Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പിരിറ്റ് പിടിക്കാന്‍ എക്സൈസിന് താല്‍പര്യമില്ല, മൂന്നു മാസമായി കേസുകളേ ഇല്ല

narcotic-control-bureau-seizes-ganja ചെന്നൈയില്‍ നക്കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ 425 കിലോ കഞ്ചാവും ലോറിയും (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളത്തിലേക്കു സ്പിരിറ്റ് ഒഴുകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളപ്പോഴും അനധികൃത സ്പിരിറ്റ് കടത്ത് തടയാന്‍ എക്സൈസിനു മടി. 2017 ഡിസംബറിനുശേഷം ഒരു ലീറ്റര്‍ സ്പിരിറ്റുപോലും പിടിക്കാന്‍ എക്സൈസിനു കഴിഞ്ഞിട്ടില്ല. സ്പിരിറ്റു പിടിക്കാന്‍ മിനക്കെടാതെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു വീഴ്ചയ്ക്കു കാരണം.

2017 ജനുവരിയില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് എക്സൈസ് പിടിച്ചത് 12.7 ലീറ്റര്‍ സ്പിരിറ്റാണ്. ഫെബ്രുവരിയില്‍ കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്ന് 144 ലീറ്റര്‍. മാര്‍ച്ചില്‍ ആലപ്പുഴയില്‍നിന്നു വെറും 2.5 ലിറ്റര്‍. ഏപ്രിലില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്ന് 1,337 ലീറ്റര്‍. മേയ് മാസത്തില്‍ അനധികൃത സ്പിരിറ്റ് പിടിച്ചില്ല. ജൂണ്‍ മാസത്തില്‍ എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് 281 ലീറ്ററും ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തുനിന്ന് 685 ലീറ്ററും ഓഗസ്റ്റില്‍ ആലപ്പുഴയില്‍നിന്ന് അഞ്ചു ലീറ്ററും സെപ്റ്റംബറില്‍ എറണാകുളത്തുനിന്ന് 4,095 ലീറ്റര്‍ സ്പിരിറ്റും പിടിച്ചു. ഒക്ടോബറില്‍ ആലപ്പുഴയില്‍നിന്ന് 105 ലീറ്ററും നവംബറില്‍ കോട്ടയത്തുനിന്ന് 0.15 ലീറ്ററും. ഡിസംബറില്‍ ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് 1,687 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചതിനുശേഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരു ലീറ്റര്‍ സ്പിരിറ്റ്പോലും പിടിക്കാന്‍ എക്സൈസിനു കഴിഞ്ഞില്ല. മാസങ്ങളായി പല ജില്ലകളിലും ഒരു ലീറ്റര്‍ സ്പിരിറ്റുപോലും പിടിച്ചിട്ടില്ലെന്നും എക്സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മധ്യ കേരളത്തിലേക്കു സ്പിരിറ്റെത്തിക്കുന്നവരില്‍ പ്രധാനിയായ ഡ്രൈവര്‍ ജോസി സെബാസ്റ്റ്യനെ ടോറസ് ലോറിയില്‍ കടത്താനായി കൊണ്ടുവന്ന 7,000 ലീറ്റര്‍ സ്പിരിറ്റുമായി മാര്‍ച്ച് മാസത്തില്‍ കര്‍ണാടകയില്‍ അറസ്റ്റു ചെയ്തിരുന്നു. സ്പിരിറ്റ് കടത്തുകാരുടെ വിശ്വസ്തനായ ഈ കോട്ടയം സ്വദേശി മംഗലാപുരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇയാള്‍ കേരളത്തിലേക്കു തുടര്‍ച്ചയായി സ്പിരിറ്റ് കടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചെങ്കിലും കേരളത്തിനു താല്‍പര്യമില്ലാത്തതിനാല്‍ നടപടികള്‍ മുന്നോട്ടുപോകാത്ത സാഹചര്യമാണ്.

∙ സ്പിരിറ്റ് കുറയുന്നതല്ല, ജോലി ചെയ്യാന്‍ ‘സ്പിരിറ്റില്ല’

സ്പിരിറ്റ് കടത്തു കുറഞ്ഞതുകൊണ്ടല്ല കേരളത്തിലെ കേസുകളുടെ എണ്ണം കുറയുന്നത്, സ്പിരിറ്റ് പിടിക്കാന്‍ എക്സൈസിനു താല്‍പര്യമില്ലാത്തതുകൊണ്ടാണ്. മാസങ്ങള്‍ നീളുന്ന ആസൂത്രണത്തിനൊടുവിലാണു സ്പിരിറ്റ് മാഫിയ കേരളത്തിലേക്കു സ്പിരിറ്റ് കൊണ്ടുവരുന്നത്. അവരെ തകര്‍ക്കണമെങ്കില്‍ അതിലും ശക്തമായ ആസൂത്രണം വേണം. മാഫിയ സംഘങ്ങളിലേക്കു നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ മിടുക്കുള്ള ഉദ്യോഗസ്ഥരുടെ ടീമുണ്ടാക്കണം. ജീവനു ഭീഷണിയുള്ള സാഹചര്യങ്ങളെ നേരിട്ടു കുറ്റവാളികളെ അറസ്റ്റു ചെയ്യണം. ഇതിനൊന്നും മിനക്കെടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു താല്‍പര്യമില്ല. പിടിക്കാന്‍ താരതമ്യേന എളുപ്പമുള്ള പുകയില കേസുകള്‍ പിടിക്കാനാണ് എല്ലാ ജില്ലകളിലെയും എക്സൈസ് ഉന്നതര്‍ക്കു താല്‍പര്യം. ഒരു ലീറ്റര്‍ സ്പിരിറ്റ് പോലും പിടിക്കാത്ത 2017 ഡിസംബറിനുശേഷമുള്ള കണക്കുകള്‍ അതിനു െതളിവാണ്.

2017 ഡിസംബറില്‍ സിഗരറ്റ് മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള കോട്പ നിയമപ്രകാരം 8,776 കേസുകളാണ് എക്സൈസ് റജിസ്റ്റര്‍ ചെയ്തത്. ജനുവരിയില്‍ 7,347, ഫെബ്രുവരിയില്‍ 5,540, മാര്‍ച്ചില്‍ 5,588 കേസുകളും റജിസ്റ്റര്‍ ചെയ്തു.

∙ സിപിരിറ്റ് കടത്തിന്റെ രീതികള്‍ മാറുന്നു

സ്പിരിറ്റ് കടത്തിനു മാഫിയ സംഘങ്ങള്‍ ആധുനിക രീതികള്‍ അവലംബിക്കുമ്പോഴും പഴയ തന്ത്രങ്ങളുമായാണ് എക്സൈസ് സംഘത്തിന്റെ നീക്കം. കമ്പി ഉപയോഗിച്ചു വാഹനങ്ങളില്‍ കുത്തി നോക്കുന്നതാണു പഴയതും ഇപ്പോഴും തുടരുന്നതുമായ രീതി. അല്ലെങ്കില്‍ ചെക്ക്‌പോസ്റ്റിലെത്തുന്ന സംശയം തോന്നുന്ന വണ്ടികള്‍ മുന്നോട്ടെടുത്തു ബ്രേക്കിടാന്‍ ഡ്രൈവറോട് ആവശ്യപ്പെടും. സ്പിരിറ്റിന്റെ കുലുക്കം തിരിച്ചറിയാനാണിത്. സ്പിരിറ്റ് മാഫിയ ആധുനിക സജ്ജീകരണങ്ങളുള്ള വലിയ ലോറികളില്‍ കടത്തല്‍ തുടങ്ങിയതോടെ ഈ രീതികള്‍ ഫലപ്രദമല്ലാതായി. വലിയ ലോറികളില്‍ പ്രത്യേകമായി നിര്‍മിച്ച അറകളില്‍ സൂക്ഷിക്കുന്ന സ്പിരിറ്റ് കണ്ടെത്താന്‍ എക്സൈസിനു സംവിധാനങ്ങളില്ല. കണ്ടെയ്നര്‍ ലോറികള്‍ പരിശോധിക്കുന്നതും പ്രയാസമാണ്. ചെക്ക്‌പോസ്റ്റുകളില്‍ സ്കാനര്‍ സ്ഥാപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ചെലവു കൂടുതലായതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. സ്ഥിരമായി കേരളത്തിലേക്കു വരുന്ന ലോറികളും വലിയ കമ്പനികളുടെ പേരിലെത്തുന്ന ലോറികളും പരിശോധന കൂടാതെ കടത്തിവിടുകയാണു ചെയ്യുന്നത്. ഇതെല്ലാം മാഫിയ മുതലെടുക്കുന്നു.

ആന്ധ്രയില്‍നിന്ന് 425 കിലോ കഞ്ചാവുമായെത്തിയ ലോറി ഏഴാം തീയതി വൈകുന്നേരം ചെന്നൈയിലെ മാധവാരം ടോള്‍ഗേറ്റില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയിരുന്നു. ആന്ധ്രയിലെ വിജയനഗരത്തില്‍നിന്നു രാസവസ്തുക്കളുമായി തൂത്തുകുടിയിലേക്കു പോകുകയായിരുന്ന ലോറിയില്‍ 14 ചാക്കുകളിലായി കടത്തിയ കഞ്ചാവാണു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. തൂത്തുക്കുടിയില്‍നിന്നു കേരളമടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാനായിരുന്നു നീക്കമെന്നാണു ലഭിക്കുന്ന വിവരം. കേരളത്തിലേക്കു കടത്തു കൂടുന്നതിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിനു കൈമാറിയിട്ടുണ്ട്.

related stories