Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ‌ വീണ്ടും പ്രത്യക്ഷപ്പെട്ട് കിം; ബന്ധത്തിൽ നല്ല മാറ്റങ്ങളെന്ന് ഷി

kim-xi-jing-ping കിം ജോങ് ഉന്നും ഷി ചിൻപിങ്ങും കൂടിക്കാഴ്ചയ്ക്കിടയിൽ ചിത്രം: ഷിൻഹുവ ന്യൂസ്

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കൻ ചൈനയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നതെന്നാണു വിവരം.

ഡാലിയൻ നഗരത്തിലെ കടൽ തീരത്ത് ഇരുനേതാക്കളും നടന്നു സംസാരിക്കുന്ന ചിത്രം ചൈനീസ് മാധ്യമമായ സിസിടിവി പുറത്തുവിട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു കൂടിക്കാഴ്ചയെന്നു ഷിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മാര്‍ച്ചിന് ശേഷം ഇതു രണ്ടാം തവണയാണ് കിം ചൈനയിലെത്തുന്നത്. ഉത്തര കൊറിയയെക്കുറിച്ചടക്കം വിവിധ വിഷയങ്ങൾ ചൈനയുമായി ചർച്ച ചെയ്യുമെന്നു തൊട്ടുപിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തു.

കിമ്മും താനും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ചൈന– ഉത്തരകൊറിയ ബന്ധത്തിലും കൊറിയൻ മേഖലയിലെ സാഹചര്യങ്ങളിലും ഗുണകരമായ മാറ്റങ്ങളുണ്ടായി. അതിൽ അതിയായ സന്തോഷമുണ്ട്– ഷി വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിനായി ഇനിയും കൂടിക്കാഴ്ച ആവശ്യമെങ്കിൽ തയാറാണെന്നും ഷി പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ട്രെയിനിലായിരുന്നു കിം ബെയ്ജിങ്ങിലെത്തിയത്. 2011ൽ അധികാരത്തിലെത്തിയ ശേഷം കിമ്മിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു ചൈനയിലേക്കുള്ളത്. തിരികെ ഉത്തര കൊറിയയിലേക്കു മടങ്ങുന്നതു വരെ സന്ദർശന വിവരം രഹസ്യമാക്കി വച്ചിരുന്നു. ഇത്തവണ കിം ചൈനയിലെത്തിയതു വിമാനത്തിലാണെന്ന് ഒരു ജാപ്പനീസ് മാധ്യമം റിപ്പോർട്ടു ചെയ്തു.