Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 വർഷത്തിനുശേഷം ഇന്ത്യൻ മന്ത്രി ഉത്തര കൊറിയയിൽ; കിം ജോങ്ങുമായി കൂടിക്കാഴ്ച നടത്തുമോ?

VK-Singh-meets-North-Korean-Delegation ഉത്തര കൊറിയൻ പ്രതിനിധികളുമായി വി.കെ.സിങ് കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഉത്തര കൊറിയയിൽ. 20 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽനിന്നൊരു മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്. 1998ലാണ് അവസാനമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദർശിച്ചത്. കൊറിയയിലെത്തി സിങ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചൈനയിൽനിന്നു ചൊവ്വാഴ്ചയാണു വി.കെ. സിങ് ഉത്തര കൊറിയയിലെത്തിയതെന്നു ദേശീയമാധ്യമം റിപ്പോർട്ടു ചെയ്യുന്നു. സിങ്ങിന്റെ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യൻ അംബാസഡർ അതുൽ ഗോട്സർവ് അദ്ദേഹത്തിന്റെ വിവരങ്ങൾ ഉത്തര കൊറിയൻ പാർലമെന്റ് പ്രസിഡന്റ് കിം യോങ് നാമിനു കൈമാറിയിരുന്നു. ഉത്തരകൊറിയ – യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള സന്ദർശനമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.

2015ൽ ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി സു യോങ് ന്യൂഡൽഹിയിലെത്തുകയും വിദേശകാരമന്ത്രി സുഷമ സ്വാരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് 2017 ഏപ്രിലിൽ യുഎന്നുമായി ചേർന്ന് ഇന്ത്യ ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ആഹാരത്തിനും മരുന്നിനുമുള്ള വാണിജ്യബന്ധങ്ങൾ ഇന്ത്യ അവസാനിപ്പിച്ചിരുന്നില്ല. അന്ന് ഉത്തരകൊറിയയുമായുള്ള വാണിജ്യത്തിന്റെ അവസാനമിടുകയല്ല ഇതിലൂടെ ചെയ്യുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസമാണു കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചരിത്രപരമായ ഈ കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്യുകയും കൊറിയൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ 12ന് സിംഗപ്പൂരിലാണു കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.