Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽക്കിളി അനുഭാവം: ജയരാജനെതിരെ പാർട്ടിയിൽ പ്രതിഷേധം

P. Jayarajan പി. ജയരാജൻ

തളിപ്പറമ്പ് ∙ കീഴാറ്റൂർ വയൽക്കിളി സമര പ്രവർത്തകരെ പാർട്ടി ശത്രുക്കളെ പോലെ ഒറ്റപ്പെടുത്തേണ്ടതില്ല എന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിർദേശത്തിനെതിരെ പാർട്ടി അണികൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം. കീഴാറ്റൂരിലെ  മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഇതിൽ പ്രതിഷേധിച്ച്  രാജി ഭീഷണി ഉയർത്തിയെന്നാണ് സൂചന. വയൽക്കിളി പ്രവർത്തകനായ ഒരു യുവാവിന് ഇന്നലെ സിപിഎം പ്രവർത്തകരുടെ മർദനം ഏൽക്കുകയും ചെയ്തിരുന്നു. 

ഇന്നലെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി ഓഫിസിലെത്തിയാണ്  കീഴാറ്റൂരിലെ പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. വയൽക്കിളികളെ  ഒറ്റപ്പെടുത്തരുതെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറഞ്ഞതത്രേ. പിന്നാലെതന്നെ സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനെതിരെ പ്രകോപനപരമായ പോസ്റ്റ് ഇട്ട യുവാവിനാണ് മർദനമേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് പ്രതിഷേധം അറിയിക്കുക മാത്രമാണു ചെയ്തതെന്നാണ്  ബന്ധപ്പെട്ടവർ പറയുന്നത്. എങ്കിലും ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ എതിർപ്പാണ് കീഴാറ്റൂരിലെ സിപിഎം പ്രവർത്തകർക്കിടയിൽ ഉള്ളത്.