിൽ മിക്കവരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി വടക്കൻ നാദിയ ജില്ലാ പ്രസിഡന്റ് മഹാദേബ് സർകാ‍ർ പറഞ്ഞു.

നാദിയ ജില്ലയിലെ കരിംപുർ– റാണാഘട്ട് മേഖലയിൽ തൃണമൂൽ അതിക്രമങ്ങൾക്കെതിരെ ഏപ്രിൽ അവസാനം ബിജെപിയും സിപിഎമ്മും സംയുക്ത പ്രതിഷേധ റാലി നടത്തിയിരുന്നു. ഇരുപാർട്ടികളുടെയും അണികൾ അവരവരുടെ പതാകകളേന്തി പ്രകടനത്തിൽ പങ്കെടുത്തു. ഇതോടെയാണ് ബദ്ധവൈരികളുടെ ‘സൗഹൃദം’ പുറത്തുവന്നത്.

മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസും ഈ റാലിയിൽ പങ്കെടുത്തിരുന്നു. തൃണമൂലിനെതിരെ ഗ്രാമവാസികൾ നടത്തിയ റാലി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഎമ്മിന്റെയും അണികൾ റാലിയിൽ പങ്കെടുത്തുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും സമ്മതിച്ചു. ബിജെപി സംഘടിപ്പിച്ച റാലിയിൽ സിപിഎം പ്രവർത്തകർ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഒറ്റയ്ക്കൊറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള സാഹചര്യമില്ലെന്നാണു പാർട്ടികൾ പറയുന്നത്. ഇരുപതിനായിരത്തിലധികം പഞ്ചായത്ത് വാർഡുകളിൽ തൃണമൂൽ സ്ഥാനാർഥികൾക്ക് എതിരില്ല. മറ്റുപാർട്ടികളുടെ സ്ഥാനാർഥികളെ നാമനിർദേശപത്രിക കൊടുക്കാൻപോലും സമ്മതിക്കുന്നില്ല. നാദിയയിലും കരിംപുറിലും പല ഗ്രാമപഞ്ചായത്തുകളിലും ബിജെപി സ്ഥാനാർഥികളോടു പത്രിക പിൻവലിച്ച്, സിപിഎം – തൃണമൂൽ മുഖാമുഖ മൽസരത്തിന് അരങ്ങൊരുക്കാൻ ആവശ്യപ്പെട്ടതായി പ്രാദേശിക ബിജെപി നേതാവും പറഞ്ഞു.

സുമിത് ദേ (സിപിഎം ബംഗാൾ സംസ്ഥാന സമിതി അംഗം): ‘പല സീറ്റുകളിലും തൃണമൂലിനെതിരെ ഒറ്റ സ്ഥാനാർഥി വേണമെന്നാണു നാട്ടുകാരുടെ ആഗ്രഹം. ഞങ്ങൾ ആ ആവശ്യത്തെ മാനിച്ചു. നീണ്ട ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ സഖ്യമല്ല ഇത്. ഔപചാരികമായ സീറ്റു പങ്കുവയ്ക്കലുമല്ല’ 

സുജൻ ചക്രവർത്തി (സിപിഎം കേന്ദ്ര കമ്മിറ്റി അംഗം): ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തെ വിലയിരുത്തരുത്. ബിജെപിക്കും അവരുടെ വർഗീയ നയങ്ങൾക്കുമെതിരെ സുവ്യക്തവും സ്ഥിരവുമായ നിലപാടുള്ള ഏക പാർട്ടി സിപിഎം ആണ്’ 

പാർഥ ചാറ്റർജി (തൃണമൂൽ സെക്രട്ടറി ജനറൽ) : ‘ബിജെപി– സിപിഎം സഖ്യത്തിൽ അദ്ഭുതമില്ല. പല ജില്ലകളിലും അതുണ്ട്. ബിജെപിയെ നേരിടുന്ന കാര്യത്തിൽ തൃണമൂലിനു മാത്രമേ ഗൗരവതരമായ നിലപാടുള്ളൂ’ 

സീതാറാം യച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി): ‘ബിജെപിയുമായി ധാരണയുണ്ടെന്ന കാര്യം പൂർണമായി നിഷേധിക്കുന്നു. തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയാണിത്. ഇടതുപക്ഷ പ്രവർത്തകർക്കുനേരെ അവർ അഴിച്ചുവിട്ട അക്രമങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഞങ്ങൾ ബിജെപിക്കും തൃണമൂലിനും ഒരുപോലെ എതിരാണ്. തൃണമൂലും ബിജെപിയും തമ്മിൽ രഹസ്യഇടപാടുകളുണ്ട്. നാരദ, ശാരദ, റോസ്‍വാലി കുംഭകോണ കേസുകളിൽ സിബിഐ മെല്ലെപ്പോകുന്നതിന്റെ കാരണം തൃണമൂൽ വിശദീകരിക്കണം. തൃണമൂലും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്’ –