Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 മിനിറ്റ് വൈകിയ സർക്കാർ ഉദ്യോഗസ്ഥർക്ക് ‘സിറ്റ് അപ്സ് ശിക്ഷ’; വിവാദം

Representative Image Representative Image

ഭുവനേശ്വർ∙ യോഗത്തിലേക്കു വൈകിയെത്തിയ ഉദ്യോഗസ്ഥർക്ക് ‘സിറ്റ് അപ്സ്’ ശിക്ഷ നൽകി മുതിർന്ന ഉദ്യോഗസ്ഥൻ. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലെ രാജ്നഗറിലാണു സംഭവം. ശിക്ഷിക്കപ്പെട്ടവർ ജില്ലാ കലക്ടർക്കു രേഖാമൂലം പരാതി നൽകി. റവന്യു ഇൻസ്പെക്ടർമാർക്കാണ് ‘ശിക്ഷ’ ലഭിച്ചത്.

അഡിഷനൽ ജില്ലാ മജിസ്ട്രേറ്റ് ബസന്ത് കുമാർ രാവിലെ 9.30ന് റവന്യു സർക്കിളുകളുടെ അവലോകന യോഗം വിളിച്ചിരുന്നു. റിഗ്ഗദ, ഗുപ്തി സർക്കിളുകളിലെ ഇൻസ്പെക്ടർമാർ 15 മിനുറ്റ് വൈകിയാണ് എത്തിയത്. രോഷാകുലനായ എഡിഎം മറ്റു ഉദ്യോഗസ്ഥരുടെ മുൻപിൽവച്ച് ഇരുവരോടും സിറ്റ് അപ് ( ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന വ്യായാമം) എടുക്കാൻ ഉത്തരവിടുകയായിരുന്നു.

സംഭവം നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നു കലക്ടർ ജി.രഘു പറഞ്ഞു. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാകാൻ പാടില്ലായിരുന്നു. അദ്ദേഹം നിരുപാധികം മാപ്പു പറയണമെന്നും കലക്ടർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ബസന്ത് കുമാറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

‘ലജ്ജാകരമായ അനുഭവമായിരുന്നു അത്. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല’– ഗുപ്തി റവന്യു ഇൻസ്പെക്ടർ കരുണാകർ മല്ലിക്ക് പറഞ്ഞു. ‘നിർഭാഗ്യകരമായ സംഭവമാണിത്. വൈകിയുള്ള വരവ് ഇങ്ങനെ ശിക്ഷ കൊടുക്കാനുള്ള പ്രവൃത്തിയല്ല. കൃത്യനിഷ്ഠ പഠിപ്പിക്കാൻ അവർ കുട്ടികളല്ലെന്ന് ഓർക്കണം’– ഓൾ ഒഡിഷ റവന്യു ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ദുഖിശ്യാം പാണ്ഡ പറഞ്ഞു.