Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം: ഷുഹൈബ് വധത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

Shuhaib-1

കണ്ണൂർ∙ കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ അരുംകൊലയില്‍ കുറ്റപത്രമായി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കൊലയ്ക്കു കാരണം സിപിഎം–കോണ്‍ഗ്രസ് സംഘര്‍ഷമാണെന്നു കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നു. മട്ടന്നൂര്‍ മജിസ്ട്രേട്ട് കോടതിയിലാണു കുറ്റപത്രം നല്‍കിയത്.

ഗൂഢാലോചനക്കേസിൽ വിശദമായ അന്വേഷണം നടത്തി പിന്നീട് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ സിപിഎമ്മിന്റെ സമ്മർദത്തെ തുടർന്ന് കൃത്യമായ അന്വേഷണം നടത്താതെയാണു കുറ്റപത്രം സമർപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചിരുന്നു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ ആവശ്യമില്ലെന്നും കേരള പൊലീസിന് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണത്തിനുളള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന പിതാവിന്‍റെ ആവശ്യം കോടതി അന്നു തളളുകയും ചെയ്തു. ഇതിനു പിന്നാലെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

നിലവിൽ പതിനൊന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. പ്രതികൾ സ്ഫോടകവസ്തുക്കൾ കൈവശം വെച്ചതിനാൽ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.