Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിളിമാനൂർ ഗോപിനാഥൻ വധം: വിചാരണ നാളെ തുടങ്ങും

court പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ കിളിമാനൂർ മാടൻനട ശിവക്ഷേത്ര ഭരണസമിതി അംഗം ഗോപിനാഥനെ (65) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വ്യാഴാഴ്ച അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങും. കിളിമാനൂർ നെല്ലിക്കുന്ന് വിഷ്‌ണു ഭവനിൽ കുമാർ എന്ന അനിൽ കുമാർ, രോഹിണി ഭവനിൽ രവി രാജൻ, താഴേക്കരവിള വീട്ടിൽ അനിൽ കുമാർ, അക്കരക്കാട് വീട്ടിൽ ചക്കക്കുരു തുളസി എന്ന തുളസി, പുതുവൽവിള വീട്ടിൽ സുന്ദരൻ, ഷീജാ ഭവനിൽ ഫ്രാൻസിസ്, വറുവിള വീട്ടിൽ സുരേന്ദ്രൻ, പ്രീതാ ഭവനിൽ മുകേഷ്, തേരിവിള പുത്തൻ വീട്ടിൽ വിജയൻ, രതീഷ് ഭവനിൽ കുങ്കൻ എന്ന അനിൽ എന്നിവരാണു കേസിലെ പ്രതികൾ. ഇതിൽ ആറാം പ്രതി ഫ്രാൻസിസ് മരണപ്പെട്ടു. മൂന്നാം പ്രതി കുമാർ എന്ന അനിൽ കുമാർ മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

കൊല്ലപ്പെട്ട ഗോപിനാഥൻ ക്ഷേത്രം വക വസ്തുവിൽ ഉണ്ടായിരുന്ന കുഴൽ കിണറിൽ നിന്നും ക്ഷേത്ര ആവശ്യങ്ങൾക്കായി വെള്ളം എടുത്തു കൊണ്ടു പോകുന്നത് ഒന്നാം പ്രതി നിരന്തരം തടസപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന്റെ അടുത്ത താമസക്കാരനാണു പ്രതി. കുഴൽകിണർ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും അതിനാൽ വെള്ളം എടുക്കാൻ പറ്റില്ലെന്നുമായിരുന്നു നിലപാട്. ഇതു കേൾക്കാൻ തയാറാകാത്ത ഗോപിനാഥനോടുള്ള വിരോധത്തിൽ ഒന്നാം പ്രതിയും അയാളുടെ അളിയനായ രണ്ടാം പ്രതി രവിരാജനും മറ്റു പ്രതികളും ചേർന്നു 2010 ഏപ്രിൽ 19ന് രാവിലെ 9.30ന് ക്ഷേത്രത്തിൽ തള്ളിക്കയറി ഗോപിനാഥനെ വെട്ടുകത്തി കൊണ്ടു തലക്കു വെട്ടുകയും കല്ലുകൊണ്ടു തലയിൽ ഇടിക്കുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷൻ കേസ്.  

സാരമായി പരുക്കേറ്റ ഗോപിനാഥനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ മൂന്നു വർഷം ഇവിടെ കിടന്ന ഗോപിനാഥന്‍ 2013 ഓഗസ്റ്റ് 12നാണു മരിച്ചത്. 2015 സെപ്റ്റംബർ 15നു കിളിമാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 39 സാക്ഷികളും 20 രേഖകളും 11 തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.