Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം–ട്രംപ് ചർച്ച ജൂൺ 12ന് സിംഗപ്പൂരിൽ; ലോക സമാധാനത്തിനുള്ള മുഹൂർത്തമാക്കുമെന്ന് ട്രംപ്

Donald Trump, Kim Jong Un യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി. ജൂൺ 12 ന് സിംഗപ്പൂരിലാകും ചർച്ച നടക്കുകയെന്ന് ‍ഡോണൾഡ് ട്രംപ് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. നമ്മൾ ഇരുവരും ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂർത്തമാക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളുൾ‌പ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ ചർച്ചകളുണ്ടാകുമോയെന്നാണു ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ആണവ, ആയുധ പരീക്ഷണങ്ങളുടെ പേരിലാണ് യുഎസ്–ഉത്തര കൊറിയ വൈരം രൂക്ഷമായതും. ഉത്തര കൊറിയയിൽ തടവിലായിരുന്ന മൂന്ന് യുഎസ് പൗരന്മാർ രാജ്യത്തെത്തി മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ അറിയിപ്പു വന്നതെന്നതും ശ്രദ്ധേയമാണ്. ശരിയായ ലോകത്തിലേക്കു ഉത്തരകൊറിയയെയും എത്തിക്കാനുള്ള കിമ്മിന്റെ ആഗ്രഹമാണു ഇതിനു പിന്നിലുള്ളതെന്നും ട്രംപ് പ്രതികരിച്ചു.

യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കും. അർഥവത്തായി എന്തെങ്കിലും ചെയ്യാനുള്ള അവസരമായിരിക്കും ഇത്. മേഖലയെ ആണവ വിമുക്തമാക്കിയാൽ എന്റെ ഏറ്റവും അഭിമാനിക്കാവുന്ന നേട്ടമാകും അത്– ട്രംപ് വാചാലനായി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണു യുഎസ് ചർച്ചയിൽ മുന്നോട്ടുവയ്ക്കുക. കൊറിയൻ ഉപദ്വീപിൽ നിന്നു യുഎസ് സേനയുടെ പിന്മാറ്റവും ചർച്ചാവിഷയമാകും. ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ 22 നു കാണുന്നുണ്ട്. വൈറ്റ് ഹൗസിലാണ് ഈ കൂടിക്കാഴ്ച.