Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണി, കടത്ത്: കുതിരക്കച്ചവട തെളിവുമായി മോദിക്കെതിരെ കുമാരസ്വാമി

hd-kumaraswamy എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ.

ബെംഗളൂരു∙ യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ എന്‍ഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തിയെന്നു കുമാരസ്വാമി ബെംഗളൂരുവില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്ന് കുമാരസ്വാമി തുറന്നടിച്ചു.

ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തിൽ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കര്‍ണാടകയില്‍ നടന്നതു ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് എ.കെ. ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു. തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന വാഗ്ദാനം ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ പദവിയെ ഇത്രമാത്രം ദുരുപയോഗിച്ചത് ഇതാദ്യമാണെന്നും അധികാരവിനിയോഗത്തെ നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി പുറത്തുവന്നു. ബിജെപിയുടേതു പൊള്ളയായ വിജയമെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് അമിത് ഷായെ രോഷം കൊള്ളിച്ചത്. കോണ്‍ഗ്രസിന്റേതു അവസരവാദരാഷ്ട്രീയമെന്നാണ് അമിത് ഷാ കുറ്റപ്പെടുത്തിയത്.

അതേസമയം, രാജ്ഭവനുമുന്നില്‍ കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

related stories