Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രിമാർ ‘കൂട്ടത്തോ‍ടെ’ കർണാടകയിലേക്ക്; മറുതന്ത്രം മെനഞ്ഞ് ബിജെപി

Narendra Modi, Amit Shah

ബെംഗളൂരു∙ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും, കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത മങ്ങിയതോടെ ഭരണം പിടിക്കാൻ മറുതന്ത്രം മെനഞ്ഞ് ബിജെപി. ജെഡിഎസിന് പിന്തുണ നൽകി ഭരണം നിലനിർത്താനുള്ള കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ മെനയുകയാണ് ബിജെപി നേതൃത്വം. സഖ്യചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രത്യേക വിമാനത്തിൽ കർണാടകയിലേക്കു പുറപ്പെട്ടു. പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കർണാടകയിൽ ക്യാംപ് ചെയ്ത് ചർച്ചകൾ നടത്തുന്നുണ്ട്. 100 മുതൽ 110 സീറ്റുവരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കോൺഗ്രസിനെ വെട്ടാൻ െജഡിഎസിനു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി രംഗത്തു വരുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ജെഡിഎസ് ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ കൂറു മാറ്റിക്കുമോ എന്ന ചോദ്യവും സജീവം. കർണാടകയിലെ സവിശേഷ സാഹചര്യം ചർച്ച ചെയ്യാൻ പാർട്ടി ദേശിയ അധ്യക്ഷൻ അമിത് ഷായുടെ വസതിയിൽ ചർച്ചകൾ തുടരുകയാണ്. സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു ഗവർണറെ കാണുമെന്നു ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യഫല സൂചനകളിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി നേതാക്കൾ സഖ്യത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, വോട്ടെണ്ണൽ അന്തിമ പാദത്തിലേക്കു കടന്നതോടെ ബിജെപി കേവല ഭൂരിപക്ഷത്തിൽനിന്ന് അകന്നുപോവുകയായിരുന്നു. അവസരം മുതലെടുത്ത് സർക്കാർ രൂപീകരണ ശ്രമങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് ജെഡിഎസിനെ വലയിലാക്കാൻ ബിജെപിയും ശ്രമം തുടങ്ങിയത്.

related stories