Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് എംഎൽഎമാർക്ക് റിസോർട്ടിൽ അപമാനം, പീഡനം: യെഡിയൂരപ്പ

BS-Yeddyurappa ബി.എസ്.യെഡിയൂരപ്പ

ബെംഗളൂരു∙ വിശ്വാസവോട്ടു തേടാൻ ഗവർണർ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുൻപുതന്നെ ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്കാകുമെന്ന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് എംഎല്‍എമാർ ബിജെപി സർക്കാരിനു വോട്ടു ചെയ്യുമെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. സ്വകാര്യ റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാർ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കുകയായിരുന്നു യെഡിയൂരപ്പ. ഈ യോഗത്തിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുമ്പോഴാണ് സർക്കാർ വിശ്വാസവോട്ടു നേടുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. 

ഗവർണർ 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ അത്രയും ദിവസം ആവശ്യമില്ല. ബെംഗളൂരുവിനു പുറത്ത് സ്വകാര്യ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാർ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ ഇവർ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യും. ഞങ്ങൾ അധികാരത്തിലെത്തിക്കഴിഞ്ഞു. ഇനി ഭൂരിപക്ഷവും തെളിയിക്കും – യെഡിയൂരപ്പ പറഞ്ഞു.

തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണ് കോൺഗ്രസും ജനതാദളും എംഎൽഎമാരെ സ്വകാര്യ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എംഎൽഎമാരുടെ പക്കൽനിന്ന് മൊബൈൽ ഫോൺ പോലും പിടിച്ചുവാങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ജീവിത പങ്കാളിയെ വിളിക്കാൻ പോലും അവർ എംഎൽഎമാരെ അനുവദിക്കുന്നില്ല – യെഡിയൂരപ്പ ആരോപിച്ചു.

കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും സർക്കാർ ഭൂരിപക്ഷം തെളിയിക്കുകതന്നെ ചെയ്യുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. പുതിയ നിയമസഭയുടെ ആദ്യസമ്മേളനം ഏതു സമയവും വിളിക്കേണ്ടി വന്നേക്കാമെന്നും തിരഞ്ഞെടുക്കപ്പെട്ട 104 എംഎൽഎമാരും വീഴ്ച കൂടാതെ ഇതിൽ പങ്കെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന സിദ്ധരാമയ്യ ചെറിയ വോട്ടുകൾക്ക് ജയിച്ച ബാദാമിയിൽ, ബിജെപി സ്ഥാനാർഥിയായിരുന്ന ബി.ശ്രീരാമുലു രണ്ടു ദിവസം കൂടി പ്രചാരണം നടത്തിയിരുന്നെങ്കിൽ അനായാസം ജയിച്ചുകയറിയേനെയെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. തിരക്കുമൂലം അദ്ദേഹത്തിന് അധികനാളുകൾ ബാദാമിയിൽ തങ്ങാനായില്ലെന്നും യെഡിയൂരപ്പ ചൂണ്ടിക്കാട്ടി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിലും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.