Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതീഷ് സർക്കാരിനെ പുറത്താക്കു; ബിഹാറിൽ അവകാശവാദവുമായി ആർജെഡി

tejaswi yadav and nitish kumar തേജസ്വി യാദവും നിതീഷ് കുമാറും. – ഫയൽ ചിത്രം.

പട്ന∙ കര്‍ണാടകയിൽ ഭരണം നിലനിർത്തുന്നതിന് ബിജെപിയും താഴെയിറക്കുന്നതിന് കോൺഗ്രസും ജെഡിഎസും പട പൊരുതുന്നതിനിടെ ബിഹാറിൽ ഗവർണറുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് ആർ‌ജെഡി രംഗത്ത്. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന രീതിയില്‍ നിതീഷ് കുമാർ സർക്കാറിനെ പുറത്താക്കി ആർജെഡിയെ സർക്കാരുണ്ടാക്കാൻ‌ ഗവർണര്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആർജെഡി നീക്കത്തിനു സഖ്യകക്ഷിയായ കോൺഗ്രസും പിന്തുണയറിയിച്ചിട്ടുണ്ട്. അതേസമയം ജെഡിയുവും ബിജെപിയും ആർജെഡിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബിജെപിയെ സർക്കാരുണ്ടാക്കാൻ കർണാടക ഗവർണർ വാജുഭായ് വാല ക്ഷണിച്ചതുപോലെ ബിഹാർ ഗവർണറും ആർജെഡിയെ ക്ഷണിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാൻ ആർജെഡിയെ അനുവദിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. ബിഹാറിലെ വലിയ ഒറ്റക്കക്ഷിയായതിനാൽ എംഎൽഎമാരുമായി ഗവർണറെ കാണുമെന്ന് തേജസ്വി യാദവ് ട്വിറ്ററിലും കുറിച്ചു.

243 അംഗ ബിഹാർ‌ നിയമസഭയിൽ 80 എംഎൽഎമാരുള്ള ആർജെഡിയാണ് വലിയ ഒറ്റകക്ഷി. ജെഡിയുവിന് 71ഉം ബിജെപിക്ക് 53ഉം പ്രതിനിധികളും ഉണ്ട്. എൻഡിഎ ഘടകകക്ഷികളായ എൽജെപിക്കും രാഷ്ട്രീയ ലോക്സമതാ പാർട്ടിക്കും രണ്ടു സീറ്റുകൾ വീതവും കോൺഗ്രസിന് 27 എംഎൽഎമാരുമുണ്ട്. ആര്‍ജെഡിയ്ക്കൊപ്പം കോണ്‍ഗ്രസ് എംഎൽഎമാരും രാജ്ഭവനിലേക്കു പോകാൻ തയാറാണെന്നു ബിഹാർ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കോക്കബ് ക്വാദ്രിയും അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലും ബിജെപി സർക്കാരിനെതിരേ സമാന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും.