Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുങ്ങിയ ജീവനക്കാര്‍ക്ക് നോട്ടിസ്; 464 പേരെ പിരിച്ചുവിടുമെന്ന് കെഎസ്ആര്‍ടിസി

ksrtc കെഎസ്ആർടിസി ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ. ഫയൽ ചിത്രം: മനോരമ

തിരുവനന്തപുരം ∙ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചശേഷം ജോലിയ്ക്കെത്താത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മാനേജ്മെന്റ്. അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ അടുത്തമാസം പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു കോര്‍പറേഷൻ നോട്ടിസ് നല്‍കി. അഞ്ചുവര്‍ഷത്തെ അവധി കഴിഞ്ഞും ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാര്‍ക്കും നോട്ടിസ് നല്‍കി. മേയ് 25നകം ജോലിയില്‍ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എഡിഇ തസ്തികയിലുള്ളവരാണു മുങ്ങിയ ജീവനക്കാര്‍. നിശ്ചിത സമത്തിനുള്ളില്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു തീരുമാനം. ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണു കര്‍ശന നടപടി. കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും. അതതു യൂണിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം.

പതിനാലുദിവസം കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കണം. ഭരണവിഭാഗം മേധാവി അംഗീകരിച്ചാലേ അവധിയില്‍ തുടരാന്‍ കഴിയൂ. 90 ദിവസംവരെയുള്ള അവധികള്‍ ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാല്‍ സിഎംഡിയുടെ അനുവാദം വേണം. വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകുന്നവര്‍ ദീര്‍ഘകാല അവധിയെടുക്കാറുണ്ട്. അവധിയെടുത്തു കേരളത്തില്‍ ജോലി ചെയ്യാനാവില്ല. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ 34,966 സ്ഥിരം ജീവനക്കാരാണുള്ളത്.

അവധിയിലുള്ള ജീവനക്കാര്‍ അടുത്തമാസം പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു കോര്‍പറേഷൻ നല്‍കിയ നോട്ടിസ്.
related stories