Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹര്‍ത്താലുകളില്‍ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കണമെന്ന് തച്ചങ്കരി

Tomin J Thachankary as KSRTC Conductor കെഎസ്ആർടിസിയിൽ കണ്ടക്ടർ ഡ്യൂട്ടി ചെയ്യുന്ന ടോമിൻ തച്ചങ്കരി – ഫയൽ ചിത്രം.

തിരുവനന്തപുരം∙ നഷ്ടത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയെ ഹർത്താലുകളിൽനിന്ന് ഒഴിവാക്കണമെന്ന് മാനേജിങ് ഡയറക്ടർ‌ ടോമിൻ ജെ.തച്ചങ്കരി. രാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യർഥിച്ചു.

 സർവീസുകൾ നടത്താൻ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹർത്താൽ അനുകൂലികൾ പലപ്പോഴും കെഎസ്ആർടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടംകൂടി കോർപറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികൾ, പാൽവിതരണം, പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആർടിസിയെയും അവശ്യസർവീസായി പ്രഖ്യാപിക്കണം– തച്ചങ്കരി ആവശ്യപ്പെട്ടു. 

പ്രാദേശികാടിസ്ഥാനത്തിൽ നടത്തുന്ന ഹർത്താലുകൾ പോലും കനത്ത ആഘാതമാണ് കെഎസ്ആർടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്ത്, സ്വന്തം സ്വത്തിനും ജീവനക്കാർക്കും സംരക്ഷണം നൽകേണ്ട ബാധ്യത മറുവശത്ത്. രണ്ടിനുമിടയിൽ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക്.  ഈ ദുരിതത്തിൽനിന്ന് കെഎസ്ആർടിസിയെ സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുൻകൈയെടുക്കണമെന്നും ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടർ നടപടികൾ സ്വീകരിക്കണമെന്നും തച്ചങ്കരി അഭ്യർഥിച്ചു.

related stories