ചലച്ചിത്ര നടൻ കലാശാല ബാബു അന്തരിച്ചു

കൊച്ചി∙ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. 

കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാൽ നാടകത്തിലേക്ക് മടങ്ങി.

തുടർന്ന് സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ലോഹിതദാസിന്റെ കസ്‌തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പരിചിതനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിശ്വനാഥൻ.