Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–ടെൻഡർ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ തീരുമാനം

cashew

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ഇ-ടെൻഡർ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു നൂറു കണക്കിനു ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നു. ഇതിനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അജൻഡയ്ക്കു പുറത്തുള്ള ഇനമായി എടുത്തു.

ഗിനി ബിസാവോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യാനുസരണം തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനു കേരള കാഷ്യു ബോർഡിന് അനുമതി നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകി തോട്ടണ്ടി സംഭരിക്കാനാണ് അനുമതി. ധനമന്ത്രിയും കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും പങ്കെടുത്ത ആലോചനാ യോഗത്തിന്റെ മിനിറ്റ്സിന്റെ മാത്രം അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച അനുമതി മന്ത്രിസഭ നൽകുകയായിരുന്നു. ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ചില ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ഇ ടെൻഡർ ഒഴിവാക്കി തോട്ടണ്ടി വാങ്ങുന്നതെന്ന് അറിയുന്നു. എത്ര ടൺ വാങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. ആവശ്യാനുസരണം എന്നേ തീരുമാനിച്ചിട്ടുള്ളൂ.

കശുവണ്ടി വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ തോട്ടണ്ടി ആവശ്യത്തിന് ഇവിടെ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദകരായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നേരത്തെ സർക്കാർ വിളിച്ചു ചേർത്തിരുന്നു. തോട്ടണ്ടി വിദേശത്തു നിന്നു സംഭരിച്ച് ഇറക്കു മതി ചെയ്തു സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള വ്യവസായങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിനായി കാഷ്യു ബോർഡും സർക്കാർ രൂപവൽക്കരിക്കുകയുണ്ടായി. ഇവിടുത്തെക്കാൾ കുറഞ്ഞ വിലയ്ക്കു തോട്ടണ്ടി എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടപടികൾ. എന്നാൽ മന്ത്രിസഭാ യോഗം ഇത്തരമൊരു തീരുമാനം എടുത്തതായി അധികൃതർ ഇതേവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.