Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണം: പല കേസുകളിലും സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി∙ ഒരു സർക്കാരിനു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എത്ര ദിവസത്തെ സമയം നൽകാമെന്നതു രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും വിവേചനാധികാരമാണെങ്കിലും എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണം എന്നാണു സുപ്രീംകോടതി മുമ്പു പല കേസുകളിലും പറഞ്ഞിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഗോവയുടെ കാര്യത്തിൽ സുപ്രീംകോടതി നാലു ദിവസത്തെ സമയമേ നൽകിയുള്ളൂ. ‌

എന്നാൽ കേന്ദ്രത്തിൽ രാഷ്ട്രപതിമാർ ഒരു മാസത്തെ സമയം കൊടുത്തിട്ടുണ്ട്. 15 ദിവസത്തെ സമയവും ഏഴു ദിവസത്തെ സമയവും വെറും രണ്ടു ദിവസത്തെ സമയവും അനുവദിച്ച ചരിത്രവുമുണ്ട്. എന്നാൽ അടുത്തകാലത്തു കണ്ടു വരുന്ന പ്രവണത എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുക എന്നതാണ്.

1996ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. അന്നു രാഷ്ട്രപതി ശങ്കർ ദയാൽ ശർമ അടൽ ബിഹാരി വാജ്പേയിയെ മന്ത്രിസഭ രൂപവൽക്കരിക്കാൻ ക്ഷണിച്ചു. ഒപ്പം 15 ദിവസത്തിനുള്ളിൽ ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടു. അന്ന് മേയ് 16നാണ് വാജ്പേയി സത്യപ്രതിജ്ഞ ചെയ്തത്. മേയ് 31 വരെ സമയം ഉണ്ടായിരുന്നുവെങ്കിലും 13 ദിവസം കഴിഞ്ഞപ്പോൾ വാജ്പേയി സഭയിൽ ഭൂരിപക്ഷം ഇല്ലെന്നു കണ്ടു വോട്ടെടുപ്പിനു നിൽക്കാതെ രാജിവച്ചു. ‌‌

ഇതേ വാജ്പേയിക്ക് 1998ൽ സത്യപ്രതിജ്ഞ ചെയ്തശേഷം ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസത്തെ സമയമാണ് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ നൽകിയത്.

ചരൺ സിങ്ങിന് ഒരു മാസം സമയം നൽകിയിരുന്നുവെങ്കിലും അദ്ദേഹം ലോക്സഭയെ നേരിടാതെ രാജിവച്ചു. വി.പി. സിങ്ങിന് ഒരു മാസവും പി.വി. നരസിംഹറാവുവിന് ഒരു മാസവും സമയം രാഷ്ട്രപതിമാർ നൽകിയിരുന്നു. എന്നാൽ െഎ.കെ. ഗുജ്റാളിനു വെറും രണ്ടു ദിവസത്തെ സമയമേ രാഷ്ട്രപതി നൽകിയുള്ളൂ – ഗുജ്റാൾ 1997 ഏപ്രിൽ 21ന് പ്രധാനമന്ത്രിയായി, 23ന് ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വന്നു.

എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് ഒരാഴ്ച സമയമേ ലഭിച്ചുള്ളൂ – 1997ൽ മാർച്ച് 31ന് ആയിരുന്നു സത്യപ്രതിജ്ഞ, ഭൂരിപക്ഷം തെളിയിക്കാൻ അവസാന ദിവസം നൽകിയത് മാർച്ച് ഏഴും.

കഴിഞ്ഞ വർഷം ഗോവയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ ബിജെപി സഖ്യകക്ഷികളുമായിച്ചേർന്നു മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ മൃദുലാ സിൻഹയ്ക്കു കത്തു നൽകി. തുടർന്നു മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലെത്തി. 2017 മാർച്ച് 12നായിരുന്നു പരീക്കറെ നിയമിച്ചത്. 16ാം തീയതി തന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് അന്ന് ജസ്റ്റിസ് ജെ.എസ്. കേഹാർ, രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ.കെ. അഗർവാൾ എന്നിവർ വിധിച്ചത്.

ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും സമാന സ്ഥിതി വന്നപ്പോഴും എത്രയും വേഗം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം എന്നാണു സുപ്രീംകോടതി ഉത്തരവിട്ടത്.  

related stories