Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ ജയിപ്പിച്ച നായകന്‍; ആരോപണ നടുവിലും ‘ജനകീയന്‍’ യെഡിയൂരപ്പ

B-S-Yeddyurappa-1 ബി.എസ്. യെഡിയൂരപ്പ

നാടകങ്ങളും നാടകീയതകളും ഏറെയാണ്. എങ്കിലും ഒന്ന് പറയണം. കര്‍ണാടകയില്‍ പ്രതിസന്ധികള്‍ പലതുണ്ടായിരുന്നിട്ടും, ആരോപണങ്ങളുടെ മഴയില്‍ കുളിച്ചുനിന്നിട്ടും ബിജെപിയെ അധികാരത്തിലേറ്റിയത് ഈ മനുഷ്യനാണ്. ബിജെപിയുടെ വിജയത്തിനു പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ‌ ചൂണ്ടിക്കാണിക്കുന്നത് ബി.എസ്. യെഡിയൂരപ്പ എന്ന ലിംഗായത്ത് നേതാവിന്റെ അതിശക്തമായ തിരിച്ചുവരവാണ്.

ലിംഗായത്ത് സമുദായത്തിനു യെഡിയൂരപ്പയെ കവിഞ്ഞൊരു നേതാവില്ല. പടക്കളത്തിൽ യെഡിയൂരപ്പയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ലിംഗായത്തുകാർ. ഒരു കാലത്ത് കോൺഗ്രസിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റായിരുന്ന ലിംഗായത്ത് വോട്ടുകൾ പിന്നീട് ബിജെപിക്കൊപ്പം ചേർന്നത് മുൻകാല ചരിത്രം. യെഡിയൂരപ്പയെ ഒപ്പം നിർത്തേണ്ടത് ബിജെപിക്ക് ആവശ്യവുമായിരുന്നു. കണക്കുകൂട്ടലുകൾ സത്യമായി, യെഡിയൂരപ്പയുടെ ലിംഗായത്ത് പിൻബലം ബിജെപിയെ തുണച്ചു. കോൺഗ്രസിനെ താഴെയിറക്കാൻ പറ്റിയ ആൾ യെഡിയൂരപ്പ തന്നെയാണെന്ന് അവർ കൃത്യമായും മനസ്സിലാക്കിയിരുന്നു. പടയോട്ടം തുടങ്ങുന്നതിനു മുൻപു തന്നെ നായകനാരായിരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ കോൺഗ്രസ് നീട്ടിയെറിഞ്ഞ ജാതികാർഡ് എന്ന ഇര ബിജെപി അതിസമർത്ഥമായി അവരുടെ ചൂണ്ടയിൽ കൊരുത്തു, യെഡിയൂരപ്പയിലൂടെ.

യെഡിയൂരപ്പയെന്ന രാഷ്ട്രീയ നേതാവിന്റെ ഉദയം

B S Yeddyurappa ബി.എസ്. യെഡിയൂരപ്പ

കോളേജ് കാലത്തു തന്നെ ആർഎസ്എസിലെ സജീവപ്രവർത്തകനായിരുന്നു ബൊക്കനക്കെരെ സിദ്ധാലിനംഗപ്പ യെഡിയൂരപ്പ എന്ന ബി.എസ്. യെ‍ഡിയൂരപ്പ. 1970 ല്‍ ശിക്കാരിപ്പൂർ ശാഖയിലെ കാര്യവാഹക് ആയി ഉയർത്തപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിലേക്ക്. രണ്ടു വർഷത്തിനു ശേഷം ശിക്കാരിപുര ടൗൺ മുനിസിപ്പാലിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ മുൻസിപ്പാലിറ്റി പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്തു ബെല്ലാരിയിലെയും ഷിമോഗയിലെയും ജയിലുകളിൽ തടവിൽ കഴി‍ഞ്ഞു. 1985 ല്‍ ഷിമോഗയിലെ ബിജെപി ജില്ലാ പ്രസിഡന്റായ യെഡിയൂരപ്പയ്ക്ക് മൂന്നു വർഷത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.

1983 ലാണ് യെഡിയൂരപ്പ ആദ്യമായി കർണ്ണാടക നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതിനു ശേഷം ആറു തവണ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിന്നീട് 1994 ൽ നിയമസഭയിലെ പ്രതിപക്ഷ േനതാവായി.

2004 ല്‍ ധാരാം സിങ്ങിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന തൂക്കുമന്ത്രിസഭയെ ജെഡിഎസുമായി ചേർന്ന് താഴെയിറക്കുന്നതിൽ യെഡിയൂരപ്പ മുഖ്യപങ്കു വഹിച്ചു. ആദ്യത്തെ 20 മാസം കുമാരസ്വാമിയും പിന്നീടുള്ള 20 മാസം യെഡിയൂരപ്പയുമായി മാറിമാറി മുഖ്യമന്ത്രിക്കസേര പങ്കു വയ്ക്കുമെന്നായിരുന്നു കരാർ. എന്നാല്‍ ആദ്യ 20 മാസങ്ങൾ പിന്നിട്ടിട്ടും കുമാരസ്വാമി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാൻ തയാറായില്ല. ഇതേത്തുടർന്ന് 2007 ഒക്ടോബറിൽ മന്ത്രിസഭയ്ക്കുള്ള ബിജെപി പിൻവലിക്കുകയും കർണാകയിൽ രാഷ്ട്രപതിഭരണം നിലവിൽ വരികയും ചെയ്തു.

പിന്നീട് ബിജെപിയും ജെഡിഎസുമായി ധാരണയിലെത്തുകയും യെഡിയൂരപ്പ 2007 നവംബറിൽ കർണ്ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. അങ്ങനെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കൂടിയായി യെഡിയൂരപ്പ. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജെഡിഎസ് ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. 2008 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ യെഡിയൂരപ്പ നിർ‌ണ്ണായക പങ്കുവഹിക്കുകയും രണ്ടാം വട്ടം മുഖ്യമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

ബിജെപിയിൽ നിന്നും പടിയിറക്കം

B S Yeddyurappa ബി.എസ്. യെഡിയൂരപ്പ

അഴിമതി ആരോപണത്തെത്തുടർന്നു 2011ൽ യെഡിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്തായി. തുടർന്ന് കർണാടകയിൽ താൻകൂടി ചേർന്നു കെട്ടിപ്പടുത്ത പാർട്ടിയിലേക്കില്ലെന്നു പ്രഖ്യാപിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി യെഡിയൂരപ്പ ബിജെപിയിൽനിന്നു പടിയിറങ്ങി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുൻ ലോകായുക്‌ത ജസ്‌റ്റിസ് സന്തോഷ് എൻ.ഹെഗ്‌ഡെ സമർപ്പിച്ച റിപ്പോർട്ടിൽ പേരു പരാമർശിച്ചതിനെ തുടർന്ന് 2011 ജൂലൈ 31ന് മുഖ്യമന്ത്രിസ്‌ഥാനം രാജിവച്ച യെഡിയൂരപ്പ 2012 ഡിസംബർ ഒൻപതിന് ഹാവേരിയിൽ നടന്ന റാലിയിലാണ് കെജെപി (കർണ്ണാടക ജനതാ പക്ഷ) രൂപീകരിച്ച് ബിജെപി വിട്ടത്.

ബിജെപിയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കോൺഗ്രസിനെക്കാളും ജനതാദളിനെക്കാളും വലിയ തിൻമയാണു ബിജെപിയെന്നു വരെ പറ‍ഞ്ഞ് തീ തുപ്പുന്ന ആരോപണശരങ്ങളുമായി രംഗത്തെത്തി. ഒപ്പം സ്വന്തം പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയും. അഴിമതിവിരുദ്ധ മുഖം ഉയർത്തിപ്പിടിക്കാൻ യെഡിയൂരപ്പ രാജി വെയ്ക്കുക എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

കേസ്, വിവാദം

മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യട്രസ്റ്റിന്റെ പേരിൽ 40 കോടി കൈപ്പറ്റിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയെയും മറ്റു 12 പേരെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയെങ്കിലും പാളയത്തിൽപ്പട യെഡിയൂരപ്പയെ വിധി വരും മുൻപേ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. യെഡിയൂരപ്പയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രേരണ ട്രസ്റ്റ് വഴി ഖനന സ്ഥാപനങ്ങൾക്കു സഹായങ്ങൾ നൽകിയെന്നായിരുന്നു കേസ്. സുപ്രീം കോടതി നിർദേശപ്രകാരം സിബിഐ അന്വേഷിച്ചു 2012ൽ കുറ്റപത്രം സമർപ്പിച്ച കേസാണിത്. സംസ്ഥാനത്തെ അനധികൃത ഖനനത്തെക്കുറിച്ചു മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എൻ.ഹെഗ്ഡെ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടാണു കേസിന് ആധാരം. അനധികൃത ഖനനം, ലോകായുക്തയുടെ ഫോൺ ചോർത്തൽ എന്നീ ആരോപണങ്ങളുടെ പേരിൽ രാജി വെയ്ക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞെങ്കിലും ഒടുവിൽ മുട്ടു മടക്കേണ്ടി വന്നു യെഡിയൂരപ്പയ്ക്ക്.

B S Yeddyurappa ബി.എസ്. യെഡിയൂരപ്പ

തിരികെ വീണ്ടും ബിജെപിയിലേക്ക്

നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോൾ യെഡിയൂരപ്പയെ മടങ്ങിവരാൻ‌ പ്രേരിപ്പിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനും മൂന്ന് അനുയായികൾക്കും ടിക്കറ്റ് നൽകി. യെഡിയൂരപ്പയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലാജെയും ശിവകുമാർ ഉദാസിയും മോദിതരംഗത്തിൽ വിജയിച്ചു. മോദി അധികാരത്തിലെത്തുകയും അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിക്കുകയും ചെയ്തതോടെ യെഡിയൂരപ്പയെ ദേശീയ ഉപാധ്യക്ഷനാക്കിയെങ്കിലും ചുമതലകളൊന്നും ലഭിച്ചില്ല.

സിദ്ധരാമയ്യയുടെ പിന്നാക്ക – ദലിത് അടിത്തറയ്ക്കെതിരെ മുന്നാക്ക വിഭാഗങ്ങളുടെ ഏകീകരണത്തിനും കോൺഗ്രസിന്റെ കയ്യിലെ അതീവ പിന്നാക്ക വോട്ടുകൾ കുറച്ചു പിടിച്ചുവാങ്ങാനും യെഡിയൂരപ്പയ്ക്കു സാധിക്കുമെന്ന് ബിജെപി മനസ്സിലാക്കിയിരുന്നു. കണക്കുകൂട്ടലുകൾ സത്യമായി. 40 ൽ നിന്ന് ബിജെപിയെത്തിയത് സെഞ്ചുറി നേട്ടത്തിലേക്ക്. ആകാംക്ഷ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെങ്കിലും കര്‍ണാടക ബിജെപിയെ വീണ്ടും തന്‍റെ പോക്കറ്റിലാക്കി യെഡിയൂരപ്പ അധികാരമേറുകയാണ്. തന്ത്രങ്ങളും മറുതന്ത്രങ്ങളും ഏറെ പരിചയിച്ച നേതാവിന്‍റെ പുത്തനുദയം.

related stories