Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി: രമേശ് ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം∙ ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുക വഴി കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണു ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെപ്പോലെയാണു കര്‍ണാടകത്തില്‍ ഗവര്‍ണര്‍ പെരുമാറിയത്. കോണ്‍ഗ്രസ് - ജനതാദള്‍ എസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നു ബോധ്യമായിട്ടും യെഡിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചതോടെ ഭരണഘടനയുടെ അന്തസത്തയെ തന്നെ തകര്‍ക്കുകയാണു ചെയ്തത്.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിനു കാര്‍മികത്വം വഹിക്കുന്ന ജോലിയല്ല ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ക്കുള്ളത്. യെഡിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കുക വഴി എല്ലാ ജനാധിപത്യ - ഭരണഘടനാ കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തുകയാണ് അദ്ദേഹം ചെയ്തത്. എംഎല്‍എമാരുടെ എണ്ണത്തിലും വോട്ടിങ് ശതമാനത്തിലും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യമാണു മുന്നില്‍.

ഗോവയിലും മണിപ്പൂരിലും കോടികള്‍ വാരിയെറിഞ്ഞു കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ച അതേ മാതൃകയില്‍ കര്‍ണാടകയില്‍ ഭരണം പിടിക്കാനാണു ബിജെപി ശ്രമം. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ ഗവര്‍ണറുടെ സഹായത്തോടെ പുറത്തുനിര്‍ത്താനുള്ള ശ്രമം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. ഭരണഘടനയെ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ തന്നെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണു ചെയ്യുന്നത്. കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറുകയാണിവിടെ. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയില്ലാതെ, ഗവര്‍ണറുടെ പിന്തുണ കൊണ്ടു മാത്രം സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പയുടെ സര്‍ക്കാര്‍ അല്‍പ്പായുസായിരിക്കുമെന്നും കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തിലേറാന്‍ ഇനി അധികം താമസമില്ലന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.