Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർമിറ്റ് തർക്കം: കൊച്ചിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ സംഘർ‌ഷം

auto-drivers എറണാകുളത്ത് യാത്രക്കാരെ ഇറക്കി വിടുന്ന ഓട്ടോ ഡ്രൈവര്‍മാർ

കൊച്ചി∙ റെയിൽവേ പെർമിറ്റുള്ള ഓട്ടോക്കാരെ തടഞ്ഞതോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സംഘർഷം. പെർമിറ്റ് എടുത്ത ഓട്ടോകൾക്കു മാത്രമായിരുന്നു ഇന്നലെ മുതൽ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറിൽ നിന്ന് സർവീസിന് അനുമതി. അപേക്ഷ നൽകിയ 103 ഒട്ടോറിക്ഷകൾക്കാണു പെർമിറ്റ് അനുവദിച്ചത്. ഇവർ ഇന്നലെ മുതൽ ഓടാനെത്തിയെങ്കിലും പെർമിറ്റ് എടുക്കാൻ കൂട്ടാക്കാത്ത ഒരു സംഘം തൊഴിലാളികളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു.

സ്റ്റേഷനുള്ളിൽ പ്രവേശിച്ചു പ്രശ്നമുണ്ടാക്കിയ ചിലർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തതോടെ അവരുമായും തർക്കമുണ്ടായി. പെർമിറ്റ് എടുക്കാത്തവരെല്ലാം കൂടി സ്റ്റേഷനു പുറത്തു കാത്തുനിന്നു അതുവഴി വന്ന ഓട്ടോകളിൽനിന്നു യാത്രക്കാരെ വലിച്ചിറക്കി. ജില്ലാ കലക്ടർ പ്രശ്നത്തിൽ ഇടപെട്ടതോടെ പെർമിറ്റ് ഓട്ടോകൾ തടഞ്ഞ 10 യൂണിയൻ നേതാക്കളെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു നീക്കി. 

നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണു സൗത്തിലും പെർമിറ്റ് ഏർപ്പെടുത്താൻ റെയിൽവേ നടപടി സ്വീകരിച്ചത്. എന്നാൽ പൊലീസ് വെരിഫിക്കേഷൻ‍ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മൂലം ആദ്യം മുതൽ തന്നെ ചിലർ പെർമിറ്റിനെതിരെ രംഗത്തു വരികയായിരുന്നു. മറ്റു ജില്ലകളിൽ കേസുകളിൽ പ്രതികളായ പലരും സിറ്റിയിൽ വാടകയ്ക്കു ഒാട്ടോ ഒാടിക്കാനെത്തുന്നുണ്ട്. നോർത്തിലെ 220 പെർമിറ്റ് ഒട്ടോകൾക്കു സൗത്തിൽ നിന്ന് കൂടി ഓടാൻ റെയിൽവേ താൽക്കാലിക അനുമതി നൽകി.

എന്നാൽ ഇവരെയും മറ്റുള്ളവർ തടഞ്ഞു. പൊലീസ് വെരിഫിക്കേഷൻ, ഇൻഷുറൻസ് രേഖകൾ എന്നിവ നിർബന്ധമാക്കുന്നതിലൂടെ യാത്രക്കാർക്കു മാന്യമായ പെരുമാറ്റവും സുരക്ഷിതമായ യാത്രയും ഉറപ്പു വരുത്താനാണു ശ്രമിച്ചതെന്നു റെയിൽവേ അധികൃതർ പറഞ്ഞു. രണ്ടു മാസത്തേക്കു 495 രൂപയാണു പെർമിറ്റ് ഫീസായി റെയിൽവേയ്ക്കു നൽകേണ്ടത്. 15ന് വൈകിട്ട് വരെയായിരുന്നു  അപേക്ഷിക്കാനുള്ള അവസാന തീയതി.

എന്നാൽ പ്രീപെയ്ഡ് സംവിധാനം കുത്തകയാക്കി വച്ചിരിക്കുന്ന ചില ഒട്ടോക്കാർ തുടക്കം മുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. കഴിഞ്ഞ തവണ നടന്ന ഒത്തുതീർപ്പു ചർച്ചയിലും പെർമിറ്റ് സംവിധാനം നടപ്പാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതു മൂലം അപേക്ഷിക്കാനുള്ള തീയതി രണ്ടു തവണ നീട്ടിയിരുന്നു.

related stories