Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: എസ്എൻഡിപി നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി

Vellappally Natesan

ചേർത്തല ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ പിന്തുണ 20 ന് പ്രഖ്യാപിക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കൗൺസിൽ ഇതിനായി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമൻ, കൗൺസിൽ അംഗം കെ.ആർ. പ്രസാദ് എന്നിവരടങ്ങുന്ന ഉപസമിതി മൂന്നു മുന്നണി സ്ഥാനാർഥികളുടെയും എസ്എൻഡിപി യോഗത്തോടുള്ള ഇതുവരെയുള്ള നിലപാടും മറ്റു സാഹചര്യങ്ങളും പരിഗണിച്ചു പിന്തുണയ്ക്കേണ്ടത് ആരെയെന്നു തീരുമാനിക്കും. യോഗത്തിന്റെ നിലപാട് പ്രഖ്യാപിക്കാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം കൗൺസിൽ ചുമതലപ്പെടുത്തി.

വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാർ നല്‍കിയതിനെക്കാൾ പരിഗണന പിണറായി വിജയൻ നൽകിയിട്ടുണ്ടെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചെങ്ങന്നൂരിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് എൽഡിഎഫ് ആണ്. എൻഡിഎ ആദ്യഘട്ട പ്രചാരണങ്ങളിൽ പിന്നിലായിരുന്നെങ്കിൽ ഇപ്പോൾ യുഡിഎഫിനെക്കാൾ മുന്നിലെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. ബിഡിജെഎസിന്റെ നിലപാട് എസ്എൻഡിപി യോഗത്തിന്റെ തീരുമാനത്തെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപി– ബിഡിജെഎസ് ബന്ധത്തെക്കുറിച്ച് ഒന്നും പറയാനില്ല. എസ്എൻഡിപി യോഗത്തിന്റെ നിലപാട് പ്രഖ്യാപിച്ചാൽ പ്രാവർ‍ത്തികമാക്കുന്നതിനു ചെങ്ങന്നൂർ, മാവേലിക്കര യൂണിയനുകൾക്കു നിർദേശം നൽകും.

കേന്ദ്രസർക്കാരുമായി എസ്എൻഡിപി യോഗത്തിന് ഇപ്പോഴും അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ, കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരു നൽകണമെന്ന ആവശ്യം മാത്രമാണ് കേന്ദ്ര സർക്കാരിനോട് എസ്എൻഡിപി യോഗം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തു നടന്ന ചടങ്ങിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഇതുവരെയും നടപ്പാക്കാത്തതിൽ യോഗത്തിനു വിഷമമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

related stories