Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാധിപത്യം ‘ റിസോര്‍ട്ടില്‍’ ; എംഎല്‍എമാര്‍ ഇനി ഒളിവു ജീവിതത്തില്‍?

ഉല്ലാസ് ഇലങ്കത്ത്
karnataka-congress കർണാടകയിലെ കോൺഗ്രസ് ഓഫിസിൽ‌ നിന്നു പുറത്തേക്കു പോകുന്ന കോൺഗ്രസ് എംഎൽഎമാർ. ചിത്രം: എഎൻഐ ട്വിറ്റർ

ബെംഗളൂരു∙ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കേ, എതിര്‍ പാര്‍ട്ടിയില്‍പ്പെട്ട എംഎല്‍എമാരെ വശത്താക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം ആരംഭിച്ചു. ജനതാദള്‍ - കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപിയും നേരെ തിരിച്ചും ശ്രമങ്ങള്‍ ആരംഭിച്ചതോടെ ജനപ്രതിനിധികളുടെ ‘ സുരക്ഷ ’ വര്‍ധിപ്പിക്കേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നിയമസഭയിലെ ശക്തിപരീക്ഷണം കഴിയുന്നതുവരെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റാനാണു പാര്‍ട്ടികള്‍ ആലോചിക്കുന്നത്. 

എംഎല്‍എമാരെ എതിരാളികള്‍ തട്ടിയെടുക്കാതിരിക്കാന്‍ സുരക്ഷിത താവളത്തിലേക്കു മാറ്റുന്നത് ഇതാദ്യമല്ല. ‘ കടത്തല്‍ രാഷ്ട്രീയത്തിന്റെ ’ നാള്‍ വഴികള്‍:

∙ 1984 ആന്ധ്രപ്രദേശ് 

ആന്ധ്രാപ്രദേശിൽ എൻ.ടി.രാമറാവുവിനെ പുറത്താക്കി 1984 ഓഗസ്റ്റ് 16ന് എൻ.ഭാസ്കര റാവുവിനെ ഗവർണർ മുഖ്യമന്ത്രിയാക്കിയപ്പോൾ 293 അംഗ സഭയിലെ 162 ടിഡിപി എംഎൽഎമാരെ ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചു. സെപ്റ്റംബർ 20നു വിശ്വാസവോട്ടിനു തൊട്ടുമുൻപാണു സാമാജികർ തിരിച്ചെത്തിയത്. 

∙ 1995 ഗുജറാത്ത് 

കേശുഭായി പട്ടേലിന്റെ ബിജെപി സർക്കാരിനെതിരെ സ്വന്തം പാർട്ടിയിലെ 55 എംഎൽഎമാർ 1995 സെപ്റ്റംബറിൽ കലാപമുയർത്തി. ശങ്കർസിങ് വഗേലയുടെ നേതൃത്വത്തിലായിരുന്നു നീക്കം. വിമതരിലൊരാൾ കൂറുമാറിയതിനെത്തുടർന്നു മറ്റുള്ളവരെ വഗേല മധ്യപ്രദേശിലേക്കു കടത്തി. ഖജ്റാഹോയിലെ നക്ഷത്ര ഹോട്ടലിൽ പൊലീസ് കാവലിൽ മൂന്നു ദിവസം. 

∙ 2002 മഹാരാഷ്ട്ര 

ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖ് മന്ത്രിസഭ 2002 ജൂണിൽ പ്രതിസന്ധിയിലായി. കോൺഗ്രസ്– എൻസിപി സാമാജികരെ ബെംഗളൂരുവിലും ഇൻഡോറിലുമായാണ് ഒളിപ്പിച്ചത്. 

∙ 2006 കർണാടക 

എൻ. ധരംസിങ്ങിന്റെ മന്ത്രിസഭയ്ക്കു കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജനതാദൾ (എസ്) വിഭാഗം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2006 ജനുവരിയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. ഇതോടെ ബിജെപി 75 എംഎൽഎമാരെ ചെന്നൈയിലെയും കൊടൈക്കനാലിലെയും ഹോട്ടലുകളിലേക്കു മാറ്റി. 

∙ 2006 ജാർഖണ്ഡ് 

ജാർഖണ്ഡിൽ അർജുൻ മുണ്ടയുടെ എൻഡിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച നാലു മന്ത്രിമാരടക്കമുള്ള 17 എംഎൽഎമാരെ യുപിഎ നേതൃത്വം എത്തിച്ചത് ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ. അവർ അവിടെ അഞ്ചു ദിവസം ചെലവഴിച്ചു. 

∙ 2008–2010 കർണാടക 

ബിജെപി നേതാവ് യെഡിയൂരപ്പയുടെ ഭരണകാലയളവിൽ വിശ്വാസവോട്ട് തേടിയതു നാലുതവണ. നാലുവട്ടവും സാമാജികർ കേരളത്തിലെയും ഗോവയിലെയും പഞ്ചനക്ഷത്ര റിസോർട്ടുകളിൽ തമ്പടിച്ചു. 

∙ 2017 ഫെബ്രുവരി 

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായ ഒ.പനീർസെൽവം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ അംഗീകരിക്കാൻ തയാറായില്ല. ശശികലപക്ഷം നിയമസഭയിൽ ശക്തി തെളിയിക്കാൻ 120 സാമാജികരെ മഹാബലിപുരം കൂവത്തൂരിലെ ബീച്ച് റിസോർട്ടിലും കൽപാക്കം പൂന്തണ്ടലത്തെ റിസോർട്ടിലും 10 ദിവസത്തിലേറെ താമസിപ്പിച്ചു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.