Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണയിൽ ‘വഴുതി’ രൂപ; പ്രവാസികൾക്കു നേട്ടം, ഇന്ത്യയ്ക്ക് വിലക്കയറ്റത്തിന്റെ നാളുകൾ

പിങ്കി ബേബി
Rupee Dollar

കൊച്ചി∙ രൂപയുടെ മൂല്യം പടുകുഴിയിലേക്കു പോകുകയാണ്. അസംസ്കൃത എണ്ണവില കുതിക്കുകയും ഡോളർ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 70ന്റെ പടികടക്കാൻ രൂപയ്ക്ക് ഇനി അധികനാൾ വേണ്ടിവരില്ല. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണു രൂപ ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഇന്നും 14 പൈസയുടെ ഇടിവു നേരിട്ട രൂപ ഡോളറിനെതിരെ 67.27 എന്ന നിലവാരത്തിലേക്കിടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക, ഡിബിഎസ് ബാങ്ക്, ഐഎഫ്എ ഗ്ലോബൽ തുടങ്ങിയ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെല്ലാം പ്രവചിക്കുന്നത് എഴുപതിനും താഴേക്കു രൂപയുടെ മൂല്യം ഇടിയുമെന്നാണ്. അതും ഈ വർഷം തന്നെ. രൂപയുടെ മൂല്യം എഴുപതിലേക്കെത്തിയാൽ നിത്യജീവിതത്തെ അത് ഏതൊക്കെ തരത്തിൽ ബാധിക്കും?

∙ രൂപ ഇടിയുന്നതെന്തുകൊണ്ട്?

അസംസ്കൃത എണ്ണവിലയിൽ ദിനംപ്രതിയുണ്ടാകുന്ന കയറ്റമാണു രൂപയുടെ മൂല്യമിടിയാനുള്ള പ്രധാന കാരണം. യുഎസ് എണ്ണയുടെ വില ബാരലിന് 70 ഡോളർ കടന്നു. നവംബർ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഡോളർ ശക്തിപ്രാപിക്കുന്നതാണു മറ്റൊരു കാരണം. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഉണർവ് ഡോളറിനെ വർഷത്തിലെ ഏറ്റവും മികച്ച നിലവാരത്തിനു തൊട്ടടുത്തെത്തിച്ചിട്ടുണ്ട്.

∙ രൂപ തളർന്നാൽ എന്തൊക്കെ ദോഷഫലങ്ങൾ

ഇറക്കുമതിച്ചെലവു കൂട്ടുമെന്നതാണു രൂപയുടെ മൂല്യത്തകർച്ച രാജ്യത്തിനുണ്ടാക്കുന്ന ഏറ്റവും വലിയ ആഘാതം. എണ്ണവില കൂടിവരുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കുവേണ്ടി രാജ്യം കൂടുതൽ പണം നൽകണം. ഇതു രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂട്ടും. ഉയർന്ന കറന്റ് അക്കൗണ്ട് കമ്മി രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കും. എണ്ണച്ചെലവു കൂടുന്നതു ഉയർന്ന ഇന്ധനവിലയായി മാറും.

ഉയർന്ന ഇന്ധനവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കും. വിലക്കയറ്റം പണപ്പെരുപ്പത്തോതു കൂട്ടും. ഉയർന്ന പണപ്പെരുപ്പവും രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കും.

വിദേശരാജ്യങ്ങളിലെ പഠനം, വിനോദയാത്ര എന്നിവയുടെ ചെലവും രൂപ തളർന്നാൽ കൂടും. ഇറക്കുമതി ചെയ്ത ഘടകങ്ങൾക്കൊണ്ടു നിർമിക്കുന്ന കംപ്യൂട്ടറുകൾ, കാർഡുകൾ, സ്മാർട്ഫോണുകൾ എന്നിവയുടെ വില കൂടും. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.

∙ നേട്ടമുണ്ടാക്കുന്നവർ

രൂപയുടെ തളർച്ച ചില മേഖലകളിൽ നേട്ടമുണ്ടാക്കും. കയറ്റുമതിക്കാർക്കു കൂടുതൽ പണം ലഭിക്കും. കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും കച്ചവടവും കൂടുതൽ നേട്ടത്തിലാകും. ഉദാഹരണത്തിന് ഐടി സേവനങ്ങൾ വിദേശ രാജ്യത്തേക്കു കയറ്റിയയയ്ക്കുന്ന നമ്മുടെ ടെക് കമ്പനികളുടെ ലാഭം വർധിക്കും. വൻതോതിൽ വിദേശത്തേക്കു മരുന്നു കയറ്റി അയയ്ക്കുന്ന ഫാർമാ കമ്പനികളും രൂപയുടെ മൂല്യം കുറഞ്ഞാൽ നേട്ടമുണ്ടാക്കും. നാട്ടിലേക്കു പണമയ്ക്കുന്ന പ്രവാസികൾക്കും രൂപയുടെ മൂല്യത്തകർച്ച നേട്ടമാണ്.