Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
KARNATAKA

ബെംഗളൂരു∙ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെ നാട്ടിൽ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ചരിത്രത്തിന്റെ ആവര്‍ത്തനം. കൂടെയുള്ളയാള്‍ എപ്പോള്‍ മറുകണ്ടം ചാടുന്നു എന്നു തിരിച്ചറിയാനാകാത്ത രാഷ്ട്രീയ കാലാവസ്ഥ. പാര്‍ട്ടിമാറലും അഴിമതിയും ജനങ്ങളുടെ ഇഷ്ടത്തെ തള്ളിക്കളയലുമെല്ലാം സാധാരണം.

കര്‍ണാടകയിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അനുകൂലമാണെന്നാണു വിലയിരുത്തല്‍. കേന്ദ്രത്തിലെ ഭരണവും സ്വാധീനവും ഒത്തുചേരുമ്പോള്‍ മറ്റുള്ള പാര്‍ട്ടികളിലെ പിളര്‍പ്പും ബിജെപി സര്‍ക്കാര്‍ രൂപീകരണവുമാകും പരിണിതഫലം. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ കര്‍ണാടകയില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കാര്യങ്ങളിങ്ങനെയാണെങ്കിലും അടുത്ത അഞ്ചു വര്‍ഷം കര്‍ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനു സാധ്യതയില്ല. ചരിത്രം സാക്ഷി.

എൻ. ധരംസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജനതാദൾ സഖ്യ മന്ത്രിസഭയ്‌ക്കു പിന്തുണ പിൻവലിച്ചതായി അറിയിച്ച് എച്ച്.ഡി. കുമാരസ്വാമിയും 39 എംഎൽഎമാരും രാജ്‌ഭവനിലെത്തി ഗവർണർ ടി.എൻ. ചതുർവേദിയെ കണുന്നത് 2006 ജനുവരി 18നാണ്. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. കുമാരസ്വാമി മുഖ്യമന്ത്രിയും യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി ബിജെപിക്കു പങ്കാളിത്തമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലെത്തി.

ഇരുപതു മാസത്തിനുശേഷം യെഡിയൂരപ്പയെ മുഖ്യമന്ത്രിക്കാമെന്നായിരുന്നു കരാര്‍. കുമാരസ്വാമി കരാര്‍ തെറ്റിച്ചു, ബിജെപി പിന്തുണ പിന്‍വലിച്ചു. പകരം മുഖ്യമന്ത്രിയായ യെഡിയൂരപ്പയ്ക്ക് എട്ടുദിവസം മാത്രമാണ് അധികാരത്തില്‍ തുടരാനായത്. ദള്‍ ‘താല്‍ക്കാലിക സൗഹൃദം’ അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ വീണു. പിന്നീടു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു യെഡിയൂരപ്പ മുഖ്യമന്ത്രിയായി. ഭരണത്തിലേറി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. അഴിമതിയെത്തുടര്‍ന്നു ജയിലിലുമായി.

∙ പണത്തിനു മീതേ പരുന്തും പറക്കാത്ത കര്‍ണാടക

2004 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത നില വന്നപ്പോഴാണു ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതിനു കോൺഗ്രസ് ജനതാദളുമായി സഖ്യത്തിലേർപ്പെട്ടത്. നിയമസഭയിൽ 79 അംഗങ്ങളുള്ള ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിയുടെ സഹായത്തോടെ കുമാരസ്വാമി പിന്തുണ പിന്‍വലിച്ചതോടെ കര്‍ണാടകയിലെ ആദ്യ സഖ്യ സര്‍ക്കാര്‍ താഴെയിറങ്ങി, ബിജെപി പിന്തുണയോടെ രണ്ടാമത്തെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി.ധരംസിങ് മുഖ്യമന്ത്രിയായ സഖ്യമന്ത്രിസഭയ്‌ക്ക് 21 മാസം പ്രായമുള്ളപ്പോഴായിരുന്നു അട്ടിമറി.

ധരംസിങ് മന്ത്രിസഭ രാജിവയ്ക്കാന്‍ തയാറായില്ല. കുമാരസ്വാമിക്കു പിന്തുണ പ്രഖ്യാപിക്കാന്‍ പിതാവായ ദേവെ ഗൗഡയും ആദ്യം തയാറായില്ല. പിന്നീട് ഗൗഡ ഈ നീക്കത്തെ അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുശേഷം ധരംസിങ് രാജിവച്ചപ്പോള്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയും ബി.എസ്. യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. ജനതാദൾ - ബിജെപി സഖ്യമന്ത്രിസഭ 2007 ഫെബ്രുവരി മൂന്നിന് അധികാരമേറ്റു. ശേഷിക്കുന്ന 40 മാസത്തെ ഭരണകാലയളവിൽ ആദ്യ 20 മാസം ജനതാദളിനും ശേഷിക്കുന്ന കാലം ബിജെപിക്കും മുഖ്യമന്ത്രി സ്‌ഥാനമെന്നതായിരുന്നു കരാർ.

∙ അധികാരം കിട്ടി, കസേരയില്‍നിന്നിറങ്ങാതെ കുമാരസ്വാമി

ഇരുപതു മാസം കഴിഞ്ഞിട്ടും അധികാരം യെഡിയൂരപ്പയ്ക്കു കൈമാറാന്‍ കുമാരസ്വാമി തയാറായില്ല. കുമാരസ്വാമിയെയല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നു ഒരു വിഭാഗം ജനതാദൾ (എസ്) എംഎൽഎമാര്‍ നിലപാടു സ്വീകരിച്ചു. കോണ്‍ഗ്രസില്‍നിന്നുള്ള ചില എംഎല്‍എമാരും കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നു അഭ്യൂഹങ്ങളുണ്ടായി. ബിജെപിയിലും ആഭ്യന്തര പ്രശ്നങ്ങളുണ്ടായി. യെഡിയൂരപ്പയെ അനുകൂലിച്ചും എതിര്‍ത്തും എംഎൽഎമാര്‍ രംഗത്തെത്തി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യശ്വന്ത് സിന്‍ഹ ഡല്‍ഹിയില്‍നിന്നെത്തി. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥി ശെഖാവത്തിനു വോട്ടുചെയ്യാതെ നിഷ്‌പക്ഷത പാലിച്ചതിലൂടെ സഖ്യം പൊളിഞ്ഞാലും പ്രശ്‌നമില്ലെന്ന നിലപാട് ദൾ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായും അവര്‍ സഖ്യ സാധ്യതകള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. അധികാര കൈമാറ്റം നടക്കില്ലെന്നുറപ്പായതോടെ ഉപമുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഉൾപ്പെടെ എല്ലാ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്കു രാജി സമർപ്പിച്ചു.

∙ അധികാരം നിലനിര്‍ത്താന്‍ ദളിന്റെ മലക്കം മറിച്ചില്‍

ബിജെപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെവീണു. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാനുമായില്ല. രാഷ്ട്രീയ അനിശ്ചിതാവസ്ഥയെത്തുടര്‍ന്നു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മാസങ്ങള്‍നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭ രൂപവൽക്കരിക്കാൻ ബിജെപിയെ പിന്തുണയ്‌ക്കുമെന്നു മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെ ഗൗഡ പ്രഖ്യാപിച്ചു. ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ രാമേശ്വർ ഠാക്കൂറിനെ കണ്ടു ബിജെപി അവകാശവാദം ഉന്നയിക്കുകയും ചെയ്‌തു. 120 എംഎൽഎമാരുടെ പിന്തുണയാണു സഖ്യം അവകാശപ്പെട്ടത്. അതിനിടെ, ദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ എം.പി. പ്രകാശ് രാത്രി വൈകി ഗവർണറെ കണ്ട്, താനും ഒപ്പമുള്ള എംഎൽഎമാരും ബിജെപിയെ പിന്തുണയ്‌ക്കില്ലെന്നും അറിയിച്ചു. പ്രകാശിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ പുറത്തുനിന്നു പിന്തുണ നൽകുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുന്നതായും വാര്‍ത്തകള്‍വന്നു. ദളിന്റെ പിന്തുണ കിട്ടിയതോടെ മറ്റെല്ലാ നീക്കങ്ങളെയും മറികടന്നു ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.

∙ ചരിത്രമെഴുതി യെഡിയൂരപ്പ, എട്ടു ദിവസം നീണ്ട ഭരണം

2007 നവംബര്‍ 12ന് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിനു തൊട്ടുമുൻപു വരെ ബിജെപി നേതാക്കൾ ഉപമുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞയ്‌ക്കായി ജനതാദളിൽ സമ്മർദം ചെലുത്തിയെങ്കിലും അപ്പോഴില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ദേവെഗൗഡ ചടങ്ങില്‍ പങ്കെടുത്തില്ല. ജനതാദൾ (എസ്) ധാരണ ലംഘിച്ചുകൊണ്ടു വീണ്ടും കാലുമാറിയതോടെ എട്ടു ദിവസത്തിനുശേഷം ബിജെപി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്‌ക്കു നിയമസഭയിൽ വിശ്വാസവോട്ടു നേടാനാവാതെ രാജിവയ്‌ക്കേണ്ടി വന്നു. ബിജെപിയുടെ തന്ത്രങ്ങള്‍ പാളി. പ്രവചിക്കാന്‍ കഴിയാത്ത നേതാവായ ദേവെ ഗൗഡയെ മനസിലാക്കുന്നതില്‍ അവര്‍ക്കു വീഴ്ച വന്നു.

∙ കര്‍ണാടകത്തിലെ അഴിമതിയാണ് ‘അഴിമതി’

പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷംനേടി. യെഡിയൂരപ്പ മുഖ്യമന്ത്രിയായി. എന്നാല്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ യെഡിയൂരപ്പ സര്‍ക്കാര്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരായി മാറുന്ന കാഴ്ചയാണ് കണ്ടത്. അനധികൃത ഖനനത്തിലൂടെ യെഡിയൂരപ്പയും മന്ത്രിസഭയിലെ അതിശക്‌തരും ഖനി ഉടമകളുമായ റെഡ്‌ഡി സഹോദരന്മാർ ഉൾപ്പെടെ നാലു മന്ത്രിമാരും ഖജനാവു ചോർത്തിയെന്നു കണ്ടെത്തിയ ലോകായുക്‌ത ജസ്‌റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ തുടർ നടപടികൾക്കായി റിപ്പോർട്ട് ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയതോടെ യെഡിയൂരപ്പയുടെ വീഴ്ച ആരംഭിച്ചു. ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും ഒരു കോൺഗ്രസ് രാജ്യസഭാംഗത്തിന്റെ ഭാര്യയും ഒരു ബിജെപി എംഎൽഎയും ഖനന മാഫിയയിൽ ഉൾപ്പെട്ട എഴുന്നൂറിലേറെ സർക്കാർ ഉദ്യോഗസ്‌ഥരും ലോകായുക്തയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.

ഖനി കേന്ദ്രമായ ബെല്ലാരിയിലെ ഒരു കമ്പനി മുഖ്യമന്ത്രിയുടെ മക്കൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്‌റ്റിനു 10 കോടിരൂപ നൽകിയതിലും ബാംഗ്ലൂർ നഗരപ്രാന്തത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിൽ നിന്നു വാങ്ങിയ ഒരേക്കർ ഭൂമിക്കു 1.48 കോടിരൂപ മതിപ്പുവിലയ്‌ക്കു പകരം 20 കോടിരൂപ നൽകിയതിലും ക്രമക്കേടുണ്ടെന്നും ലോകായുക്‌ത കുറ്റപ്പെടുത്തി. ലോകായുക്‌തയുടെ പ്രാഥമിക റിപ്പോർട്ട് അംഗീകരിച്ച സുപ്രീം കോടതി അനധികൃത ഖനനം കർണാടകയിലെ ധാതുസ്രോതസ്സുകൾ വറ്റിച്ചുവെന്നു കണ്ടെത്തി. മറ്റൊരു ഭൂമി ഇടപാടിൽ യെഡിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. യെഡിയൂരപ്പ കളങ്കിതനാണെന്നു ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍തന്നെ കുറ്റപ്പെടുത്തയതോടെ ബിജെപി കേന്ദ്രനേതൃത്വം കൈവിട്ടു. യെഡിയൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. പിന്നെ അഴിമതിയുടെപേരില്‍ ജയില്‍വാസം. രണ്ടുവര്‍ഷത്തെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കൊടുവില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അഞ്ചുവര്‍ഷം ഭരണം കുഴപ്പമില്ലാതെപോയി. പിന്നീട് വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിനു തുടക്കമായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.