Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലേത് ‘മധുര പ്രതികാരം’; വാജുഭായി കാത്തിരുന്നത് 22 വർഷം

HD-Deve-Gowda-and-Vajubhai-Vala എച്ച്.ഡി.ദേവെഗൗഡ, വാജുഭായ് വാല (ഫയൽ ചിത്രം)

ബെംഗളൂരു∙ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ചത് എന്തുകൊണ്ടായിരിക്കും. ബിജെപി നേതാവാണെന്ന കാരണം മാത്രമല്ല ആ തീരുമാനത്തിനു പിന്നിലെന്നാണ് അണിയറകഥകള്‍. പഴയൊരു സംഭവത്തിന്റെ ‘ പ്രതികാരം വീട്ടലും ’ കര്‍ണാടകയില്‍ നടന്നിരിക്കാന്‍ സാധ്യതയുണ്ട്. ആ കഥ തുടങ്ങുന്നത് ഗവര്‍ണര്‍ വാജുഭായി വാലയുടെ നാടായ ഗുജറാത്തില്‍നിന്നാണ്. 1996ല്‍ സംഭവം നടക്കുമ്പോള്‍ ജനതാദള്‍ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ പിതാവ് ദേവെഗൗഡയാണ് പ്രധാനമന്ത്രി.

∙ തുടക്കം ബിജെപിയിലെ ഗ്രൂപ്പ് യുദ്ധം, അണിയറയില്‍ മോദി

1995 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഗുജറാത്തിൽ 121 സീറ്റോടെ അധികാരത്തിലെത്തി. ന്യായമായും അന്നത്തെ ഒന്നാം നമ്പർ നേതാവെന്ന നിലയിൽ ശങ്കര്‍ സിങ് വഗേലയാണ് മുഖ്യമന്ത്രിയാകേണ്ടത്. എംഎൽഎമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എന്നാൽ, കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയാക്കിയതു കേശുഭായ് പട്ടേലിനെയാണ്. വഗേലയെ തഴഞ്ഞതിനു പിന്നിൽ കളിച്ചതു നരേന്ദ്ര മോദിയും. കേശുഭായിയും മരുമകനും അന്നത്തെ ആര്‍എസ്എസ് നേതാവുമായ നരേന്ദ്ര മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നു വഗേല കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി. നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നു കേന്ദ്ര നേതൃത്വത്തോട് ഇടഞ്ഞ വഗേല വിശ്വസ്തരായ 48 എംഎൽഎമാരെയും കൊണ്ടു ഖജുരാഹോയിലേക്കു പ്രത്യേക വിമാനത്തില്‍ കടന്നു. വഗേല പക്ഷക്കാര്‍ക്ക് ഇതോടെ ‘ ഖജുരായികള്‍ ’ എന്നപേരും വീണു. ഒടുവില്‍ വാജ്പേയിയുടെ അനുരഞ്ജന ശ്രമങ്ങളെത്തുടര്‍ന്നു വഗേല പക്ഷക്കാരനായ സുരേഷ് മേത്തയെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിച്ചു. എന്നാല്‍ കേശുഭായി പട്ടേലിന്റെ അമര്‍ഷം അവസാനിച്ചിരുന്നില്ല, നരേന്ദ്ര മോദിയുടെ പകയും. ബിജെപി ഗുജറാത്ത് ഘടകത്തില്‍ തര്‍ക്കങ്ങള്‍ തുടര്‍കഥയായി.

∙ അടി പൊരിഞ്ഞ അടി, മന്ത്രിമാര്‍ക്കും കിട്ടി അടി

Shankar Singh Vagela അഹമ്മദാബാദിൽ ‘മഹാസമ്മേളന’ത്തെ ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട ശങ്കർസിങ് വഗേല അഭിസംബോധന ചെയ്യുന്നു. (ഫയൽ ചിത്രം)

കേന്ദ്രത്തില്‍ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഗാന്ധിനഗറില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി പറയാന്‍ വാജ്പേയ് ഗുജറാത്തിലെത്തി. സ്ഥലം അഹമ്മദാബാദ് പട്ടേല്‍ സ്റ്റേഡിയം. മാതൃകാ സംസ്ഥാനമെന്നാണ് മുതിര്‍ന്ന നേതാവ് അഡ്വാനി ഗുജറാത്തിനെ വിശേഷിപ്പിച്ചിരുന്നത്. നരേന്ദ്ര മോദി അന്ന് അഡ്വാനിയുടെ വിശ്വസ്തനും. വാജ്പേയിയുടെ പ്രസംഗം അവസാനിച്ചതിനു പിന്നാലേ സംസ്ഥാന ഘടകത്തിലെ വിരുദ്ധശക്തികളായ കേശുഭായ് പട്ടേലിന്റെയും ശങ്കര്‍സിങ് വഗേലയുടേയും അനുയായികള്‍ ഏറ്റുമുട്ടി. വഗേലപക്ഷക്കാരനും പഞ്ചായത്ത് മന്ത്രിയുമായ ആത്മാറാം പട്ടേലിനെ എതിര്‍ഗ്രൂപ്പുകാര്‍ വളഞ്ഞിട്ടു തല്ലി. എഴുപത്തഞ്ചുകാരനായ പട്ടേലിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. വഗേല ഗ്രൂപ്പുകാരുടെ കാറുകള്‍ തല്ലിതകര്‍ത്തു. കേശുഭായി പട്ടേലിനെ അധികാരത്തില്‍ മടക്കി കൊണ്ടുവരികയായിരുന്നു കലാപകാരികളുടെ ലക്ഷ്യം.

∙ തിരഞ്ഞെടുപ്പില്‍ വഗേല തോറ്റു, കളി മാറി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോധ്റ സീറ്റില്‍ വഗേല പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി. വിഎച്ച്പിയാണ് വഗേലയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയത്. പുതിയ സംഭവങ്ങളോടെ സുരേഷ് മേത്തയുമായി വഗേല അകന്നു. മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വഗേല വിഭാഗക്കാരായ മന്ത്രിമാരെ സുരേഷ് മേത്ത പുറത്താക്കി. വഗേല ശക്തമായി തിരിച്ചടിച്ചു.

ബിജെപിയിലെ 46 എംഎല്‍എമാര്‍ വഗേലയുടെ നേതൃത്വത്തില്‍ കൂറുമാറി മഹാ ഗുജറാത്ത് ജനതാപാര്‍ട്ടി രൂപീകരിച്ചു. സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി സുരേഷ് മേത്ത നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു. സ്പീക്കര്‍ ഹരീഷ് പട്ടേല്‍ രോഗശയ്യയിലായതിനാല്‍ െപ്യൂട്ടി സ്പീക്കര്‍ ചന്ദുഭായ് ധാബിക്കായിരുന്നു ചുമതല. 46 എംഎല്‍എമാര്‍ ഭരണകക്ഷിയില്‍നിന്ന് വിട്ടുപോയതിനെ ഒരു പിളര്‍പ്പായി അംഗീകരിച്ച സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു.

ബിജെപി വലിയ പ്രതിഷേധം നടത്തി. അന്ന് ദേവെഗൗഡയാണ് പ്രധാനമന്ത്രി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണറായ വാജുഭായി വാല. ബിജെപി തങ്ങളുടെ എംഎല്‍എമാരെ രാഷ്ട്രപതിക്കു മുന്‍പാകെ ‘പരേഡ്’ ചെയ്യിപ്പിച്ചു. പ്രധാനമന്ത്രി ദേവെഗൗഡയെ കണ്ടു ഭൂരിപക്ഷം വ്യക്തമാക്കി. ഇതിനിടെ സ്പീക്കര്‍ മരിച്ചത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. വീണ്ടും നിയമസഭ ചേര്‍ന്നപ്പോള്‍ സ്പീക്കറുടെ നിര്യാണത്തില്‍ അനുശോചനംപോലും രേഖപ്പെടുത്താതെ സുരേഷ് മേത്ത വിശ്വാസവോട്ട് തേടി.

∙ കേന്ദ്രം ഇടപെടുന്നു, ഗുജറാത്തില്‍ രാഷ്ട്രപതി ഭരണം

Gujarat Assembly dismissed ഗുജറാത്ത് മന്ത്രിസഭയെ പുറത്താക്കിയ വാർത്തയുമായി പുറത്തിറങ്ങിയ മനോരമ പത്രം

നിയമസഭയില്‍ വലിയ പ്രതിഷേധമാണുണ്ടായത്. സഭയില്‍നിന്ന് പ്രതിപക്ഷ അംഗങ്ങളെ മുഴുവന്‍ ബലം പ്രയോഗിച്ചു മാറ്റി. അക്രമങ്ങളില്‍ നിരവധി എംഎല്‍എമാര്‍ക്ക് പരുക്കേറ്റു. ഗവര്‍ണര്‍ കൃഷ്ണപാല്‍ സിങ് കേന്ദ്രത്തിനയച്ച റിപ്പോര്‍ട്ടോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. സംസ്ഥാനത്ത് ഭരണ സംവിധാനം തകര്‍ന്നെന്നും ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ സുരേഷ് മേത്ത വിശ്വാസ വോട്ടു നേടിയതിനെയും ഗവര്‍ണര്‍ ചോദ്യം ചെയ്തു. 180 അംഗങ്ങളുള്ള സഭയില്‍ ശബ്ദവോട്ടുവഴി നേടിയ വിശ്വാസ വോട്ടിനു തെളിവൊന്നുമില്ലെന്നായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ദ്രജിത്ത് ഗുപ്തയും ഇതേ പക്ഷക്കാരനായിരുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ദേവഗൗഡയുടെ വസതിയില്‍ േചര്‍ന്ന യോഗം ഗുജറാത്ത് മന്ത്രിസഭയെ സസ്പെന്‍ഡ് ചെയ്തു ആറു മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്നു പ്രധാനമന്ത്രി ദേവെഗൗഡ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയെ കണ്ടു ഗുജറാത്തിലെ കാര്യങ്ങള്‍ വിശദമാക്കി. ബിജെപി ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

രാഷ്ട്രപതി ഭരണം പിന്‍വലിച്ചപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി മഹാ ഗുജറാത്ത് ജനതാപാര്‍ട്ടി നേതാവ് ശങ്കര്‍ സിങ് വഗേല അധികാരമേറ്റു. സ്പീക്കര്‍ ഗോമന്‍ സിങ് വഗേല പ്രമേയം വോട്ടിനിട്ടപ്പോള്‍ ബിജെപി എംഎല്‍എമാരുടെ അസാന്നിധ്യത്തില്‍ 102 വോട്ടിന് പ്രമേയം പാസായി. 181 അംഗ നിയമസഭയില്‍ എംജെപിക്ക് 44 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പ്രമേയത്തെ 45 കോണ്‍ഗ്രസ് അംഗങ്ങളും 13 സ്വതന്ത്രന്‍മാരും പിന്തുണച്ചു. ബിജെപിക്ക് 76 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നു സ്വതന്ത്രമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

സൗമ്യനെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ കര്‍ശക്കാരനും തികഞ്ഞ പാര്‍ട്ടി അനുഭാവിയുമായാണ് വാജുഭായി വാല വിശേഷിപ്പിക്കപ്പെടുന്നത്. മോദിക്ക് മത്സരിക്കാന്‍ സ്വന്തം മണ്ഡലം ഒഴിഞ്ഞു കൊടുത്തയാള്‍. മൂന്നു തവണ ബിജെപി സംസ്ഥാന അധ്യക്ഷനായിട്ടുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് , താന്‍ ബിജെപി പ്രസിഡന്റായിരിക്കേ ദേവെഗൗഡ പണ്ടു ചെയ്ത രാഷ്ട്രീയ തിരിച്ചടിക്ക് പകരം വീട്ടാതിരിക്കാനാകുമോ? ശങ്കര്‍സിങ് വഗേലയെ പിന്തുണച്ച കോണ്‍ഗ്രസിനോട് ക്ഷമിക്കാനാകുമോ? ഇല്ലെന്നാണ് കര്‍ണാടകയുടെ രാഷ്ട്രീയ ചിത്രം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.