Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതാളത്തിൽ പതിക്കുന്നത് ഇന്ത്യയുടെ അന്തസ്സാണ്: തോമസ് ഐസക്

Thomas Isaac തോമസ് ഐസക്. ബിജെപിയുടെ പേരിൽ പ്രചരിച്ച വ്യാജ സർവേ ഫലം.

തിരുവനന്തപുരം∙ രാജ്യാന്തര മാധ്യമമായ ബിബിസിയുടെ പേരിൽ കർണാടകയുടെ വ്യാജ സർവേഫലം ഉണ്ടാക്കി പ്രചരിപ്പിച്ചതിലൂടെ ബിജെപി രാജ്യത്തെ നാണം കെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക്. നുണ മാത്രമാണു സംഘപരിവാറിന്റെ പ്രചരണായുധം. രാജ്യം ഭരിക്കുന്ന കക്ഷി നുണ പ്രചരിപ്പിക്കുമ്പോൾ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നാണം കെടുന്നത് ഇന്ത്യയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന വ്യാജസർവേ പ്രചാരണമാണു ബിജെപിയുടെ പേരിൽ നടന്നത്. ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു പ്രചാരണം. എന്നാൽ തങ്ങൾ ഇത്തരമൊരു സർവെയെ നടത്തിയിട്ടില്ലെന്നു ബിബിസി ട്വീറ്റ് ചെയ്തതോടെ ബിജെപി പ്രതിരോധത്തിലായി.

തോമസ് ഐസക്കിന്റെ കുറിപ്പിൽനിന്ന്:

കഴിഞ്ഞ ഡിസംബറിലാണ്. ബിജെപി പ്രവർത്തകർക്ക് ചാണക്യതന്ത്രങ്ങളോതാൻ സംഘടിപ്പിച്ച യോഗത്തിൽ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്.ഈശ്വരപ്പ നടത്തിയ പ്രസംഗം വിവാദമായി. ജനങ്ങളോട് നുണ പറഞ്ഞാലും പ്രശ്‌നമില്ല ഒരു കാര്യവും അറിയില്ലെന്നു പറയാന്‍ പാടില്ലെന്നായിരുന്നു ഈശ്വരപ്പ ഉപദേശിച്ച തന്ത്രം. നുണ മാത്രമാണു സംഘപരിവാറിന്റെ പ്രചരണായുധം. ആവും മട്ടിൽ അതു പ്രചരിപ്പിച്ചോളൂ എന്നാണു കർണാടകത്തിലെ ബിജെപിക്കാരെ ഈശ്വരപ്പ ഉപദേശിച്ചത്. അത്തരം നുണകളിൽ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞു പാളീസായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ പിടിക്കപ്പെട്ടത് ബിബിസിയുടെ പേരിൽ നടത്തിയ അഭ്യാസം. കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടുമെന്ന് ബിബിസിയുടെ പേരിൽ വ്യാജ തിരഞ്ഞെടുപ്പു സർവേഫലം തയാറാക്കി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. തങ്ങൾ അങ്ങനെയൊരു സർവേ നടത്തിയിട്ടില്ലെന്നു ബിബിസി പരസ്യമായി തുറന്നടിച്ചതോടെ ആ ഗുണ്ടു പൊട്ടി. വിശ്വസനീയമെന്നു തോന്നിപ്പിക്കാൻ ബിബിസിയുടെ ലോഗോയൊക്കെ പതിപ്പിച്ചാണു സന്ദേശം തയാറാക്കിയത്.

ബിജെപിയ്ക്ക് 135, ജനതാദളിന് 45, കോൺഗ്രസിന് 35 എന്നിങ്ങനെയാണു സർവേ ഫലം. ഭരണകക്ഷി മൂന്നാംസ്ഥാനത്താവുമെന്ന വ്യാജ സർവേഫലം ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. അതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിൽ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു ബിബിസിയ്ക്കു പരസ്യമായി പറയേണ്ടി വന്നത്.

രാജ്യം ഭരിക്കുന്ന കക്ഷി കണ്ണും പൂട്ടി നുണ പ്രചരിപ്പിക്കുമ്പോൾ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നാണം കെടുന്നത് ഇന്ത്യയാണ്. ഏറ്റവും മുകൾത്തട്ടു മുതൽ വിശ്വസനീയമായി നുണ പറയാനുള്ള പരിശീലനം കൊടുത്താണു പ്രവർത്തകരെ സമൂഹത്തിലിറക്കുന്നത്. ജനങ്ങളോടു ധൈര്യമായി നുണ പറഞ്ഞോളൂ എന്നു പ്രവർത്തകരെ ആഹ്വാനം ചെയ്ത ഈശ്വരപ്പ ഒറ്റപ്പെട്ട നേതാവല്ല. കേന്ദ്ര ഭരണകക്ഷി ഈ വിധം തരംതാഴുമ്പോൾ പാതാളത്തിൽ പതിക്കുന്നത് ഇന്ത്യയുടെ അന്തസ്സാണ്.

related stories