Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെ ക്ഷണിക്കും ഗവർണർ?; ജയ്‌റ്റ്‌ലിയുടെ ട്വീറ്റ് ഓർമിപ്പിച്ച് കോൺഗ്രസ്, സിപിഎം

Rahul-Yechury രാഹുൽ ഗാന്ധി, സിതാറാം യച്ചൂരി

ന്യൂഡൽഹി∙ കർണാടകയിൽ തൂക്കുസഭ വന്ന സാഹചര്യത്തിൽ ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കുമെന്ന ആകാംക്ഷ നിലനിൽക്കെ, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ പഴയൊരു ട്വിറ്റർ പോസ്റ്റ് ഓർമപ്പെടുത്തി കോൺഗ്രസും സിപിഎമ്മും. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും സർക്കാർ രൂപീകരിക്കാൻ സ്വീകരിച്ച അതേ നയം കർണാടകയിലും സ്വീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

ഫലം പുറത്തുവന്നതിനു പിന്നാലെ, കോൺഗ്രസിനു വോട്ടു ചെയ്ത എല്ലാവർക്കും നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. വോട്ടു ചെയ്തവരുടെ അവകാശങ്ങൾക്കായി കോൺഗ്രസ് എക്കാലവും പോരാടുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു.

കോൺഗ്രസ്–ജെഡിഎസ് സഖ്യത്തെ പിന്തുണച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയും രംഗത്തെത്തി. ഗോവ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിച്ച മാനദണ്ഡം കര്‍ണാടകയിലും ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ജെഡിഎസും ചേരുമ്പോൾ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ഈ സഖ്യത്തെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കേണ്ടതെന്ന് യച്ചൂരി ചൂണ്ടിക്കാട്ടി.

ഗവർണർമാർ അവർ വഹിക്കുന്ന ഭരണഘടനാപരമായ സ്ഥാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തൂക്കുസഭ വരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി മുൻപ് ചെയ്ത ട്വീറ്റും യച്ചൂരി പ്രത്യേകം പോസ്റ്റ് ചെയ്തു.

തൂക്കുസഭ നിലവിൽ വരുന്ന സാചര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരിൽ ഭൂരിപക്ഷം ഒന്നുചേർന്ന് സഖ്യം രൂപീകരിച്ചാൽ അവരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണർക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്നായിരുന്നു ജയ്റ്റ്‍ലിയുടെ വിശദീകരണം. ബിജെപി നിയമിച്ച ഗവർണർമാരുള്ള ചില സംസ്ഥാനങ്ങളിൽ മുൻപ് ഏറ്റവും വലിയ ഒറ്റക്കക്ഷികളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ 2017 (കോൺഗ്രസിന് 40ൽ പതിനേഴ് സീറ്റ്), മണിപ്പൂർ 2017 (കോൺഗ്രസിന് 60ൽ 28 സീറ്റ്), മേഘാലയ 2018 (കോൺഗ്രസിന് 60ൽ 21 സീറ്റ്) എന്നിവിടങ്ങളിൽ ഈ മാനദണ്ഡമാണ് ഗവർണർമാർ സ്വീകരിച്ചത്. ഇതിനെ പിന്തുണച്ച് കേന്ദ്രമന്ത്രിമാർ രംഗത്തെത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‍ലിയുടെ പഴയ ട്വീറ്റ് യച്ചൂരി കുറിപ്പിനൊപ്പം ചേർത്തത്.