Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിഎസ്–കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരു വിട്ടു; ‌പുതുച്ചേരിയിലേക്കെന്ന് എച്ച്.ഡി. കുമാരസ്വാമി

Karnataka കോൺഗ്രസ് എംഎൽഎമാരെയും വഹിച്ചുള്ള വാഹനം റിസോർട്ടിനു പുറത്തേക്കു വരുന്നു.ചിത്രം: എഎൻഐ ട്വിറ്റർ

ബെംഗളുരു∙ രാഷ്ട്രീയനാടകീയതയുടെ അലയൊലികൾ കർണാടകയിൽ അടങ്ങുന്നില്ല. ബെംഗളുരുവിൽ എംഎൽഎമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്–ജെഡിഎസ് നേതൃത്വം എംഎൽഎമാരെ നഗരത്തിൽ നിന്നു മാറ്റി. രാത്രി വൈകി ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിൽ നിന്നു രണ്ടു ബസുകളിലാണ് പുറത്തേക്കു കൊണ്ടുപോയത്. എംഎൽഎമാരെ കൊച്ചിയിലേക്കോ പുതുച്ചേരിയിലേക്കോ മാറ്റുമെന്നാണ് സൂചന വന്നിരുന്നതെങ്കിലും എംഎൽഎമാരെ പുതുച്ചേരിയിലേക്കാണ് മാറ്റുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. സുപ്രീംകോടതി വിധിയെക്കുറിച്ച് ആശങ്കയില്ലെന്നും സഭയുടെ നടുത്തളത്തിൽ തെളിയിക്കുന്ന ശക്തിയിലാണ് കാര്യമെന്നും ബെംഗളൂരുവിൽ നിന്ന് എംഎൽഎമാർ പുറപ്പെടുന്നതിനു മുൻപ് എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോടു വ്യക്തമാക്കി. കേന്ദ്രസർക്കാർ ഭരണം ദുരുപയോഗം ചെയ്യുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. എംഎൽഎമാരിൽ പലരേയും പിന്തുണ തേടി ബിജെപിക്കാർ സമീപിച്ചു. ഭരണം ദുരുപയോഗം ചെയ്യുന്നതിൽ ബിജെപി മിടുക്കു കാട്ടുകയാണ്. ബെംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ ടേക് ഓഫ് ചെയ്യുന്നതിലും ലാൻഡ് ചെയ്യുന്നതിൽ പോലും കേന്ദ്രസർക്കാർ നേരിട്ട്  ഇടപെടുന്നു. ഇതുകാരണമാണ് എംഎൽഎമാരെ ബസിൽ കൊണ്ടുപോകുന്നത്. എംഎൽഎമാരെ പുതുച്ചേരിയിലേക്കാണ് കൊണ്ടു പോകുന്നതെന്നും അവിടെ കോൺഗ്രസ് ഭരിക്കുന്നതാണ് ഈ തീരുമാനത്തിനു പിന്നിലെന്നും കുമാരസ്വാമി സൂചിപ്പിച്ചു.

നേരത്തെ കോൺഗ്രസ് എംഎൽഎമാരെ റോഡുമാർഗം കൊച്ചിയിലേക്കു കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. എംഎൽഎമാരെ കേരളത്തിൽ സുരക്ഷിതമായി നിർത്താനുളള സാഹചര്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജെഡിഎസ് തലവൻ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി. കർണാടക എംഎൽഎമാരെ കേരളത്തിലേക്കു സ്വാഗതം ചെയ്യുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു. സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധർണ നടത്താന്‍ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തേ എംഎൽഎമാർ താമസിച്ചിരുന്ന റിസോർട്ടിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സർക്കാർ തിരികെ വിളിച്ചിരുന്നു. അതിനിടെ കർണാടകയിൽ നാലു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവും പുറത്തിറങ്ങി.

കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദമായി അറിയാം

ബുധനാഴ്ച സംഭവിച്ചത്കോൺഗ്രസിന് തിരിച്ചടി; യെഡിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീംകോടതി

ചൊവ്വാഴ്ച സംഭവിച്ചത്അവകാശം ഉന്നയിച്ച് ഇരുപക്ഷവും; കർണാടകയിൽ ഗവർണറാണ് ‘കിങ് മേക്കർ’

LIVE UPDATES
SHOW MORE
related stories