Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷം തെളിയാത്ത ഒരു കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് തെളിയിച്ച കഥ

10-year-old-murder

2007 നവംബര്‍ 23. വിവാദമായ  വള്ളംകുളം നന്നൂർ സ്പിരിറ്റ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവാമനപുരം ത്രിവേണിയില്‍ അരുണാണ് (42) കൊല്ലപ്പെട്ടത്. സ്പിരിറ്റ് കേസിലെ പ്രതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്പിരിറ്റ് കടത്തുകേസിലെ പ്രതികളെയും കൊല്ലപ്പെട്ട അരുണിന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

പത്തു വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളിലേക്കെത്താന്‍ പൊലീസിനായില്ല. അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്പി നിശാന്തിനി ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ഇന്‍സ്പെക്ടര്‍ എ. നസീര്‍, ഗ്രേഡ് എസ്ഐ പവിത്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീര്‍, അജിത്ത്, ബിജു എന്നിവരാണ് പിന്നീട് കേസ് അന്വേഷിച്ചത്. 

ക്രൈംബ്രാഞ്ച് ആദ്യം അന്വേഷണവിധേയമാക്കിയത് കൊല്ലപ്പെട്ട അരുണിന്റെ ഇടപാടുകൾ. കൊല്ലപ്പെടുന്നതിന് കുറച്ചുനാള്‍ മുന്‍പ് അരുണിന്റെ വീട്ടില്‍നിന്ന് 10,000 ലീറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ അരുണിനൊപ്പം രണ്ടുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ചില പ്രതികളെ ഇപ്പോഴും പിടിക്കാനായിട്ടില്ല. കേസില്‍ കൂട്ടുപ്രതികളായിരുന്നവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സ്പിരിറ്റ് കച്ചവടവുമായി ബന്ധപ്പെട്ട് അരുണിന് ശത്രുക്കളുണ്ടെന്നും അവരാകും കൊലപ്പെടുത്തിയതെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി. അരുണിനോട് ശത്രുതയുണ്ടായിരുന്നവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി. ഇവരെ ഓരോരുത്തരെയും നിരീക്ഷിച്ചു. സംഭവം നടന്ന ദിവസം ഇവര്‍ അരുണിന്റെ വീട്ടിലെത്തിയോ എന്ന് അന്വേഷിച്ചു. ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചു. അന്വേഷണത്തെ സഹായിക്കുന്ന ഒരു തെളിവും ലഭിച്ചില്ല. 

murder-crime-scene

പോസ്റ്റുമോര്‍ട്ടം രേഖകള്‍ പൊലീസ് പരിശോധിച്ചു. മെലിഞ്ഞ ശരീരമാണ് അരുണിന്. വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. രക്തം വാര്‍ന്നാണ് മരണം. പൊലീസ് അരുണിന്റെ മാതാവിനെയും മകനെയും ചോദ്യം ചെയ്തു. അവരാണ് അരുണിനോടൊപ്പം താമസിച്ചിരുന്നത്. അരുണിന്റെ ഭാര്യയും മകളും അയാളുടെ ഉപദ്രവം സഹിക്കാനാകാതെ മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. മാതാവിനെയും 15 വയസുള്ള മകനെയും അരുണ്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചു. അരുണ്‍ മരിച്ചദിവസവും പ്രശ്നമുണ്ടായി. അരുണ്‍ അമ്മയെയും മകനെയും തല്ലി. നാട്ടുകാരും അരുണിനെക്കുറിച്ച് ഇതേ വിവരങ്ങളാണ് പങ്കുവച്ചത്. 

നാട്ടിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്, കൊല്ലപ്പെട്ട അരുണിന്റെ മകന്‍ (പത്തുവര്‍ഷം മുന്‍പ് സംഭവം നടക്കുമ്പോള്‍ 15 വയസ്. ഇപ്പോള്‍ 25) കുട്ടിക്കാലത്ത് മദ്യപിക്കുമായിരുന്നു എന്ന് പൊലീസിനു വിവരം ലഭിക്കുന്നത്.  അച്ഛന്‍ മദ്യശാലയിലേക്ക് കുട്ടിയെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടിരുന്നതായും ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

അരുണിന്റെ മകനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ആലപ്പുഴയിലാണ് ജോലി. മദ്യപിക്കുമെന്നറിഞ്ഞതിനാല്‍ കൊലപാതകം നടന്ന സമയത്തെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷിച്ചു. അരുണിന്റെ വീടിനടുത്തുള്ള വീട്ടിലെ 16 വയസുള്ള (സംഭവം നടക്കുമ്പോള്‍ 16 ഇപ്പോള്‍ 26) കുട്ടിയാണ് അടുത്ത സുഹൃത്തെന്നു കണ്ടെത്തി. കൊലപാതകം നടന്ന ദിവസം അരുണിന്റെ മകനോടൊപ്പം ഈ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. അയാള്‍ പത്തുവര്‍ഷം മുന്‍പ് നല്‍കിയ മൊഴികള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു. സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

Crime - representational image

അരുണിന്റെ മകന്‍ തന്റെ സുഹൃത്തായിരുന്നെന്നും സംഭവദിവസം അവനോടൊപ്പമുണ്ടായിരുന്നതായും അയാള്‍ മൊഴിനല്‍കി. കൊലപാതകം നടന്ന വീട്ടില്‍ പോയിരുന്നോ? അന്ന് അരുണിനെ ഏപ്പോഴാണ് കണ്ടത്? എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് അല്‍പം പരിഭ്രമത്തോടെയായിരുന്നു മറുപടി. കൊലപാതകം നടന്ന ദിവസം അരുണിനെ കണ്ടിരുന്നതായും വീട്ടില്‍ ബഹളം കേട്ട് അവിടെപോയി നോക്കിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്തായിരുന്നു ബഹളമെന്ന ചോദ്യത്തിനു വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി.

അരുണിന്റെ വീട്ടിലേക്ക് പോയത് എത്ര മണിക്കാണെന്ന ചോദ്യത്തിന് ആറു മണിക്കെന്നു മറുപടി നല്‍കി. പഴയ മൊഴികളുമായി ചേര്‍ത്തു പരിശോധിച്ചപ്പോള്‍ ചില്ലറ വ്യത്യാസങ്ങള്‍ പൊലീസ് കണ്ടെത്തി. എങ്കിലും കേസില്‍ പ്രതിചേര്‍ക്കാനാവശ്യമായ ഒന്നും ഉണ്ടായിരുന്നില്ല. പൊലീസ് വിട്ടയച്ച ഇയാള്‍ കുറച്ചു ദിവസത്തിനുശേഷം ഗള്‍ഫിലേക്ക് പോയി. പിന്നീട് വീണ്ടും തിരിച്ചു വന്നശേഷം ഗള്‍ഫിലേക്ക് സ്ഥിരജോലി കിട്ടി തിരിച്ചു പോയി. കേരളം വിട്ടു പോകുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണം എന്ന നിര്‍ദേശം ലംഘിച്ചായിരുന്നു യാത്ര. ഇതു പൊലീസിന് സംശയത്തിനിടയാക്കി.

അരുണിന്റെ മകന്‍ കൊലപാതകം നടന്ന നാട്ടില്‍നിന്നുമാറിയാണ്  താമസിച്ചിരുന്നത്. ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കൂട്ടുകാരന്‍ പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ ആവര്‍ത്തിച്ചു. മൊഴികളില്‍ ചെറിയ പൊരുത്തക്കേടുകള്‍ കണ്ടെങ്കിലും പൊലീസ് ഇയാളെയും വിട്ടയച്ചു. പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുമായി അന്വേഷണ സംഘം വിശദമായ ചര്‍ച്ച നടത്തി. മരിച്ച അരുണിന്റെ ശരീരത്തില്‍ അടിയേറ്റ 27 ചതവുകളുണ്ടായിരുന്നു.

വാരിയെല്ല് പൊട്ടിയിരുന്നു. വാരിയെല്ല് പൊട്ടിയത് മര്‍ദനത്തിലാണോ കട്ടിലില്‍ ഇടിച്ചിട്ടാണോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിച്ചത്. മർദ്ദനം ഏറ്റതാണെന്നുറപ്പായതോടെ മരണം നടന്ന ദിവസത്തെ സംഭവങ്ങള്‍ അന്വേഷണസംഘം സാങ്കല്‍പികമായി പുനര്‍നിര്‍മിച്ചു. പുറത്തുനിന്ന് ആരും അരുണിന്റെ വീട്ടിലേക്ക് വന്നതിന് തെളിവില്ല. മകനും കൂട്ടുകാരനുമാണ് വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നത്. അവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. 

അരുണിന്റെ മകനെ പൊലീസ് വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്തു. അച്ഛനെ കണ്ടിരുന്നതായും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ നിലപാട്. അരുണിന്റെ മാതാവിനെയും പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തു. സംഭവദിവസം അരുണ്‍ തന്നെ ഉപദ്രവിച്ചതായും പേരക്കുട്ടിയോടൊപ്പം അടുത്തുള്ള വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ പറഞ്ഞു. പിറ്റേന്നു രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് അരുണ്‍ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നും ഉടന്‍തന്നെ പൊലീസിനെ അറിയിച്ചെന്നും അവര്‍ പറഞ്ഞു. 

Crime Scene

അരുണിന്റെ മാതാവിന്റെയും മകന്റെയും മൊഴികളിലും വ്യത്യാസമുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്തു അരുണിന്റെ മകനിലേക്ക് പൊലീസ് ശ്രദ്ധതിരിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ മകന്‍ പരുങ്ങി. അയാളില്‍നിന്ന് മറ്റൊരു വിവരം പൊലീസിന് ലഭിച്ചു. അച്ഛന്‍ മരിച്ച വീട്ടിന്റെ പരിസരത്തേക്ക് പോയ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടിയുണ്ട്. ഇതുവരെയുള്ള മൊഴികളിലെല്ലാം മരിച്ച അരുണിന്റെ മകനും അയല്‍വാസിയായ കൂട്ടുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാമന്‍ ജോലികിട്ടി ബെംഗളൂരുവിലായിരുന്നു. പൊലീസ് അയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

‘വിട്ടയയ്ക്കുക’ എന്നതിനു ചില സന്ദര്‍ഭങ്ങളില്‍ പൊലീസ് ഭാഷയില്‍ മറ്റൊരു അര്‍ഥമാണ്. പ്രതികളെന്നു സംശയിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നു എന്നു സംശയം തോന്നാത്ത രീതിയില്‍ ജീവിക്കാന്‍ അനുവദിക്കും. അതിനുശേഷം രഹസ്യമായി അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. പൊലീസ് നിരീക്ഷിക്കുന്നില്ല എന്ന ചിന്ത വരുന്നതോടെ കുറ്റം ചെയ്തവര്‍ കൂട്ടാളികളുമായി ബന്ധപ്പെടും. പുതിയ തെളിവുകള്‍ പ്രത്യക്ഷപ്പെടും. ഈ കേസിലും സംഭവിച്ചത് അതാണ്.

പത്തുവര്‍ഷം മുന്‍പാണ് കൊലപാതകം നടന്നത്. അതിനുശേഷം അരുണിന്റെ മകന്‍ രണ്ടു കൂട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ മകന്റെ രണ്ടു കൂട്ടുകാരും(ബെംഗളൂരുവിലും ഗള്‍ഫിലുമുള്ളവർ‍) സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പൊലീസ് നീക്കങ്ങളില്‍ സംശയം തോന്നാത്തതിനാല്‍‌ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ വിളികള്‍ തുടര്‍ന്നു. ശക്തമായ തെളിവുകള്‍ ലഭിച്ച പൊലീസ് ബെംഗളൂരുവിലുള്ള ആളെ വിളിച്ചു വരുത്തി. മൊബൈല്‍ രേഖകളും മൊഴികളിലെ വൈരുധ്യവും കാണിച്ചുകൊടുത്തു.

സുഹൃത്തുക്കള്‍ കൊലപാതകത്തെക്കുറിച്ച് എല്ലാം പറഞ്ഞെന്ന രീതിയില്‍ കൊലപാതക രീതി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ആദ്യമെല്ലാം പിടിച്ചുനിന്നെങ്കിലും അയാള്‍ എല്ലാം ഏറ്റുപറഞ്ഞു. അരുണിന്റെ വീടിന്റെ തൊട്ടടുത്താണ് താമസം. സംഭവം നടന്ന ദിവസം അരുണ്‍ മകനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു. അരുണിന്റെ മകന്‍ പറഞ്ഞതനുസരിച്ചാണ് മൂന്നംഗ സംഘം വീട്ടിലെത്തി മർദ്ദിച്ചത്. ഗള്‍ഫിലേക്ക് പിന്നീടു പോയ സുഹൃത്താണ് അരുണിനെ ചവിട്ടിയത്. അരുണിന്റെ മകനെ ആദ്യ പ്രതിയാക്കി. ബെംഗളൂരുവില്‍നിന്നെത്തിയ യുവാവിനെ മൂന്നാം പ്രതിയുമാക്കി. ഇനി കിട്ടാനുണ്ടായിരുന്നത് ഗള്‍ഫിലേക്ക് പോയ സുഹൃത്തിനെയാണ്. വീട്ടുകാര്‍ വഴി അയാളെയും നാട്ടിലെത്തിച്ചു.

Handcuff

അച്ഛന്‍ അമ്മൂമ്മയെയും തന്നെയും സ്ഥിരം ഉപദ്രവിക്കുമായിരുന്നെന്ന് അരുണിന്റെ മകന്‍ പറഞ്ഞു. ഉപദ്രവം സഹിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്നു മർദ്ദിക്കാന്‍ തീരുമാനിച്ചത്. രാത്രി 8.30ന് അച്ഛന്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. മുളക്പൊടി എറിഞ്ഞ ശേഷം വടികൊണ്ട് അടിച്ചു. അതിനുശേഷം സുഹൃത്തിന്റെ വീട്ടിലെത്തി ഉറങ്ങിയെന്നും കൊല്ലപ്പെട്ട അരുണിന്റെ മകന്‍ പറഞ്ഞു. സംഭവം നടന്ന സമയത്ത് മൂന്നു പ്രതികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ തിരുവഞ്ചൂരിലെ ഗവ. ചിൽഡ്രൻസ് ഹോമിലെത്തിച്ചു. നിലവിൽ 25 വയസ്സുള്ള പ്രതിയെ ഒബ്സർവേഷൻ ഹോമിലെ കുട്ടികൾക്കൊപ്പം അഞ്ചു ദിവസത്തോളം പാർപ്പിക്കേണ്ടി വന്നതിലെ അപാകത കണക്കിലെടുത്ത് ഇവരെ പിന്നീട് തൃശൂരിലെ ‘സുരക്ഷിത ഇട’ത്തേക്കു (പ്ലേസ് ഓഫ് സേഫ്റ്റി) മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു. – ഒബ്സർവേഷൻ ഹോമിലെ കുട്ടികൾക്കൊപ്പം മുതിർന്നവരെ പാർപ്പിക്കരുതെന്നാണു ചട്ടം. ഇത്തരത്തിലുള്ളവരെ വിചാരണ നടപടികൾ പൂർത്തിയാകും വരെ ‘സുരക്ഷിത ഇടത്തിൽ’ (പ്ലേസ് ഓഫ് സേഫ്റ്റി) സംരക്ഷിക്കണം. സംസ്ഥാനത്ത് തൃശൂരിൽ മാത്രമാണ് ഇതുള്ളത്. 

നാലുമാസമെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയത്. സ്പിരിറ്റ് കേസിലെ പ്രതികളാകും കൊലചെയ്തതെന്ന നിഗമനത്തിലെത്തിയതാണ് അന്വേഷണം നീളാൻ ഇടയാക്കിയത്. ഇതിനിടെ പണ്ട് ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ’ ആരും സംശയിച്ചതുമില്ല. വേറിട്ട രീതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചതോടെ പത്തു വര്‍ഷത്തിനുശേഷം കുറ്റവാളികള്‍ പിടിയിലായി. മൊഴികളിലെ വൈരുദ്ധ്യവും മൊബൈല്‍ രേഖകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

related stories