Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; ഗോയലിന് ധനവകുപ്പ്

Smriti Irani, Rajyavardhan Singh Rathore സ്മൃതി ഇറാനിയും രാജ്യവർധൻ സിങ് റത്തോഡും

ന്യൂഡൽഹി∙ ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിക്കുപിന്നാലെ വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ.

റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണു ധനവകുപ്പിന്റെ അധികച്ചുമതല. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്നു വിശ്രമത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തു വരുന്നതുവരെ ഗോയൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാ‌ലിയയെയും നിയമിച്ചു. ഡ്രിങ്കിങ് വാട്ടർ ആൻഡ് സാനിറ്റേഷൻ മന്ത്രാലയത്തിന്റെ സഹമന്ത്രിസ്ഥാനവും അലുവാലിയയ്ക്കുണ്ടായിരുന്നു. ഇതിപ്പോൾ എടുത്തുമാറ്റിയാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും നീക്കി. ഇതോടെ കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയേ ഉള്ളൂ.

ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലുണ്ടായ വിവാദത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദും കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്നു മാറ്റുന്നത്. നേരത്തേ, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും ഇറാനിയെ നീക്കിയിരുന്നു. പ്രകാശ് ജാവഡേക്കറാണ് പകരം ചുമതലയേറ്റെടുത്തത്.  

related stories