Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചത്തെന്ന് അവർ കരുതി, ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു: കെ.രാധാകൃഷ്ണൻ

K-Radhakrishnan

തിരുവനന്തപുരം∙ ഫസൽ കേസ് അന്വേഷണത്തിൽനിന്നു തന്നെ തെറിപ്പിച്ച ശേഷം തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ ഓർമകളും വേദനകളും അന്നു ഡിവൈഎസ്പി ആയിരുന്ന രാധാകൃഷ്ണനെ ഇന്നും വിട്ടുമാറിയിട്ടില്ല. 

ഇടിക്കട്ട കൊണ്ട് ഇടി; മൂക്ക് ചിതറി 

അന്വേഷണത്തിൽനിന്നു നീക്കി രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു ഹർത്താൽ ദിനത്തിൽ അവധിയിലായിരുന്ന തനിക്കു തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. രാത്രി മടങ്ങുമ്പോൾ സുഹൃത്തായ രാജേഷിന്റെ വീട്ടിൽ ഭക്ഷണത്തിനു കയറി. ഈ സമയം അറുപതോളം പേർ വീടുകയറി ആക്രമിച്ചു.

ക്രൂരമർദനത്തിൽ തളർന്ന രാജേഷ് പതിനഞ്ചാം ദിവസവും അദ്ദേഹത്തിന്റെ ഡ്രൈവർ രാമചന്ദ്രൻ ഒരു വർഷത്തിനകവും മരിച്ചു. ഇടിക്കട്ട കൊണ്ട് ഇടിയേറ്റ് എന്റെ മൂക്ക് ചിതറിപ്പോയി. നട്ടല്ല് തകർത്തു. െബൽറ്റ് ഇട്ടാണ് ഇപ്പോൾ നടക്കുന്നത്. ഒന്നര വർഷത്തെ ചികിൽസ വേണ്ടിവന്നു. 

ആശുപത്രിയിൽ ഗൂഢാലോചന

മരിച്ചെന്നു കരുതിയാണ് അന്ന് അക്രമികൾ മടങ്ങിയത്. രണ്ടര മണിക്കൂർ കഴിഞ്ഞു പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റുന്നത്. മരിച്ചില്ല എന്നറിഞ്ഞതോടെ, എന്റെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും അനാവശ്യം കാട്ടിയതിനു നാട്ടുകാർ ആക്രമിച്ചതാണെന്നും കഥ മെനഞ്ഞു. അതിന്റെ പേരിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.

അന്വേഷണം നടക്കുന്ന സമയത്ത് ആ സ്ത്രീയെ എനിക്കു ക്രോസ് വിസ്താരം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നാലു പ്രാവശ്യം വിളിച്ചിട്ടും ഹാജരായില്ല. ഗൾഫിൽനിന്നു വന്ന ഒരു സ്ത്രീയെ അന്നു പാർട്ടിക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു. അപകടം മണത്ത് അവർ രക്ഷപ്പെടുകയായിരുന്നു. 

സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. കള്ളക്കേസിൽ കുടുക്കിയതിനെ വിമർശിച്ച് എത്രയും വേഗം തിരിച്ചെടുക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു. 

സർവീസിലേക്ക് വീണ്ടും

സുപ്രീം കോടതി നിർദേശവും പാലിച്ചില്ല. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹർജി നൽകുമെന്നായപ്പോൾ കോഴിക്കോട് നർട്ടികോട്ടിക് സെല്ലിൽ എസിപി ആയി നിയമിച്ചു. എന്റെ പേരിലുള്ള കുറ്റാരോപണങ്ങളെല്ലാം നീങ്ങിയതോടെ 2012ൽ എസ്പി ആയി സ്ഥാനക്കയറ്റം കിട്ടി. എക്സൈസ് വകുപ്പിൽ ഡപ്യൂട്ടേഷനിൽ അഡി. എൻഫോഴ്സ്മെന്റ് കമ്മിഷണറായി. 2016ൽ ഐപിഎസ് കിട്ടുമെന്നായപ്പോൾ അതു മുൻകൂട്ടി തടയാനും പാർട്ടി ശ്രമിച്ചു. എക്സൈസിലുണ്ടായിരുന്ന സമയത്തെ പഴയ കേസ് തപ്പിയെടുത്തു വീണ്ടും സസ്പെൻഡ് ചെയ്യിച്ചു.  

ഇടുക്കി ജില്ലയിലെ ഒരു കഞ്ചാവുകേസിൽ നടത്തിയ അന്വേഷണം നീതിയുക്തമല്ലെന്നും കഞ്ചാവുമാഫിയയുമായി ബന്ധമുണ്ടെന്നും കാട്ടി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്റെ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ക്രൈംബാഞ്ച് എസ്പി കോൺഫിഡൻഷ്യൻ ആയി അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്തു. അന്വേഷണത്തിൽ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. അതില്ലാതെ, കെഎസ്ഇബി വിജിലൻസ് എസ്പിയുടെ ചുമതല വഹിച്ചിരുന്ന എന്നെ നീക്കി. 

സസ്പെൻഷൻ കാലയളവിലാണ് ഐപിഎസ് പ്രഖ്യാപിക്കുന്നത്. സർവീസിൽ ഇല്ലാത്തയാൾക്കു പോസ്റ്റിങ് നൽകാവില്ലെന്ന സാങ്കേതികത്വം ഉയർത്തി പിന്നെ നിയമനം മരവിപ്പിച്ചു.

ശമ്പളമില്ല

നിയമപ്രകാരം, സ്റ്റേറ്റ് സർവീസിലുള്ളയാൾക്ക് കേന്ദ്ര സർവീസിലേക്കു സ്ഥാനക്കയറ്റം കിട്ടുമ്പോൾ അയാളെ പുനർനിയമിച്ച ശേഷം അന്വേഷണമോ ശിക്ഷണനടപടിയോ സ്വീകരിക്കാമെന്നാണു ചട്ടം. 

ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയാണെങ്കിൽ 90 ദിവസത്തിനകം മെമ്മോ ചാർജ് കൊടുക്കണം. അതൊന്നും പാലിച്ചില്ല. കേന്ദ്ര, സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കോടതി സർക്കാർവാദം അംഗീകരിച്ചു തീരുമാനം സ്റ്റേ ചെയ്തു. 

എന്റെ ഭാഗം കേൾക്കാൻ കോടതി അവസരം തന്നില്ല. ഒന്നര വർഷമായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ല. നിലവിൽ ഇന്ത്യൻ പൊലീസ് സർവീസിലാണെന്നു സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയിലുണ്ട്. 2021 വരെ സർവീസുണ്ട്. തിരിച്ചെടുക്കണമെന്ന അഭ്യർഥനയുമായി മുഖ്യമന്ത്രിയെ കണ്ടപ്പോഴും അവഗണനയാണുണ്ടായത്. 

related stories